പരീക്ഷണം ജയിച്ച് യാങ്കോ ആപ്, ടാക്സി വിളിക്കാം; നഷ്ടപ്പെട്ട വസ്തുക്കൾ വീണ്ടെടുക്കാം
Mail This Article
അബുദാബി ∙ ടാക്സി ബുക്കിങ്ങിന് പുതിയ ആപ്പ് യാങ്കോ (Yango app) പുറത്തിറക്കി അബുദാബി. പരീക്ഷണാർഥം 5 മാസം മുൻപ് ആരംഭിച്ച ആപ്പിലൂടെ ഇതിനകം 8000 ട്രിപ് ബുക്ക് ചെയ്തതായി സംയോജിത ഗതാഗത കേന്ദ്രം (അബുദാബി മൊബിലിറ്റി) അറിയിച്ചു.
നിലവിൽ 1500 ടാക്സികൾ ആപ്പിൽ റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഐഒഎസ്, ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്ക് ആപ് സൗജന്യമായി ഡൗൺലോഡ് ചെയ്യാം. യാത്രയ്ക്കിടെ നഷ്ടപ്പെട്ട വസ്തുക്കൾ വീണ്ടെടുക്കുന്നതിനും ആപ്പിലൂടെയോ ഏറ്റവും അടുത്തുള്ള പൊലീസ് സ്റ്റേഷനിലൂടെയോ പരാതി നൽകാം. യാത്രക്കാർ മറന്നുവയ്ക്കുന്നതോ വീണുപോകുന്നതോ ആയ വസ്തുക്കൾ കണ്ടെത്തിയാൽ വിവരം അതത് ടാക്സി കമ്പനിയിൽ റിപ്പോർട്ട് ചെയ്യണം.
ആവശ്യപ്പെടുമ്പോൾ അവ ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ എത്തിക്കണമെന്ന് അബുദാബി മൊബിലിറ്റി അറിയിച്ചു. അബുദാബി ടാക്സി ആപ്പിലൂടെയും 600 535353 കോൾ സെന്റർ മുഖേനയും ടാക്സി ബുക്ക് ചെയ്യാമെന്ന് അബുദാബി മൊബിലിറ്റി ഡയറക്ടർ ജനറൽ അബ്ദുല്ല അൽ മർസൂഖി പറഞ്ഞു.