സ്വകാര്യ മേഖലയിൽ തൊഴിൽ തേടുന്ന ഖത്തരി പൗരന്മാർക്ക് പരിശീലന പരിപാടികളുമായി ഖത്തർ തൊഴിൽ മന്ത്രാലായം
Mail This Article
ദോഹ ∙ സ്വകാര്യ മേഖലയിൽ തൊഴിൽ തേടുന്ന ഖത്തരി പൗരന്മാരെ അർഹമായ തൊഴിൽ വിഭാഗങ്ങളിലേക്ക് സജ്ജമാക്കുന്ന പരിശീലന പരിപാടികൾ സംഘടിപ്പിക്കാൻ ഖത്തർ തൊഴിൽ മന്ത്രാലായം. ഇത് സംബന്ധിച്ച സഹകരണ കരാറിൽ തൊഴിൽ മന്ത്രാലയവും ദോഹ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്രാജ്വേറ്റ് സ്റ്റഡീസും (ഡിഐജിഎസ്) ഒപ്പുവച്ചു.
തൊഴിൽ മന്ത്രാലയത്തിലെ സ്വകാര്യ മേഖലയിലെ നാഷനൽ വർക്ക്‌ഫോഴ്‌സ് അസി. അണ്ടർ സെക്രട്ടറി അബ്ദുറഹ്‌മാൻ അൽ ബാദി ഡിഐജിഎസ് അഡ്മിനിസ്‌ട്രേറ്റീവ് ആൻഡ് ഫിനാൻഷ്യൽ വിഭാഗം എക്‌സിക്യൂട്ടിവ് ഡയറക്ടർ ഇമാൻ അബ്ദുല്ല അൽ സുലൈത്തി എന്നിവരാണ് കരാറിൽ ഒപ്പുവച്ചത്. സെകൻഡറി സ്‌കൂൾ ഡിപ്ലോമയുള്ള തൊഴിലന്വേഷകരുടെ കഴിവുകൾ വർധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള മേഘലയിൽ തൊഴിൽ മന്ത്രാലയവും ഡിഐജിഎസും സഹകരിക്കും. പൗരന്മാരെ ശാക്തീകരിക്കുക, തൊഴിൽ വിപണയിൽ മത്സരക്ഷമതയുള്ളവരാക്കുക, മൂന്നാം ദേശീയ വികസനരേഖയ്ക്ക് അനുസൃതമായി വികസന പ്രക്രിയയെ പിന്തുണയ്ക്കുക തുടങ്ങിയ തൊഴിൽ മന്ത്രാലയത്തിന്റെ ലക്ഷ്യവുമായി യോജിച്ചാണ് രേഖ തയാറാക്കിയിരിക്കുന്നത്.
കവാദർ പ്ലാറ്റ്‌ഫോമിൽ റജിസ്റ്റർ ചെയ്ത തൊഴിലന്വേഷകരെ പരിശീലന പരിപാടികളിലൂടെ സ്വകാര്യ കമ്പനികളിലേക്ക് റിക്രൂട്ട് ചെയ്യാൻ തയാറാക്കുകയും പരിശീലിപ്പിക്കുകയുമാണ് സഹകരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് അബ്ദുറഹ്‌മാൻ അൽ ബാദി പറഞ്ഞു.