പ്രവാസത്തിന്റെ 37 വർഷങ്ങൾ, വ്യവസായികളിലെ സൗമ്യ മുഖം; സലീമിന്റെ വേർപാട് തീരാ നഷ്ടമെന്ന് പ്രവാസി സമൂഹം
Mail This Article
മസ്കത്ത് ∙ കഴിഞ്ഞ ദിവസം വിടപറഞ്ഞ ഒമാനിലെ പ്രവാസി വ്യവസായിയും ഭക്ഷ്യവിതരണ സ്ഥാപനമായ നൂര്‍ ഗസലിന്റെ ചെയര്‍മാനുമായ തൃശൂര്‍ കൊടുങ്ങല്ലൂര്‍ എടവിലങ്ങ് സ്വദേശി സലീം പറക്കോട്ടിന്റെ നിര്യാണത്തില്‍ പ്രവാസി സമൂഹം അനുശോചിച്ചു. എപ്പോഴും ചെറുപുഞ്ചിരിയോടെ എല്ലാവരെയും വരവേറ്റിരുന്ന സലീം പറക്കോട്ട് ഒമാനിലെ വ്യവസായികളിലെ സൗമ്യ മുഖമായിരുന്നു.
സര്‍ക്കാര്‍ സര്‍വിസില്‍ ജോലിയുണ്ടായിരുന്ന സലീം 1987ലാണ് ഒമാനില്‍ പ്രവാസം ആരംഭിക്കുന്നത്. ആദ്യ ഏഴ് വര്‍ഷത്തെ പ്രവാസ ജീവിതത്തിന് ശേഷമാണ് ഒമാനിലെ രുചിയുടെ മേഖലയിലെ പുതിയ സാധ്യതകള്‍ തിരിച്ചറിഞ്ഞ് ഈ രംഗത്തേക്ക് പ്രവേശിക്കുന്നത്. സുഹൃത്തുക്കളായ ഇ എ അലിയാര്, പി.എസ് ഹബീബുല്ല. എം എം അബ്ദുറഹ്മാന് എന്നിവരുമായി ചേര്‍ന്ന് 1995ല്‍ നൂര്‍ ഗസല്‍ ഫുഡ്സ് ആന്‍ഡ് ബ്രൈസസിന് തുടക്കമിടുന്നത്.
ഒമാനിലെ സാമൂഹിക, സാംസ്കാരിക, മാധ്യമ മേഖലകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സലീം പറക്കോട്ട് വിവിധ സംഘനകളുടെയും പ്രസ്ഥാനങ്ങളുടെയും അമരക്കാരനായിരുന്നു. രോഗബാധിതനായി കുറച്ചുകാലം മുൻപാണ് നാട്ടില്‍ ചികിത്സയ്ക്കായി എത്തിയത്. സലീം പറക്കോട്ടിന്റെ വിയോഗം ഒമാനിലെ സാമൂഹിക, സാംസ്കാരിക മേഖലക്ക് കനത്ത നഷ്ടമാണെന്ന് പ്രവാസി സമൂഹം അനുസ്മരിച്ചു.