ADVERTISEMENT

റിയാദ് ∙ സൗദി അറേബ്യയുടെ വ്യാപാര മേഖലയെ അടിമുടി മാറ്റാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്ന വൻ പ്രഖ്യാപനവുമായി വ്യവസായ വാണിജ്യ മന്ത്രാലയം. വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും സൗദി അറേബ്യയില്‍ എവിടെയും ഏത് ബിസിനസ് നടത്താനും ഒരൊറ്റ കൊമേഴ്‌സ്യല്‍ റജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് (സി.ആര്‍) മതിയെന്നാണ് പുതിയ പ്രഖ്യാപനം. നിലവില്‍ ഓരോ പ്രവിശ്യയ്ക്കും ഓരോ ലൈസൻസ് ആവശ്യമായിരുന്നു. വിവിധ പ്രവിശ്യകളെ കേന്ദ്രീകരിച്ച് എടുത്ത എല്ലാ ഉപ റജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളും കാന്‍സല്‍ ചെയ്യാനോ അല്ലെങ്കില്‍ ഉടമസ്ഥാവകാശം മാറ്റാനോ ഉടമകള്‍ക്ക് അഞ്ച് വര്‍ഷത്തെ സാവകാശം മന്ത്രാലയം അനുവദിച്ചു.

സൗദിയിലെ വിവിധ പ്രവിശ്യകളിലും നഗരങ്ങളിലും സ്ഥാപനങ്ങള്‍ തുറക്കണമെങ്കില്‍ വാണിജ്യമന്ത്രാലയത്തില്‍ നിന്ന് പ്രത്യേക റജിസ്‌ട്രേഷന്‍ ആവശ്യമായിരുന്നു. ഇതുകാരണം ഒരേ പേരിലുള്ള സ്ഥാപനത്തിന് വിവിധ കൊമേഴ്‌സ്യല്‍ റജിസ്‌ട്രേഷനുകള്‍ എടുക്കേണ്ടതുണ്ടായിരുന്നു. ഇനി മുതല്‍ ലഭിക്കുന്ന റജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളില്‍ സൗദി അറേബ്യ എന്ന് മാത്രമേ രേഖപ്പെടുത്തൂ. നഗരങ്ങളുടെയോ പ്രവിശ്യകളുടെയോ പേരുകള്‍ ഉണ്ടാവില്ല. നിലവിലെ മാസ്റ്റര്‍ റജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നിലനിർത്തി, മറ്റു ബ്രാഞ്ച് റജിസ്‌ട്രേഷനുകള്‍ കാന്‍സല്‍ ചെയ്യണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.

പ്രത്യേക ബിസിനസിന് പ്രത്യേക റജിസ്‌ട്രേഷന്‍ എന്ന നിബന്ധനയും പിന്‍വലിച്ചിട്ടുണ്ട്. ഇതുവരെ അഞ്ച് വര്‍ഷം വരെ പണം നല്‍കി പുതുക്കാവുന്ന കൊമേഴ്‌സ്യല്‍ റജിസ്‌ട്രേഷനാണ് ഉണ്ടായിരുന്നത്. പുതിയ കൊമേഴ്‌സ്യല്‍ റജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന് പ്രത്യേക കാലാവധി ഇല്ലെന്നതാണ് മറ്റൊരു പ്രത്യേകത. പകരം എല്ലാ വര്‍ഷവും വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്താൽ മാത്രം മതി. 

English Summary:

One commercial registration is enough for a firm anywhere in Saudi Arabia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com