ADVERTISEMENT

അബുദാബി/ ന്യൂയോർക്ക് ∙ സ്പേസ് മെഡിസിനിൽ നിർണായക ചുവടുവയ്പ് നടത്തി മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനി. യുഎഇ യിലെ പ്രമുഖ ആരോഗ്യ സംരംഭകൻ ഡോ. ഷംഷീർ വയലിലിന്റെ ഉടമസ്ഥതയിലുള്ള ബുർജീൽ ഹോൾഡിങ്സാണ് ബഹിരാകാശത്തെ മൈക്രോഗ്രാവിറ്റിയിൽ മനുഷ്യ ശരീരത്തിന്റെ പ്രതികരണം പഠിക്കാനുള്ള ആരോഗ്യ ഗവേഷണ ദൗത്യത്തിന് നേതൃത്വം നൽകുന്നത്.

അമേരിക്കയിലെ മുൻനിര സ്വകാര്യ ബഹിരാകാശ ഗവേഷണ കമ്പനിയായ ആക്സിയം സ്പേസുമായിട്ട് ഇതുസംബന്ധിച്ച് കരാറിൽ ഒപ്പുവച്ചു. ന്യൂയോർക്കിലെ പ്രശസ്തമായ ടൈംസ് സ്ക്വയറിൽ പ്രഖ്യാപിച്ച പദ്ധതി ബഹിരാകാശത്തെ ഗവേഷണ സഹായത്തോടെ വൈദ്യശാസ്ത്രത്തിൽ വലിയ മുന്നേറ്റമുണ്ടാക്കാനുള്ള പ്രധാന ദൗത്യമായി മാറും. അമേരിക്കയിലെ ഹൂസ്റ്റൺ ആസ്ഥാനമായ ആക്സിയം സ്പേസ് നാസയുമായി ചേർന്നാണ് പ്രവർത്തിക്കുന്നത്.

രാജ്യാന്തര ബഹിരാകാശ നിലയത്തിലേയ്ക്ക് ദൗത്യങ്ങൾ നടത്തുന്നതോടൊപ്പം ലോകത്തിലെ ആദ്യ വാണിജ്യ ബഹിരാകാശ നിലയം വികസിപ്പിക്കാനുള്ള സജ്ജീകരണങ്ങളിൽ കൂടിയാണ് ആക്സിയം. ബുർജീലുമായുള്ള ആരോഗ്യ ഗവേഷണ പങ്കാളിത്തം ഈ പദ്ധതിയിൽ നിർണായക പങ്ക് വഹിക്കും. ലോ എർത്ത് ഓർബിറ്റിൽ മനുഷ്യ സാന്നിധ്യം വിപുലപ്പെടുത്തുക എന്ന കാഴ്ചപ്പാടോടെ സ്ഥാപിതമായ ആക്സിയം, ബഹിരാകാശത്ത് ഗവേഷണം, നിർമാണം എന്നിവയ്ക്കായി ഒരു ഹബ് സൃഷ്ടിക്കാനാണ്  ലക്ഷ്യമിടുന്നത്.

∙ ഭാവിയിലേക്കുള്ള നൂതന ആരോഗ്യ സംരക്ഷണം ലക്ഷ്യം
ആക്സിയവുമായുള്ള ദീർഘകാല പങ്കാളിത്തത്തിലൂടെ ആരോഗ്യ മേഖലയിൽ നവീന മാറ്റങ്ങൾ കൊണ്ടുവരാനൊരുങ്ങുകയാണ് ബുർജീൽ. മൈക്രോഗ്രാവിറ്റിയിൽ മനുഷ്യശരീരത്തിന്റെ പ്രതികരണം മനസിലാക്കാനായി ലോകത്തെങ്ങുമുള്ള ആശുപത്രികളിലും ക്ലിനിക്കുകളിലും ഉപയോഗിക്കുന്ന മികച്ച മെഡിക്കൽ സാങ്കേതിക വിദ്യകൾ ബഹിരാകാശത്തേയ്ക്ക് അയക്കും. ഈ ഗവേഷണത്തിലൂടെ മൈക്രോഗ്രാവിറ്റി എങ്ങിനെ ബയോ മാർക്കറുകൾ, മരുന്നിന്റെ ഗുണനിലവാരം, വിദൂര ആരോഗ്യ സേവനങ്ങൾ എന്നിവയെ ബാധിക്കുന്നു എന്നാണ് മനസിലാക്കുക.

ആക്സിയം സ്പേസിലെ ബഹിരാകാശയാത്രികർ പഠനത്തിന്റെ ഭാഗമായി പരിശീലന, വിക്ഷേപണ കാലങ്ങളിൽ ഈ സാങ്കേതികവിദ്യകൾ ഉപയോഗിക്കും. ആക്സിയത്തിന്റെ അടുത്ത വിക്ഷേപണ ദൗത്യം ആക്സിയം മിഷൻ 4 (എx-4) വരുന്ന സ്പ്രിങ് സീസണിൽ നടത്താനാണ് ലക്ഷ്യമിടുന്നത്.

ആക്സിയം സ്പേസുമായുള്ള  പങ്കാളിത്തത്തിലൂടെ മൈക്രോഗ്രാവിറ്റിയിലെ ആരോഗ്യ നവീകരണത്തിൽ മുന്നോട്ട് പോകുന്നതോടൊപ്പം രോഗികൾക്ക് ഏറ്റവും മികച്ച ആരോഗ്യപരിരക്ഷ കൂടി ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ഡോ. ഷംഷീർ വയലിൽ പറഞ്ഞു. ഇത് വരും തലമുറകൾക്കു മെച്ചപ്പെട്ട ആരോഗ്യ സാഹചര്യമൊരുക്കും. ബുർജീലുമായുള്ള പുതിയ ഗവേഷണം മനുഷ്യരാശിയുടെ പ്രയോജനത്തിനായി ബഹിരാകാശ ഗവേഷണത്തിലേയ്ക്ക് വഴിതെളിക്കുമെന്ന് ആക്സിയം സ്പേസ് ചീഫ് സയൻ്റിസ്റ്റ് ഡോ. ലൂസി ലോ പറഞ്ഞു. 

ന്യൂയോർക്കിലെ ബുർജീൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗ്ലോബൽ ഹെൽത്ത്, ടൈംസ് സ്കയർ എന്നിവിടങ്ങളിലായി നടന്ന ചടങ്ങിൽ ഡോ. ഷംഷീർ വയലിൽ, ബുർജീൽ ഹോൾഡിങ്സ് ഗ്രൂപ്പ് സിഇഒ ജോൺ സുനിൽ എന്നിവർ പങ്കെടുത്തു. പദ്ധതിയുടെ അടുത്ത ചുവടുകൾ വരും മാസങ്ങളിൽ പ്രഖ്യാപിക്കാനാണ് ഗ്രൂപ്പുകളുടെ തീരുമാനം.

English Summary:

Space Medical Research By UAE Company Owned by Malayali

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com