ഉപ്പ് നിർമാണ ഫാക്ടറിയുമായി ഖത്തർ ക്യുസാൾട്ട് ധാരണാപത്രം ഒപ്പുവെച്ചു
Mail This Article
ദോഹ ∙ ഖത്തറിൽ ആരംഭിക്കുന്ന ഖത്തർ സാൾട്ട് പ്രൊഡക്ട്‌സ് കമ്പനി (ക്യുസാൾട്ട്) സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രം ഒപ്പുവെച്ചു. ഖത്തർ എനർജിയിൽ നടന്ന ചടങ്ങിലാണ് ധാരണാപത്രം ഒപ്പുവെച്ചത്. ചടങ്ങിൽ ഖത്തർ ഊർജകാര്യ സഹമന്ത്രിയും ഖത്തർ എനർജി പ്രസിഡന്‍റും സിഇഒയുമായ സാദ് ഷെരീദ അൽ കഅബി പങ്കെടുത്തു. ഖത്തറിലേ രണ്ടു കമ്പനികളും ഒരു തുർക്കി കമ്പനിയും ചേർന്നുള്ള സംയുക്ത സംരംഭമായാണ് ക്യുസാൾട്ട് ആരംഭിക്കുന്നത്.
40 ശതമാനം ഓഹരി മസീദ് പെട്രോകെമിക്കൽ ഹോൾഡിങ് കമ്പനിയും (എംപിഎച്ച്സി) 30 ശതമാനം ഓഹരി ഖത്തർ ഇൻഡസ്ട്രിയൽ മാനുഫാക്ചറിംഗ് കമ്പനിയും (ക്യുഐഎംസി) 30 ശതമാനം ഓഹരി തുർക്കി കമ്പനിയായ അറ്റ്ലസ് യതിരിം പ്ലാൻലാമയുമാണ് പങ്കുവെച്ചത്. ഖത്തറിലെ ഉം അൽ ഹലൂൽ പ്രദേശത്താണ് കമ്പനി സ്ഥാപിക്കുക.
പാചക ആവശ്യങ്ങൾക്കും വ്യാവസായിക ആവശ്യങ്ങൾക്കുമുള്ള ഉപ്പ് ഉൽപാദിപ്പിക്കുന്നതിൽ സ്വയം പര്യപ്ത കൈവരിക്കാൻ ഈ സംരംഭത്തിലൂടെ സാധിക്കുമെന്ന് ഖത്തർ ഊർജകാര്യ സഹമന്ത്രിയും ഖത്തർ എനർജി പ്രസിഡന്‍റും സിഇഒയുമായ സാദ് ഷെരീദ അൽ കഅബി പറഞ്ഞു.