ഗ്ലോബല്‍ വില്ലേജ് ഗിന്നസ് റെക്കോർഡ് പ്രകടനത്തിലെ പങ്കാളി; കീബോർഡില്‍ മാന്ത്രിക സംഗീതമൊരുക്കുന്ന '10 വയസ്സുകാരി'
Mail This Article
ദുബായ് ∙ ഇലക്ട്രിക് കീബോർഡില്‍ ജിയയെന്ന പത്തു വയസ്സുകാരിയുടെ വിരലുകള്‍പതിയുമ്പോള്‍ അതിമധുരസംഗീതം പൊഴിയും. കീ ബോർഡ് വായിച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് നേടിയ ജിയ ഗ്ലോബല്‍ വില്ലേജ് ഗിന്നസ് റെക്കോർഡ് പ്രകടനത്തിലും പങ്കാളിയാണ്. അന്താരാഷ്ട്ര തലത്തില്‍ അംഗീകാരമുളള ട്രിനിറ്റി കോളജ് ഓഫ് ലണ്ടനില്‍ നിന്ന് 10 വയസ്സ് ഏഴുമാസം പ്രായത്തിനിടെ ഗ്രേഡ് എട്ട് എന്ന നേട്ടം സ്വന്തമാക്കിയതിനാണ് ജിയക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് ലഭിച്ചത്.
അബുദാബി സെന്റ് ജോസഫ്സ് സ്കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ് ജിയ പനക്കല്‍ ജയസ്. കുഞ്ഞായിരിക്കുമ്പോള്‍ തന്നെ സംഗീതത്തോടുളള ഇഷ്ടം മകള്‍ പ്രകടമാക്കിയിരുന്നുവെന്ന് അമ്മ ഇന്ദു പറയുന്നു. കുടുംബത്തില്‍ സംഗീതവുമായി ബന്ധമുളള ആരുമില്ല. നാലരവയസുമുതലാണ് ജിയ കീബോർഡ് പഠിക്കാന്‍ തുടങ്ങിയത്. അധ്യാപകനായ ജോബി പി മാത്യുവായിരുന്നു ആദ്യഗുരു.
ആറാം വയസ്സിലാണ് കീബോർഡ് ഗ്രേഡ് ഒന്ന് സർട്ടിഫിക്കറ്റ് നേടിയത്. കോവിഡ് സമയത്തായതിനാല്‍ ഓണ്‍ലൈനായിട്ടായിരുന്നു പരീക്ഷ. അപ്പോഴേക്കും മകളെ പഠിപ്പിച്ച അധ്യാപകന്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു. പിന്നീട് അധ്യാപകനായ പ്രേമാണ് മകളെ പരിശീലിപ്പിച്ചത്. മൂന്ന് വർഷം കൊണ്ട് പത്താം വയസില്‍ കീ ബോർഡിലെ ഗ്രേഡ് എട്ട് പരീക്ഷയും വിജയിച്ചു. നൂറിൽ 94 മാർക്ക് നേടിയാണ് ജിയ വിജയിച്ചത്. 2020 ല്‍ കോവിഡ് സമയത്ത് ദുബായ് ഗ്ലോബല്‍ വില്ലേജ് 25-ാമത് വാർഷികം ആഘോഷിക്കുന്ന വേളയില്‍ 1000 സംഗീത പ്രതിഭകളെ ചേർത്ത് ഉദ്ഘാടന പരിപാടി നടത്തിയിരുന്നു. മോസ്റ്റ് വിഡിയോസ് ഇന്‍എ മ്യൂസിക് മെലഡി വിഡിയോ വിഭാഗത്തില്‍ ഗിന്നസ് റെക്കോർഡ് നേടിയ ആ പരിപാടിയില്‍ ജിയയും ഭാഗമായിരുന്നു. ഓണ്‍ലൈനായിട്ടായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ആറു വയസ്സുമുതല്‍ 60 വയസ്സുവരെയുളള 1000 സംഗീത പ്രതിഭകളില്‍ ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയായിരുന്നു ജിയ.
കീബോർഡില്‍ മാത്രമല്ല, ഗിറ്റാറിലും പിയാനോയിലും മികവ് തെളിയിച്ചിട്ടുണ്ട് ജിയ. ഒൻപത് വയസ്സുമുതല്‍ അബുദാബിയിലെ പ്രഫഷനല്‍ മ്യൂസിക് ബാന്‍ഡില്‍ ലീഡ് ഗിറ്റാറിസ്റ്റാണ്. ഇലക്ട്രിക്കല്‍ ഗിറ്റാറില്‍ റോക്ക് ആൻഡ് പോപാണ് സ്പെഷലൈസേഷന്‍. ഇന്ത്യന്‍ സോഷ്യല്‍ സെന്റർ അബുദാബിയുടെ ഇന്ത്യ ഫെസ്റ്റും, മലയാളി സമാജം ഇന്തോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റും കെഎംസിസി അബുദബി കേരളാ ഫെസ്റ്റും ഉള്‍പ്പടെ ഇതിനകം തന്നെ 18 ഓളം വേദികളില്‍ സംഗീതപരിപാടി അവതരിപ്പിച്ചു. ഫുജൈറയും ഉമ്മുല്‍ഖുവൈന്‍ ഒഴികെയുളള എല്ലാ എമിറേറ്റുകളിലും ബാന്‍ഡിന്റെ ഭാഗമായി ജിയ സംഗീതപരിപാടി അവതരിപ്പിച്ചിട്ടുണ്ട്. മ്യൂസിക് പെർഫോമറാകാനാണ് ജിയയ്ക്ക് താല്‍പര്യം. എ ആർ റഹ്മാനാണ് റോള്‍മോഡല്‍. അബുദാബി റീം ഐലന്റിലാണ് അച്ഛന്‍ ജയസിനും അമ്മ ഇന്ദുവിനുമൊപ്പം ജിയ താമസിക്കുന്നത്.