കുവൈത്തിൽ പുതിയ നികുതി ഏർപ്പെടുത്തുമെന്ന് പ്രചാരണം; നിലപാട് വ്യക്തമാക്കി ധനകാര്യ മന്ത്രാലയം
Mail This Article
കുവൈത്ത് സിറ്റി∙ ശമ്പളം,ടിക്കറ്റ്,ഭക്ഷണം,വിനോദം തുടങ്ങിയുള്ള സേവനങ്ങള്‍ക്ക് നികുതി ഏർപ്പെടുത്തുമെന്ന പ്രചരണം അടിസ്ഥാനരഹിതമാണന്ന് ധനകാര്യമന്ത്രാലയം വ്യക്തമാക്കി. ശമ്പളത്തിന് 2.5 ശതമാനം, ആവശ്യ സാധനങ്ങള്‍ക്ക് ഒരു ശതമാനം 'വാറ്റ്' ഏര്‍പ്പെടുത്തുമെന്നും, അതോടെപ്പം യാത്രാ ടിക്കറ്റുകള്‍,ചരക്ക് സാധനങ്ങള്‍,വിനോദ പരിപാടികള്‍ തുടങ്ങിയവയ്ക്ക് രണ്ട് ശതമാനം നികുതി എന്ന തരത്തിലായിരുന്നു പ്രചരണം.
കഴിഞ്ഞ ദിവസം ഇസ്ലാമിക രാജ്യങ്ങളിലെ നികുതി അതോറിറ്റി യൂണിയനില്‍ കുവൈത്ത് അംഗത്വം സ്വീകരിച്ചിരുന്നു.ഇത് പൊതുജനങ്ങളില്‍ ആശങ്ക ഉയര്‍ത്തിയ സാഹചര്യത്തിലാണ് നികുതി ഏര്‍പ്പെടുത്തുന്നുവെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രചരണം നടന്നത്.ഇത് പൂര്‍ണ്ണമായും നിഷേധിച്ചുകൊണ്ട് ധനകാര്യമന്ത്രാലയം എക്സ് അക്കൗണ്ടിലാണ് പ്രസ്താവന ഇറക്കിയത്.
2024-ലെ നിയമത്തിലെ ഉത്തരവ് നമ്പര്‍ 99-പ്രകാരമാണ് കുവൈത്ത് ഇസ്ലാമിക രാജ്യങ്ങളിലെ നികുതി അതോറിറ്റി യൂണിയനില്‍ ഔദ്യോഗികമായി ചേര്‍ന്നത്. ഇസ്ലാമിക നിയമങ്ങള്‍ക്കനുസൃതമായി, പ്രത്യേകിച്ച് സകാത്ത് സംബന്ധിച്ചുള്ള നികുതി നടപ്പാക്കല്‍ മെച്ചപ്പെടുത്തുന്നതിനാണ് ഉദ്ദ്യേശമെന്ന് ഉത്തരവിനേടൊപ്പം വിശദീകരിച്ചു.
സകാത്ത് നയങ്ങള്‍ വികസിപ്പിക്കുക, അംഗരാജ്യങ്ങളുടെ നികുതി അധികാരികള്‍ തമ്മിലുള്ള സഹകരണം, പരസ്പര സഹായം വളര്‍ത്തുക, സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കുന്നതില്‍ സകാത്തിന്റെയും നികുതി ഭരണത്തിന്റെയും പങ്ക് ശക്തിപ്പെടുത്തുക എന്നിവയാണ് യൂണിയന് ലക്ഷ്യമിടുന്നത്.
ജി.സി.സി.യിലെ ചില രാജ്യങ്ങളില്‍ നികുതി ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും കുവൈത്തില്‍ ഇത് പ്രബല്യത്തിലില്ല. പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ചുമത്തണമെന്ന് മുമ്പ് പല കുറി പാര്‍ലമെന്റില്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ തീരുമാനം നികുതി വേണ്ട എന്നായിരുന്നു.