സംശുദ്ധ ഊർജ ഉൽപാദന മേഖലയിൽ യുഎഇയ്ക്ക് നിക്ഷേപ കുതിപ്പ്
Mail This Article
അബുദാബി ∙ സംശുദ്ധ ഊർജ ഉൽപാദന മേഖലയിൽ യുഎഇയ്ക്ക് നിക്ഷേപ കുതിപ്പ്. 4500 കോടി ദിർഹമാണ് ഈ രംഗത്തെ നിക്ഷേപം. 2030ഓടെ 32% നിക്ഷേപമെന്ന ലക്ഷ്യത്തിൽ ഇതിനകം 28 ശതമാനത്തിലേറെ കൈവരിച്ചു. മൊത്തം ഊർജ ഉൽപാദനത്തിന്റെ സംഭാവന വർധിപ്പിക്കുന്നതിൽ യുഎഇ ഗണ്യമായ പുരോഗതി കൈവരിച്ചതായി ഊർജ, അടിസ്ഥാന സൗകര്യവികസന മന്ത്രി സുഹൈൽ ബിൻ മുഹമ്മദ് അൽ മസ്റൂയി പറഞ്ഞു. ഇന്നലെ അബുദാബിയിൽ ആരംഭിച്ച വേൾഡ് യൂട്ടിലിറ്റീസ് കോൺഗ്രസ് 2024നോടനബന്ധിച്ചാണ് ഇക്കാര്യം പറഞ്ഞത്.
2019 മുതൽ 2022 വരെ പുനരുപയോഗ ഊർജ ശേഷി യുഎഇ ഇരട്ടിയാക്കി. യുഎൻ കാലാവസ്ഥ ഉച്ചകോടിയിലെ (കോപ്28) സമവായം അനുസരിച്ച് രാജ്യത്തിന്റെ ഊർജ പരിവർത്തന ശേഷി 6 വർഷത്തിനകം മൂന്നിരട്ടിയാക്കുമെന്നും പറഞ്ഞു. 2023ൽ പുനരുപയോഗ ഊർജ ശേഷിയിൽ യുഎഇ 70 ശതമാനം വളർച്ച കൈവരിച്ച് 6.1 ജിഗാവാട്ടിൽ എത്തിയിരുന്നു. ഇത് പുനരുപയോഗ ഊർജ മേഖലയിലേക്കു നിക്ഷേപ ഒഴുക്കിന് കാരണമായി.
മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോളർ പാർക്കിന്റെ (1.8 ജിഗാവാട്ട്) ആറാം ഘട്ടം, മാലിന്യത്തിൽനിന്ന് ഊർജം ഉൽപാദിപ്പിക്കുന്നതിന്റെ രണ്ട് ഘട്ടങ്ങൾ (അൽ അജ്ബാൻ, അൽ ഖസ്‌ന 1.5 ജിഗാ വാട്ട് വീതം), ഹത്തയിലെ ജലവൈദ്യുതി നിലയം, അബുദാബി അൽദഫ്രയിലെ ഷംസ് സൗരോർജ, നൂർ അബുദാബി, ബറാക്ക ആണവോർജ പ്ലാന്റ്, ഷാർജയിലെ സൗരോർജ പദ്ധതി തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സംശുദ്ധ ഊർജ പദ്ധതികൾ പുരോഗമിക്കുന്നു. ഊർജ, ജലസുരക്ഷ വെല്ലുവിളികൾ നേരിടുന്നതിന് കൂടുതൽ നവീന സാങ്കേതികവിദ്യകളും നൂതന പരിഹാരങ്ങളും തേടുമെന്നും മന്ത്രി പറഞ്ഞു.
ഗ്രീൻ ഹൈഡ്രജൻ ഉൽപാദന മത്സര ക്ഷമതയിൽ യുഎഇ ഒന്നാം സ്ഥാനത്താണ്. വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ ലോ-കാർബൺ ഹൈഡ്രജൻ 2023 റിപ്പോർട്ട് പ്രകാരം മധ്യപൂർവ, വടക്കൻ ആഫ്രിക്കൻ രാജ്യങ്ങളിലെ ഹൈഡ്രജൻ വിപണിയിലും യുഎഇയ്ക്കാണ് മുൻതൂക്കം. 2050ഓടെ പരമ്പരാഗത ഊർജ ആവശ്യം 33% കുറയ്ക്കാനും യുഎഇ ലക്ഷ്യമിടുന്നു. ഇതിലൂടെ 6.3 കോടി കാർബൺ മലിനീകരണം കുറയ്ക്കുന്നതിനൊപ്പം വായുവിന്റെ ഗുണനിലവാരം 32% വർധിപ്പിക്കാമെന്നും പ്രതീക്ഷിക്കുന്നു. പൊതു-സ്വകാര്യപങ്കാളിത്തത്തിലൂടെ യുഎഇയുടെ ഊർജ സേവന വിപണി വികസിപ്പിക്കുക, ഊർജ കാര്യക്ഷമതയിലും പുനരുപയോഗ പദ്ധതികളിലും നിക്ഷേപം പ്രോത്സാഹിപ്പിക്കുക, നാഷനൽ എനർജി ആൻഡ് വാട്ടർ ഡിമാൻഡ് സൈഡ് മാനേജ്മെന്റ് പ്രോഗ്രാം 2050നെ പിന്തുണയ്ക്കുക, സുസ്ഥിര സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് മറ്റു ലക്ഷ്യങ്ങൾ.