വെള്ളം പാഴാകുന്നത് തടയാൻ ഏകീകൃത സംവിധാനം ഒരുക്കാൻ അബുദാബി
Mail This Article
അബുദാബി ∙ കുറഞ്ഞ ചെലവിൽ ജല, വൈദ്യുതി ലഭ്യമാക്കാൻ പദ്ധതിയുമായി അബുദാബി. ഉൽപാദനം മുതൽ വിതരണം വരെയുള്ള ഘട്ടങ്ങൾക്കിടയിൽ ഒരു തുള്ളി പോലും പാഴാകാതിരിക്കാൻ ഏകീകൃത സംവിധാനം ആവിഷ്കരിക്കുകയാണെന്നും പദ്ധതി ഉടൻ പ്രഖ്യാപിക്കുമെന്നും ഊർജ വിഭാഗം ചെയർമാൻ അവൈധ മുർഷിദ് അൽ മരാഞ പറഞ്ഞു. അബുദാബി നാഷനൽ എക്സിബിഷൻ സെന്ററിൽ വേൾഡ് യൂട്ടിലിറ്റി കോൺഗ്രസിലായിരുന്നു പ്രഖ്യാപനം
ജലനഷ്ടം നിരീക്ഷിക്കാനും സംവിധാനത്തിന് സാധിക്കും. ജല, വൈദ്യുതി മേഖലയിൽ പരിസ്ഥിതി സൗഹൃദ സംവിധാനം നടപ്പാക്കുമെന്നും പറഞ്ഞു. നൂതന സംവിധാനം നടപ്പാക്കുന്നതോടെ സേവന നിലവാരം മെച്ചപ്പെടും. നിരക്ക് കുറയ്ക്കാനും സാധിക്കും. നിലവിൽ വൈദ്യുതി ഉപഭോക്താക്കളുടെ എണ്ണം 5.98 ലക്ഷവും ജല ഉപഭോക്താക്കളുടെ എണ്ണം 4.68 ലക്ഷവുമാണ്. വൈദ്യുതി ഉപഭോക്താക്കളിൽ 7 ശതമാനവും ജല ഉപഭോക്താക്കളിൽ 2.5 ശതമാനവും വർധനയുണ്ട്.
അതിനിടെ അബുദാബി കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എക്സിബിഷൻ സന്ദർശിച്ചു. ജല, വൈദ്യുതി മേഖലകളിൽ സുസ്ഥിര വികസന ശ്രമങ്ങൾ അവലോകനം ചെയ്തു. വിവിധ രാജ്യങ്ങളിലെ 10 മന്ത്രിമാരും 28ലധികം പ്രഭാഷകരും 1400 പ്രതിനിധികളും 12000 വിദഗ്ധരും സമ്മേളനത്തിൽ പങ്കെടുത്തു.