ട്രാഫിക് പിഴയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്
Mail This Article
മസ്കത്ത് ∙ പുതിയ ഓണ്‍ലൈന്‍ തട്ടിപ്പ് രീതിക്കെതിരെ മുന്നറിയിപ്പ് നല്കി റോയല്‍ ഒമാന്‍ പൊലീസ് (ആര് ഒ പി). ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിന് പിഴ ഉടന്‍ അടയ്ക്കണമെന്നും സ്വകാര്യ ബാങ്കിങ് വിവരങ്ങള്‍ കൈമാറണമെന്നും ആവശ്യപ്പെട്ടുള്ള സന്ദേശങ്ങളാണ് ഫോണുകളില്‍ എത്തുന്നത്. അടയ്ക്കേണ്ട തുകയും ഓണ്‍ലൈന്‍ ലിങ്കും ഉള്‍പ്പെടെയുള്ള സന്ദേശങ്ങളാണ് ലഭിക്കുന്നത്. പലരും ഔദ്യോഗികമാണെന്ന് തെറ്റിദ്ധരിച്ച് ലിങ്ക് ഓപ്പണ്‍ ചെയ്യുമ്പോഴാണ് തട്ടിപ്പ് മനസ്സിലാകുന്നത്.
ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ അവരുടെ സ്വകാര്യ വിവരങ്ങളും അക്കൗണ്ട് ഡേറ്റകളും നല്കി പൂരിപ്പിക്കാന്‍ ആവശ്യപ്പെടും. ഇത്തരത്തില്‍ വിവരങ്ങള്‍ നല്‍കുന്നവരുടെ അക്കൗണ്ടുകളില്‍ നിന്നും പണം അപരഹിക്കാന്‍ തട്ടിപ്പ് സംഘത്തിന് സാധിക്കും. പൗരന്മാരും താമസക്കാരും ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും അജ്ഞാത സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും പൊലീസ് ആവശ്യപ്പെട്ടു.