സൗദി ദേശീയ ദിനം: സന്ദർശകരുടെ ഒഴുക്ക് പ്രതീക്ഷിച്ച് ബഹ്റൈനിൽ ഒരുക്കങ്ങൾ
Mail This Article
മനാമ ∙ സൗദി അറേബ്യയുടെ 94-ാമത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ബഹ്‌റൈനിലേക്ക് വൻതോതിലുള്ള സന്ദർശകരുടെ വരവ് പ്രതീക്ഷിക്കപ്പെടുന്നു. ഇതിനോടനുബന്ധിച്ച് ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻസ് അതോറിറ്റി (ബിടിഇഎ) "ഡിലൈറ്റഡ് ടു സീയു" എന്ന ക്യാംപെയ്ൻ ആരംഭിച്ചു.
സൗദി പൗരന്മാരെയും ജിസിസി രാജ്യങ്ങളിലെ സന്ദർശകരെയും സ്വാഗതം ചെയ്യുന്നതിനായി വൈവിധ്യമാർന്ന വിനോദസഞ്ചാര, വിനോദ, സാംസ്കാരിക പരിപാടികളാണ് ഈ ക്യാംപെയ്നിൽ ഒരുക്കിയിരിക്കുന്നത്. സാംസ്‌കാരിക പ്രകടനങ്ങൾ, കുടുംബ വിനോദങ്ങൾ, ചരിത്രപരമായ ടൂറുകൾ, ജലമേളകൾ എന്നിവയുൾപ്പെടെ വിവിധ പരിപാടികൾ ക്യാംപെയ്നിൽ അവതരിപ്പിക്കും. സൗദി അറേബ്യയിൽ നിന്നും ഗൾഫിൽ നിന്നുമുള്ള സന്ദർശകർക്ക് പ്രത്യേക ടൂറിസം പാക്കേജുകളും ഓഫറുകളും നൽകിയിട്ടുണ്ട്.
ബഹ്‌റൈൻ ഇന്‍റർനാഷനൽ എയർപോർട്ട്, കിങ് ഫഹദ് കോസ്‌വേ, ഹോട്ടലുകൾ, റിസോർട്ടുകൾ എന്നിവടങ്ങളിൽ ആകർഷകമായ പോസ്റ്ററുകളും ഡിസൈനുകളും പ്രദർശിപ്പിച്ചിട്ടുണ്ട്. സൗദി അറേബ്യയിൽ നിന്നുള്ള സഹോദരീസഹോദരന്മാരുമായി ഈ അവസരം ആഘോഷിക്കാനുള്ള താൽപ്പര്യമാണ് ഈ ക്യാംപെയ്നിന് പിന്നിൽ എന്ന് ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻസ് അതോറിറ്റിയുടെ സിഇഒ സാറാ ബുഹിജി പറഞ്ഞു.
സൗദി സന്ദർശനം അനുഭവമാക്കുന്നതിനായി, ഡെസ്റ്റിനേഷൻ മാനേജ്‌മെന്‍റ് കമ്പനികൾ, ഹോട്ടലുകൾ, റിസോർട്ടുകൾ തുടങ്ങിയ സ്വകാര്യ മേഖലയിലെ പങ്കാളികളുമായി സഹകരിച്ച് ബിടിഇഎ ടൂറിസം പാക്കേജുകളുടെയും ഓഫറുകളുടെയും ഒരു നിര തന്നെ പുറത്തിറക്കിയിട്ടുണ്ട്. 50-ലധികം ടൂറിസം പാക്കേജുകൾ, ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയർ വഴിയുള്ള എക്സ്ക്ലൂസീവ് ട്രാവൽ പാക്കേജുകൾ, മറ്റ് ആനുകൂല്യങ്ങളും ഇതിൽ ഉൾപ്പെടുന്നു.