സ്ഥാപനങ്ങളുടെ ഡയറക്ടർ ബോർഡിൽ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കാൻ യുഎഇ
Mail This Article
അബുദാബി ∙ അടുത്തവർഷം മുതൽ യുഎഇയിലെ സ്ഥാപനങ്ങളുടെ ഡയറക്ടർ ബോർഡിൽ വനിതകൾ നിർബന്ധം. നിലവിലെ ബോർഡുകളുടെ കാലാവധി അവസാനിച്ച ശേഷം സ്ത്രീകൾക്ക് ഒരു സീറ്റെങ്കിലും അനുവദിക്കണമെന്നാണ് നിയമം.
സ്വകാര്യ ജോയിന്റ് സ്റ്റോക്ക് കമ്പനികളുടെ ഡയറക്ടർ ബോർഡിൽ സ്ത്രീകളുടെ പ്രാതിനിധ്യം ശക്തമാക്കുമെന്ന് സാമ്പത്തിക മന്ത്രാലയം അറിയിച്ചു. തീരുമാനം ലിംഗ സമത്വം ത്വരിതപ്പെടുത്തുമെന്ന് സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറി പറഞ്ഞു. യുഎഇ ജെൻഡർ ബാലൻസ് കൗൺസിൽ പ്രസിഡന്റ് ഷെയ്ഖ മനാൽ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശപ്രകാരമാണ് നടപടി.
2018ൽ അന്നത്തെ യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഫെഡറൽ നാഷനൽ കൗൺസിലിൽ (എഫ്എൻസി) സ്ത്രീകൾക്ക് 50 ശതമാനം സംവരണം ഏർപ്പെടുത്തിയിരുന്നു. കൂടാതെ 2020ൽ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ഒരേ ജോലിക്ക് സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ വേതനവും നൽകുന്നു. കഴിഞ്ഞ ഓഗസ്റ്റ് വരെയുള്ള കണക്ക് അനുസരിച്ച് സ്വദേശി വനിതകളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുടെ എണ്ണം 135,171 ആയി ഉയർന്നു.