സൗദിയിലെ രണ്ടു പ്രദേശങ്ങൾ യുനെസ്കോയുടെ ആഗോള ജിയോപാർക്കുകളുടെ ഗണത്തിൽ ഇടംപിടിച്ചു
Mail This Article
റിയാദ് ∙ സൗദി അറേബ്യയിലെ രണ്ടു പ്രദേശങ്ങൾ യുനെസ്കോയുടെ ആഗോള ജിയോപാർക്കുകളുടെ ഗണത്തിൽ ഇടം പിടിച്ചു. 'നോർത്ത് റിയാദ് ജിയോപാർക്ക്', 'സൽമ ജിയോപാർക്ക്' എന്നീ പ്രദേശങ്ങളുടെ നാമനിർദ്ദേശങ്ങൾ യുനെസ്കോ ഗ്ലോബൽ ജിയോപാർക്ക് പ്രോഗ്രാം കോ-ഓർഡിനേഷൻ കൗൺസിൽ അംഗീകരിച്ചു. ഇക്കാര്യം ദേശീയ ഹരിതമേഖല വികസനത്തിനും മരുഭൂവത്കരണ പ്രതിരോധത്തിനുമുള്ള സൗദി നാഷനൽ കമ്മീഷൻ ഫോർ എജ്യൂക്കേഷൻ, കൾച്ചർ ആൻഡ് സയൻസുമാണ് അറിയിച്ചത്
സെപ്റ്റംബർ 8, 9 തീയതികളിൽ വിയറ്റ്നാമിൽ നടന്ന കൗൺസിലിന്‍റെ ഒൻപതാമത് യോഗത്തിലാണ് ഭൂമിശാസ്ത്രപരമായ പൈതൃകം സംരക്ഷിക്കുന്നതിലും സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിലും രാജ്യത്തിന്‍റെ പങ്ക് വർധിപ്പിക്കുന്ന നടപടിയായി പ്രഖ്യാപനം വന്നത്. ഈ നാമനിർദ്ദേശം വലിയ ഭൂമിശാസ്ത്രപരമായ പ്രാധാന്യമുള്ള ഈ സൈറ്റുകളുടെ രാജ്യാന്തര അംഗീകാരത്തിലേക്കുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ്. കൂടാതെ ആഗോള പ്രാധാന്യമുള്ള ഭൂമിശാസ്ത്രപരമായ സൈറ്റുകൾ സംരക്ഷിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള സൗദിയുടെ ശ്രമങ്ങളെ അഭിനന്ദിക്കുന്നു. ഇത് പരിസ്ഥിതി സംരക്ഷണവും സുസ്ഥിരവുമായ വികസന മേഖലകളിൽ രാജ്യാന്തര തലത്തിൽ രാജ്യത്തിന്‍റെ സ്ഥാനം വർധിപ്പിക്കുന്നു.
2025 മാർച്ചിൽ യോഗം ചേരുമെന്ന് പ്രതീക്ഷിക്കുന്ന യുനെസ്കോ ജനറൽ കോൺഫറൻസിലെ അന്തിമ പ്രഖ്യാപനത്തെത്തുടർന്ന് സൗദി അറേബ്യ ആദ്യമായി യുനെസ്കോ ഗ്ലോബൽ ജിയോപാർക്സ് ശൃംഖലയിൽ ചേരും. പരിസ്ഥിതി സംരക്ഷണത്തിനും അതുല്യമായ സസ്യസംരക്ഷണത്തിനും വേണ്ടി നടത്തിയ പരിശ്രമങ്ങളുടെ പരിസമാപ്തിയായ ഈ മഹത്തായ നേട്ടത്തിൽ അഭിമാനം പ്രകടിപ്പിച്ചു.
രാജ്യത്തിന്‍റെ, ജിയോളജിക്കൽ പാർക്കുകൾ എന്ന ആശയത്തിലൂടെ, സുസ്ഥിര വികസനത്തിനായുള്ള 2030 പ്രോഗ്രാമിന്‍റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് നേരിട്ട് സംഭാവന ചെയ്യുകയാണ് ഈ നേട്ടം.