വൈ ഫൈ ഷെയര്‍ ചെയ്താല്‍ ഇന്റര്‍നെറ്റ് തന്നെ നഷ്ടമാകും
Mail This Article
മസ്‌കത്ത് ∙ ഒമാനില്‍ താമസ-വാണിജ്യ കെട്ടിടങ്ങളില്‍ നല്‍കിയിട്ടുള്ള വൈ ഫൈ കണക്ഷന്‍ പുറത്തുള്ളവരുമായി പങ്കുവെക്കുന്നതിന് വിലക്ക്. പണം ഈടാക്കിയും മറ്റും വൈ ഫൈ പങ്കിടുന്നതും പുനര്‍വിതരണം നടത്തുന്നതും നിയമവിരുദ്ധമാണെന്നും പിടിക്കപ്പെട്ടാല്‍ ഉപഭോക്താക്കളുമായുള്ള സേവന കരാര്‍ അവസാനിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികള്‍ക്ക് കാരണമാകുമെന്നും ടെലികോം കമ്പനികള്‍ മുന്നറിയിപ്പ് നല്‍കി.
കരാര്‍ ചെയ്ത പാര്‍പ്പിട-വാണിജ്യ യൂണിറ്റിന് പുറത്തുള്ളവര്‍ക്ക് ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനര്‍വിതരണം നടത്തുന്നതും പുനര്‍വില്‍പന നടത്തുന്നതും കര്‍ശനമായി നിരോധിച്ചിരിക്കുന്നു. ഇത് ടെലികമ്യൂണിക്കേഷന്‍ റഗുലേറ്ററി നിയമത്തിന്റെ ലംഘനമാണ്. നിലവിലെ സേവനം റദ്ദാക്കുന്നതിനൊപ്പം ടെര്‍മിനേഷന്‍ നിരക്ക് ഈടാക്കുകയും ചെയ്യും. മാത്രമല്ല, നിശ്ചിത കാലയളവിലേക്ക് ഏതെങ്കിലും ടെലികമ്യൂണിക്കേഷന്‍ കമ്പനിയില്‍ നിന്ന് ഇന്റര്‍നെറ്റ് സേവനങ്ങള്‍ സ്വീകരിക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്യും.
ഇത്തരത്തിലുള്ള നിയമപരമായ പ്രത്യാഘാതങ്ങള്‍ ഒഴിവാക്കുന്നതിന് ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ നിയമം പാലിക്കണമെന്നും ലൈസന്‍സുള്ള ടെലികമ്യൂണിക്കേഷന്‍ കമ്പനികളില്‍ നിന്ന് മാത്രം ഇന്റര്‍നെറ്റ് സേവനങ്ങള്‍ നേടണമെന്നും ദാതാക്കള്‍ മുന്നറിയിപ്പ് നല്‍കുന്നു. ഒമാനില്‍ ടെലികോം സേവനങ്ങള്‍ നല്‍കുന്നതിന് ലൈസന്‍സുള്ള 16 ഓപ്പറേറ്റര്‍മാരാണ് ഉള്ളത്.