ദുബായിൽ കടലിൽ വീണ കാർ കരയ്ക്കെത്തിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് സാഹസികമായി
Mail This Article
ദുബായ്∙ അൽ ജദ്ദാഫ് ഏരിയയിൽ ഡോക്ക് സൈഡിൽ കടലിൽ വീണ് മുങ്ങിയ കാർ തുറമുഖ പൊലീസ് മറൈൻ റെസ്‌ക്യൂ ഡിവിഷനിലെ മുങ്ങൽ വിദഗ്ധർ കരയ്ക്കെത്തിച്ചു. സംഭവത്തിൽ ഡ്രൈവറും യാത്രക്കാരുമായ രണ്ട് യുവാക്കൾ രക്ഷപ്പെട്ടതായി റിപോർട്ടുണ്ട്. ഉല്ലാസ ബോട്ടുമായി കൂട്ടിയിടിച്ചതിനെത്തുടർന്ന് തകർന്ന കാറിന്‍റെ വിൻഡ്ഷീൽഡിലൂടെയാണ് ഇവർ രക്ഷപ്പെട്ടത്.
ജനറൽ ഡിപാർട്ട്‌മെന്‍റ് ഓഫ് ഓപറേഷൻസിലെ കമാൻഡ് ആൻഡ് കൺട്രോൾ സെന്‍ററിന് ഉച്ചയ്ക്ക് 2.20ന് കാർ ഉല്ലാസബോട്ടിൽ ഇടിച്ച് വെള്ളത്തിൽ വീണതിനെക്കുറിച്ച് റിപ്പോർട്ട് ലഭിച്ചതായി തുറമുഖ പൊലീസ് സ്റ്റേഷൻ ഡപ്യൂട്ടി ഡയറക്ടർ കേണൽ അലി അബ്ദുല്ല അൽ നഖ്ബി പറഞ്ഞു.
അൽ ജദ്ദാഫ് പ്രദേശത്തെ കടവിൽ നിന്ന് കാർ തെന്നി വെള്ളത്തിലേയ്ക്ക് മറിയുകയും പാർക്ക് ചെയ്തിരുന്ന ബോട്ടിൽ ഇടിക്കുകയുമായിരുന്നു. ഇതിന്‍റെ ആഘാതത്തിൽ കാർ കടലിന്‍റെ അടിയിലേക്ക് താണുപോയി. ഇന്ന്(16) പുറത്തിറക്കിയ വിഡിയോയിൽ കുറേ ഉദ്യോഗസ്ഥരും മറൈൻ റെസ്ക്യൂ ഡൈവർമാരും അപകടസ്ഥലത്ത് വാഹനം പുറത്തെടുക്കുന്നത് കാണാം. കാറിലുണ്ടായിരുന്നവരെക്കുറിച്ചോ മറ്റോ കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
∙ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണം
മറൈൻ റെസ്‌ക്യൂ പട്രോളിങ്, മാരിടൈം സെക്യൂരിറ്റി യൂണിറ്റുകൾ, ലോക്കൽ ഏരിയ പട്രോളിങ് എന്നിവ ഉടൻ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയതായി മറൈൻ റെസ്‌ക്യൂ ഡിവിഷൻ തലവൻ ക്യാപ്റ്റൻ അബ്ദുൾ റഹ്‌മാൻ ബുർഗുയിബ പറഞ്ഞു. രണ്ട് യുവാക്കൾ കാറിൽ നിന്ന് രക്ഷപ്പെട്ടതായും അവരുടെ സുരക്ഷ ഉറപ്പാക്കയതായും മറ്റാരെയും ഉള്ളിൽ കണ്ടെത്താനായില്ലെന്നും വ്യക്തമാക്കി. വെള്ള നിറമുള്ള സെഡാൻ കാറാണ് വെള്ളത്തിൽ വീണത്.
വാഹനമോടിക്കുന്നവരോട് അവരുടെ വാഹനങ്ങളുടെ പ്രവർത്തനക്ഷമത പതിവായി പരിശോധിക്കാൻ അഭ്യർഥിച്ചു. വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കുക, എല്ലാ സുരക്ഷാ മുൻകരുതലുകളും ഉറപ്പുവരുത്തുക. കൂടാതെ, ട്രാഫിക് നിയമങ്ങളും നിയന്ത്രണങ്ങളും കർശനമായി പാലിക്കുകയും വേണം. വേഗപരിധി പിന്തുടരുന്നത് ഉൾപ്പെടെയുള്ള ജാഗ്രതയെക്കുറിച്ചും അദ്ദേഹം കൂട്ടിച്ചേർത്തു
അടിയന്തര സാഹചര്യങ്ങൾക്കായി ജനറൽ ഡിപാർട്ട്‌മെന്‍റ് ഓഫ് ഓപറേഷൻസിലെ കമാൻഡ് ആൻഡ് കൺട്രോൾ സെന്‍ററുമായി 999 എന്ന നമ്പരിലും അല്ലാത്ത സന്ദർഭങ്ങളിൽ 901 എന്ന നമ്പറിലും ബന്ധപ്പെടണം. കൂടാതെ, 'സെയിൽ സെയ്ഫലി' സേവനം പ്രയോജനപ്പെടുത്താനും ആഹ്വാനം ചെയ്തു.