നിയമം ലംഘിച്ച 3779 ഇരുചക്ര വാഹനം അകത്തായി
Mail This Article
ദുബായ് ∙ ഗതാഗത സുരക്ഷാ നിയമങ്ങൾ ലംഘിച്ച 3779 ഇരുചക്രവാഹനങ്ങൾ ദുബായ് പൊലീസ് പിടിച്ചെടുത്തു. ജനുവരി മുതൽ ഓഗസ്റ്റ് വരെ നടത്തിയ പരിശോധനയിലാണ് സൈക്കിളുകളും ഇ-സ്കൂട്ടറുകളും പിടിച്ചെടുത്തത്.
വാഹനമോടിക്കുന്നവർ, കാൽനട യാത്രക്കാർ തുടങ്ങി റോഡ് ഉപയോക്താക്കൾ ഗതാഗത നിയമം പാലിക്കണമെന്ന് ദെയ്റ നായിഫ് പൊലീസ് സ്റ്റേഷൻ ആക്ടിങ് ഡയറക്ടർ ബ്രിഗേഡിയർ ഒമർ മൂസ അഷൂർ പറഞ്ഞു.
സ്കൂട്ടർ, ഇലക്ട്രിക് സ്കൂട്ടർ, സാധാരണ സൈക്കിളുകൾ എന്നിവയിലൂടെ പോകുന്നവർ കാര്യമായ അപകടമുണ്ടാക്കുന്നതായി പൊലീസ് ചൂണ്ടിക്കാട്ടി. ഇതു മറ്റു ഡ്രൈവർമാരെയും കാൽനട യാത്രക്കാരെയും ആശയക്കുഴപ്പത്തിലാക്കുന്നുണ്ടെന്നും പറഞ്ഞു.
നിശ്ചിത പാതയിലൂടെയല്ലാതെ സഞ്ചരിക്കുക, എതിർ ദിശയിലൂടെ വാഹനമോടിച്ചു പോകുക, കാൽനട യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തിൽ വാഹനമോടിക്കുക, സുരക്ഷാസംവിധാനങ്ങൾ സ്വീകരിക്കാതിരിക്കുക എന്നീ കാരണങ്ങളാലും വാഹനം പിടിച്ചെടുത്തിട്ടുണ്ട്.
ഇവ ശ്രദ്ധിക്കാം
∙ റോഡിന് കുറുകെ കടക്കുമ്പോൾ ജാഗ്രത പാലിക്കുക
∙ മറ്റു വാഹനങ്ങൾക്ക് തടസ്സമുണ്ടാതെയും അപകടമുണ്ടാക്കാതെയും ആവണം സൈക്കിൾ യാത്ര. ഹെൽമറ്റിന് പുറമെ കയ്യിലും കാലിലും സുരക്ഷാ കവചം വേണം
∙ സൈക്കിളിന്റെ മുന്നിലും പിന്നിലുമായി ചുവന്ന നിറത്തിലുള്ള റിഫ്ലക്ടർ സ്ഥാപിക്കണം
∙ വെളിച്ചവും ബെല്ലും ബ്രേക്കും നിർബന്ധം
∙ വേഗപരിധി മണിക്കൂറിൽ 30 കിലോമീറ്റർ
∙ ഉൾപ്രദേശങ്ങളിലും സീബ്രാ ക്രോസിലും 20 കി.മീ.
∙ സൈക്കിളിൽ അമിത ഭാരമോ ഒന്നിലേറെ പേരോ പാടില്ല.
∙ എതിർദിശയിലൂടെ സഞ്ചാരം പാടില്ല.
∙ യാത്രയ്ക്കിടെ ലെയ്ൻ മാറുന്നതിനു മുൻപ് കൈ കൊണ്ട് സിഗ്നൽ കാണിക്കണം