'അവൾ മാത്രം മുറിയിൽ തനിച്ച് '; യുഎഇയിൽ റിയാലിറ്റി ഷോ പരിപാടിയുടെ ചിത്രീകരണത്തിനിടെ പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ചതായി പരാതി
Mail This Article
അബുദാബി ∙ കുട്ടികളുടെ ടെലിവിഷൻ റിയാലിറ്റി ഷോ പരിപാടിയുടെ ചിത്രീകരണത്തിനിടെ പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ നടപടികളുമായി മുന്നോട്ടുപോവുകയാണെന്ന് യുഎഇ മീഡിയ കൗൺസിൽ അറിയിച്ചു. രാജ്യത്തെ മാധ്യമ നിയന്ത്രണ നിയമത്തിലോ കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങളിലോ അനുശാസിക്കുന്ന മീഡിയ ഉള്ളടക്ക മാനദണ്ഡങ്ങൾ ലംഘിക്കുന്ന ഒരു പരിപാടിയും പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് അധികൃതർ പറഞ്ഞു. സംഭവത്തെക്കുറിച്ച് കൂടുതൽ അറിയാൻ പെൺകുട്ടിയുടെ കുടുംബവുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും അന്വേഷണം നടത്തിവരികയാണെന്നും കൗൺസിൽ അറിയിച്ചു. ഇതേത്തുടർന്ന് ആവശ്യമായ നടപടികൾ കൈക്കൊള്ളാനും സാധിക്കും.
നിരന്തരമായ മാനസിക പീഡനത്തെ തുടർന്നാണ് കുട്ടി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടതെന്ന് സ്വദേശി പെൺകുട്ടിയുടെ കുടുംബാംഗം പറഞ്ഞു. പ്രമുഖ രാജ്യാന്തര ഫാഷൻ റീട്ടെയിലർ സ്‌പോൺസർ ചെയ്‌ത കുട്ടികളുടെ ഡിസൈൻ മത്സര ഷോയുടെ ചിത്രീകരണത്തിനിടെയാണ് പതിനൊന്നുകാരി മാനസിക പീഡനത്തിനിരയായത്. ഈ മാസം 6 മുതൽ 11 വരെയാണ് എപ്പിസോഡുകൾ ചിത്രീകരിച്ചത്. രണ്ടാഴ്ച മുൻപ് ഇത് സംപ്രേഷണം ചെയ്തു.
ഇതിന് ശേഷം അവളുടെ സുഹൃത്തുക്കളിൽ നിന്നും സഹപാഠികളിൽ നിന്നും അവൾക്ക് കൂടുതൽ പരിഹാസങ്ങളും അപമാനങ്ങളും നേരിടേണ്ടിവന്നു. ഇതുമൂലം ഒരാഴ്ചയോളം പെൺകുട്ടിക്ക് ആശുപത്രിയിൽ കിടക്കേണ്ടതായും വന്നു. പഠിക്കാനും മറ്റും വളരെ മിടുക്കിയായ കുട്ടി പാഠ്യേതര വിഷയങ്ങളിലും മികവ് പുലർത്തിയിരുന്നു. ഷോയിൽ പങ്കെടുക്കാനുള്ള പ്രശസ്ത ഫാഷൻ റീട്ടെയിലറിൽ നിന്ന് ക്ഷണം ലഭിച്ചതിൽ 11 കാരി ആവേശത്തിലായിരുന്നുവെന്ന് ബന്ധു പറയുന്നു.
ഡിസൈനിങ്ങിലും ഡ്രോയിങ്ങിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന കുട്ടികളുടെ മത്സരമാണ് ഇത്. പങ്കെടുക്കുന്നവരുമായി ചോദ്യോത്തര സെഷനുകൾ ഉൾപ്പെടുത്തിയിരുന്നു. ഷൂട്ടിങ്ങിനിടെ കുട്ടി ഒരു മുറിയിൽ തനിച്ചായിരുന്നു. മറ്റ് മത്സരാർഥികൾ മറ്റൊരു മുറിയിൽ ഒരുമിച്ചുമിരുന്നു. മറ്റു കുട്ടികൾ 11കാരിയെ അടുപ്പിച്ചില്ലത്രെ. ഇത് അണിയറക്കാർ ചോദ്യംചെയ്തതോടെ മറ്റ് മത്സരാർഥികളുടെ അമ്മമാരും ചേർന്ന് 11കാരിയെ കാപട്യക്കാരിയായി മുദ്രകുത്തുകയും കുട്ടിയുടെ സ്വഭാവത്തെക്കുറിച്ച് അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുകയും ചെയ്തതോടെ സ്ഥിതിഗതികൾ വഷളായി.
കുട്ടി ഒരാഴ്ച ഐസിയുവിൽ കിടക്കുന്ന സമയത്ത് കുടുംബം നിശബ്ദത പാലിച്ചപ്പോൾ മറ്റ് അമ്മമാർ അവളെ പരസ്യമായി ഭീഷണിപ്പെടുത്തി. പരിപാടി സംപ്രേഷണം ചെയ്ത ശേഷം ബന്ധുക്കൾ സംസാരിക്കാൻ നിർബന്ധിതരാവുകയായിരുന്നു. സ്കൂളിൽ തിരിച്ചെത്തിയപ്പോൾ ഷോയിൽ നിന്നുള്ള ക്ലിപ്പുകൾ പങ്കിട്ട സഹപാഠികളിൽ നിന്ന് 11കാരി നിരന്തരമായ ഭീഷണിയും കളിയാക്കലുകളും നേരിട്ടു. ഇതോടെ കുട്ടി തളർന്നുപോയി. പിന്നീട് ശരീരഭാരം പോലും കുറഞ്ഞതായി ബന്ധുക്കൾ പറയുകയും പരാതി നൽകുകയുമായിരുന്നു.
∙ വദീമ നിയമം
കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച യുഎഇ ഫെഡറൽ നിയമം വദീമയുടെ നിയമം എന്നും അറിയപ്പെടുന്നു. അവഗണന, ചൂഷണം, ശാരീരികവും മാനസികവുമായ ദുരുപയോഗം എന്നിവയിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നിയമ പരിരക്ഷയാണിത്. എല്ലാ കുട്ടികൾക്കും മതിയായ ജീവിത നിലവാരം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, അവശ്യ സേവനങ്ങളിലും സൗകര്യങ്ങളിലും തുല്യ അവസരങ്ങൾ, വിവേചനരഹിതമായ അവസരങ്ങൾ എന്നിവയ്ക്ക് അർഹതയുണ്ടെന്ന് നിയമം അനുശാസിക്കുന്നു.
നയം നടപ്പാക്കാനും നിയമനിർമ്മാണത്തിനനുസരിച്ച് കുട്ടികളുടെ അവകാശങ്ങൾ നിലനിർത്താനുമാണ് യുഎഇയുടെ ചൈൽഡ് പ്രൊട്ടക് ഷൻ യൂണിറ്റ് ലക്ഷ്യമിടുന്നത്. കുട്ടിയുടെ മേൽ നിയമപരമായ രക്ഷിതാവോ അധികാരമോ ഉത്തരവാദിത്തമോ ഉള്ള ഏതൊരു വ്യക്തിയും അല്ലെങ്കിൽ മറ്റേതെങ്കിലും ബന്ധുക്കളോ മറ്റോ എന്നിവരിൽ നിന്ന് അനുഭവിച്ചേക്കാവുന്ന ഉപദ്രവം, അശ്രദ്ധ, വിവേചനം, ദുരുപയോഗം എന്നിവയിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. കുട്ടികളുടെ അവകാശങ്ങൾ നിയന്ത്രിക്കുന്ന സമഗ്രമായ ഒരു നിയമ ചട്ടക്കൂട് സൃഷ്ടിക്കുന്നതിന് മറ്റ് യുഎഇ നിയമങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കാനാണ് നിയമം ലക്ഷ്യമിടുന്നത്. ഇതിൽ ക്രിമിനൽ നിയമം, സൈബർ നിയമം, ജുവനൈൽ നിയമം, തൊഴിൽ നിയമം, വ്യക്തിഗത സ്റ്റാറ്റസ് നിയമം എന്നിവ ഉൾപ്പെടുന്നു.