ഇനി വേണ്ട ചെക്ക്-ഇൻ കൗണ്ടറിലെ നീണ്ട കാത്തിരിപ്പ്; വീട്ടിലെത്തി ലഗേജ് സ്വീകരിച്ച് ബോർഡിങ് പാസ് നൽകാൻ എയർ അറേബ്യ
Mail This Article
അബുദാബി ∙ വീട്ടിലെത്തി ലഗേജ് സ്വീകരിച്ച് ബോർഡിങ് പാസ് നൽകുന്ന ഹോം ചെക്ക്-ഇൻ സേവനം എയർ അറേബ്യ അബുദാബിയിൽ ആരംഭിച്ചു. ഇതുമൂലം എയർപോർട്ടിലെ തിരക്കും അധിക ലഗേജ് പ്രശ്നങ്ങളും ഒഴിവാക്കാം.
ഈ സേവനത്തിലൂടെ ബോർഡിങ് പാസ് നേരത്തെ ലഭിക്കുന്ന യാത്രക്കാരന് എയർപോർട്ടിലെത്തിയാൽ നേരെ എമിഗ്രേഷനിലേക്ക് പോകാം. ചെക്ക്-ഇൻ കൗണ്ടറിലെ നീണ്ട കാത്തിരിപ്പും വേണ്ട സമയവും ലാഭിക്കാം. എയർലൈനുവേണ്ടി മൊറാഫിക് ആണ് ഹോം ചെക്ക്-ഇൻ സേവനം വാഗ്ദാനം ചെയ്യുന്നത്.
ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച യാത്രാനുഭവം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നൂതന സേവനമെന്ന് എയർ അറേബ്യ സിഇഒ ആദിൽ അൽ അലി പറഞ്ഞു. മൊറാഫിക്കിന്റെ ആപ്പ് വഴിയോ വൈബ്സൈറ്റ് വഴിയോ എയർഅറേബ്യയുടെ വെബ്സൈറ്റിലോ കസ്റ്റമർ സർവീസ് സെന്റർ മുഖേനയോ ഹോം ചെക്ക്-ഇൻ സേവനം ആവശ്യപ്പെടാം. നിശ്ചിത ദിവസം വീട്ടിലെത്തി ലഗേജ് ഏറ്റുവാങ്ങി ബോർഡിങ് പാസ് നൽകും. പെട്ടികളുടെ എണ്ണം അനുസരിച്ച് 185 ദിർഹം മുതൽ 400 ദിർഹം വരെ സേവന നിരക്ക് നൽകേണ്ടിവരും.