സ്മാർട് മോണിറ്ററിങ്: ഗതാഗത നിയമലംഘനം തടയാൻ പുതിയ സംവിധാനവുമായി അജ്മാൻ
Mail This Article
അജ്മാൻ ∙ അജ്മാനിൽ ഒക്ടോബർ 1 മുതൽ ഗതാഗത നിയമലംഘനം പിടികൂടാൻ സ്മാർട് സംവിധാനം. ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും സീറ്റ് ബെൽറ്റ് ധരിക്കാത്തതും കണ്ടെത്തുന്ന സ്മാർട് മോണിറ്ററിങ് സംവിധാനം അജ്മാനിൽ നടപ്പാക്കുമെന്ന് അജ്മാൻ പൊലീസ് അറിയിച്ചു.
ഡ്രൈവിങ്ങിനിടെ ഫോണോ ശ്രദ്ധ വ്യതിചലിക്കുന്ന മറ്റെന്തെങ്കിലും ഉപകരണമോ ഉപയോഗിക്കുന്നത് ഫെഡറൽ നിയമം അനുസരിച്ച് 400 ദിർഹം പിഴയും ഡ്രൈവിങ് ലൈസൻസിൽ നാല് ബ്ലാക്ക് പോയിന്റുകളും നൽകും. പിൻസീറ്റിൽ ഇരിക്കുന്നവർ ഉൾപ്പെടെ ഒരു കാറിലെ എല്ലാ യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിക്കണമെന്ന് നിയമം അനുശാസിക്കുന്നു. അല്ലാത്തപക്ഷം വാഹനത്തിന്റെ ഡ്രൈവർക്ക് 400 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളും ചുമത്തും. ട്രാഫിക് നിയമങ്ങളും നിയന്ത്രണങ്ങളും എല്ലാവരും പാലിക്കണമെന്നും അജ്മാൻ പൊലീസ് അഭ്യർഥിച്ചു.