ദുബായിൽ ബാൽക്കണിയിൽ നിന്ന് വീണ് പരുക്കേറ്റ സൗദി ഫുട്ബോൾ താരത്തെ റിയാദിലെത്തിച്ചു
Mail This Article
റിയാദ്∙ ദുബായിൽ ബാൽക്കണിയിൽ നിന്ന് വീണ് പരുക്കേറ്റ സൗദി ഫുട്ബോൾ താരത്തെ തുടർചികിത്സയ്ക്കായി റിയാദിലെത്തിച്ചു. പ്രത്യേക മെഡിക്കൽ വിമാനം അയച്ചാണ് ദുബായിലെ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന ഫഹദ് അൽ മുവല്ലദിനെ സൗദിയിലെത്തിച്ചത്. റിയാദ് കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റി ആശുപത്രി കിടക്കയിലെ താരത്തിന്‍റെ ചിത്രം അൽ ഷബാബ് ക്ലബ് വൈസ് പ്രസിഡന്‍റ് മുഹമ്മദ് അൽ നാസർ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
തിങ്കളാഴ്ച, സൗദി അറേബ്യയുടെ കായിക മന്ത്രി അബ്ദുൽ അസീസ് ബിൻ തുർക്കി അൽ സൗദ് ആശുപത്രിയിലെത്തി അൽ മുവല്ലദിനെ സന്ദർശിച്ച് ബന്ധപ്പെട്ടവരോട് അദ്ദേഹത്തിന്‍റെ ചികിത്സയും ആരോഗ്യകാര്യങ്ങളും വിലയിരുത്തി. സെപ്റ്റംബർ 19ന് സൗദി പ്രതിരോധ മന്ത്രാലയം ഏർപ്പെടുത്തിയ പ്രത്യേക മെഡിക്കൽ ഇവാക്വേഷൻ വിമാനം യുഎഇയിൽ നിന്ന് സൗദി താരവുമായി പറക്കുകയായിരുന്നു. തുടർ ചികിത്സയ്ക്കും പരിചരണത്തിനുമായി താരത്തെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് നേരിട്ട് കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
യുഎഇയിൽ വിനോദയാത്രയ്ക്കിടെ ഈ മാസം 12നാണ് അൽ മുവല്ലദ് രണ്ട് നിലകളുള്ള ദുബായിലെ വീടിന്‍റെ ബാൽക്കണിയിൽ നിന്ന് താഴേക്ക് വീണ് ഗുരുതരമായി പരുക്ക് പറ്റിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു, അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ചു. അപകടം സംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും ഫലം ലഭിച്ചാൽ ബന്ധപ്പെട്ട അധികാരികളുമായി പങ്കുവെക്കുമെന്നും ദുബായ് പൊലീസ് അറിയിച്ചു.
അൽ ഷബാബ് ക്ലബിന്‍റെ ഡയറക്ടർ ബോർഡ് ചെയർമാൻ മുഹമ്മദ് അൽ മുനാജിം, കളിക്കാരന്‍റെ അവസ്ഥയിൽ നിരന്തരമായ പിന്തുണയും ശ്രദ്ധയും നൽകിയതിന് സൗദി കായിക മന്ത്രി അബ്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസൽ രാജകുമാരനോട് ക്ലബിന്‍റെ പേരിൽ കൃതജ്ഞത രേഖപ്പെടുത്തി.
ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുന്നതിൽ ദുബായിയുടെ പങ്കിനെ അൽ മുനാജിം അഭിനന്ദിക്കുകയും അൽ മുവല്ലദിന്‍റെ മെഡിക്കൽ ഒഴിപ്പിക്കലിന് ആവശ്യമായ ക്രമീകരണങ്ങൾ സുഗമമാക്കിയതിന് യുഎഇയിലെ സൗദി അംബാസഡർക്കും ദുബായിലെ കോൺസുലേറ്റ് ജനറലിനും, സൗദി ഫുട്ബോൾ ഫെഡറേഷനും നന്ദി അറിയിക്കുകയും ചെയ്തു.
അൽ ഷബാബ് ഫുട്ബോൾ ക്ലബിന്‍റെ വിങർ പൊസിഷനിൽ കളിക്കുന്ന അൽ മുവല്ലദ് സൗദി ദേശീയ ടീമിലെയും ശ്രദ്ധേയ താരമാണ്. സൗദി അറേബ്യക്ക് വേണ്ടി 74 മത്സരങ്ങൾ കളിച്ച അൽ മുവല്ലദ് രാജ്യത്തിനായി 17 ഗോളുകൾ നേടിയിട്ടുണ്ട്. അൽ ഇത്തിഹാദിലൂടെയാണ് താരം കരിയർ ആരംഭിക്കുന്നത്. ക്ലബിനുവേണ്ടി 250 ഓളം മത്സരങ്ങൾ കളിക്കുകയും 76 ഗോളുകൾ നേടുകയും ചെയ്തു. പിന്നീട സ്പാനിഷ് ടീമായ ലെവാന്റയ്ക്ക് വായ്പ നൽകിയതോടെ അൽ മുവല്ലദ് യൂറോപ്യൻ ഫുട്ബോളിലേക്ക് ചുവടുവച്ചു, അതോടെ സ്പാനിഷ് ടോപ്പ് ഡിവിഷനിൽ ഇടംപിടിക്കുന്ന ആദ്യത്തെ സൗദി കളിക്കാരൻ എന്ന പേരും ലഭിച്ചു.