നൗഫ് അൽ മർവായിയെ ആദരിച്ച് ഉപരാഷ്ട്രപതി
Mail This Article
റിയാദ് ∙ സൗദി അറേബ്യയിൽ യോഗയ്ക്ക് നൽകിയ സംഭാവനകളെ മാനിച്ച് സൗദി യോഗ കമ്മിറ്റി പ്രസിഡന്‍റ് നൗഫ് അൽ മർവായിയെ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ ആദരിച്ചു. ന്യൂഡൽഹിയിൽ നടത്തിയ രണ്ടാമത് ന്യൂസ് 18 ഷീശക്തി പരിപാടിയിലായിരുന്നു ആദരം.
"ബ്രേക്കിങ് ബാരിയേഴ്‌സ്" എന്ന ആശയത്തെ ആസ്പദമാക്കി വ്യത്യസ്ത മേഖലകളിൽ നിന്നുള്ള സ്ത്രീകളുടെ പ്രചോദനാത്മകമായ ജീവിതാനുഭവം അവർ പരിപാടിയിൽ പങ്കുവച്ചു. 2018- ൽ ഇന്ത്യ പത്മശ്രീ നൽകി ആദരിച്ച നൗഫ് അൽ മർവായി സൗദി അറേബ്യയിലെ ആദ്യത്തെ അംഗീകൃത യോഗ പരിശീലകയാണ്. അന്നത്തെ പ്രസിഡന്‍റ് രാംനാഥ് കോവിന്ദിൽ നിന്നായിരുന്നു ബഹുമതി സ്വീകരിച്ചത്. നൗഫ് രാജ്യത്തിനു പുറത്ത് ഗൾഫ് രാജ്യങ്ങളിൽ നിന്നും പത്മശ്രീ ബഹുമതി ലഭിക്കുന്ന ആദ്യ വനിതയാണ്.
ആരോഗ്യപ്രശ്നങ്ങളെ അതിജീവിക്കുന്നതിനാണ് 18–ാം വയസ്സിൽ യോഗയിലേക്ക് തിരിഞ്ഞതെന്ന് നൗഫ് അൽ മർവായ് പറഞ്ഞു. യാദൃശ്ചികമായി ലഭിച്ച പുസ്തകത്തിൽ നിന്നുമുള്ള അറിവാണ് യോഗ പരിശീലനം നടത്താൻ പ്രചോദനമായത്. തുടർന്ന് കൂടുതൽ കൃതമായ പരിശീലനം നേടുകയും സൗദിയിലെ അംഗീകൃത പരിശീലകയുമായി മാറുകയുമായിരുന്നു. യോഗയെ പ്രോത്സാഹിപ്പിക്കുന്നതിലും യുവാക്കളെ അച്ചടക്കം പരിശീലിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിലും സൗദി ഭരണകൂടത്തിന്റെ ശ്രമങ്ങൾക്കും പിന്തുണയ്ക്കും നൗഫ് അൽ മർവായ് നന്ദിയും അഭിനന്ദനവും അറിയിച്ചു.