കുവൈത്തില്‍ അറബിക് സ്കൂളുകൾ തുറന്നു
Mail This Article
കുവൈത്ത് സിറ്റി ∙ കുവൈത്തില്‍ അറബിക് സ്‌കൂളുകളില്‍ 2023-24 അക്കാദമിക് വര്‍ഷത്തിന് ഇന്ന് മുതല്‍ തുടക്കമായി. അഞ്ച് ലക്ഷം വിദ്യാര്‍ഥി-വിദ്യാര്‍ഥിനികളാണ് ഇന്ന് മുതല്‍ സ്‌കൂളുകളിലേക്ക് മടങ്ങുന്നത്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 419,208, സ്വകാര്യ അറബ് സ്‌കൂളുകളില്‍ 85,351 ഉം ഉള്‍പ്പെടെ 504,559 വിദ്യാര്‍ഥികളാണ് ക്ലാസ് മുറികളിലേക്ക് മടങ്ങി എത്തുന്നത്.
തിങ്കളാഴ്ച ഫസ്റ്റ് ഗ്രേഡ് വിദ്യാര്‍ഥികളുടെ ക്ലാസാണ് ആരംഭിക്കുന്നത്. എലിമെന്ററി, ഇന്റര്‍മീഡിയറ്റ്, സെക്കന്‍ഡറി സ്‌കൂളുകളിലെ വിദ്യാര്‍ഥികളുടെ ക്ലാസുകള്‍ ചൊവ്വാഴ്ചയും കിന്റര്‍ഗാര്‍ട്ടന്‍ വിദ്യാര്‍ഥികള്‍ക്ക് അധ്യയന വര്‍ഷം ബുധനാഴ്ച ആരംഭിക്കും. വിദ്യാര്‍ഥികള്‍ക്കെപ്പം,10,5000 അധ്യാപക-അനധ്യാപക ജീവനക്കാരും സ്‌കൂളുകളിലേക്ക് പോകുന്നുണ്ട്.
മുന്നൊരുക്കങ്ങളുടെ ഭാഗമായി ആഭ്യന്തര മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം, ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ സെന്റര്‍ എന്നിവയുടെ സഹകരണത്തോടെയുള്ള നിരവധി കാമ്പ്യയിനുകള്‍ നടത്തിയിരുന്നു.
വിദ്യാര്‍ഥികളുടെയും റോഡ് ഉപയോഗിക്കുന്നവരുടെയും സുരക്ഷയും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും ആഭ്യന്തര മന്ത്രാലയത്തിന്റെ ബന്ധപ്പെട്ട മേഖലകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിനായി ഹൈവേ-ഇടറോഡുകളില്‍ പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് സ്‌കൂളുകള്‍ക്കും അവയുടെ പ്രവേശന വഴികള്‍ക്കും ചുറ്റും. ഗതാഗത നിയമങ്ങളള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികളും മന്ത്രാലയം സ്വീകരിക്കും. പുതിയ അധ്യയന വര്‍ഷത്തിലേക്ക് വിദ്യാര്‍ഥികളെ മാനസികമായി സജ്ജരാക്കുകയും പ്രചോദിപ്പിക്കുന്നതിനുമായി ആഭ്യന്തര മന്ത്രാലയവും പ്രത്യേക ക്യാംപെയ്ൻ ഷോപ്പിങ് മാളുകള്‍ അടക്കമുള്ള സ്ഥലങ്ങളില്‍ സംഘടിപ്പിച്ചിരുന്നു.