പരാജയത്തിൽ നിന്ന് പിറന്ന വിജയം: ജീവിത മധുരവുമായി ‘സെലിബ്രിറ്റി കേക്കുകൾ’; താരമായി ആതിര
Mail This Article
ദുബായ് ∙ മകന്റെ ഒന്നാം പിറന്നാളിന് യുട്യൂബ് നോക്കി കേക്ക് ഉണ്ടാക്കി പരാജയപ്പെട്ടു പോയ ഒരു ഹോം ബേക്കറെ തേടിയെത്തുന്നതു കേക്കു രാജാക്കന്മാർ പോലും സ്വപ്നം കാണാൻ മടിക്കുന്ന വമ്പൻ ഓർഡറുകൾ. കേക്ക് സാമ്രാജ്യത്തിൽ ആതിര നായർ എന്ന ഹോം ബേക്കർ പിച്ചവച്ചു തുടങ്ങിയിട്ടേയുള്ളു. അപ്പോഴേക്കും ആ കേക്കു മധുരത്തിന്റെ ആരാധകരായവരിൽ നയൻ താരയും സുരേഷ് ഗോപിയും അടക്കം സെലിബ്രിറ്റികൾ ഒരുപാടുണ്ട്. കേക്കിന്റെ ചേരുവകൾക്കു മീതെ സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും ഐസിങ് മധുരം നിറച്ചാണ് ആതിര കേക്കു വിളമ്പുന്നത്.
ബേക്കറിയോ കേക്ക് ഷോപ്പോ ഇല്ല. കേക്ക് കച്ചവടം തീരെയില്ല. വീട്ടിൽ അതിഥികളായി എത്തുന്നവർക്ക് ആതിരയുടെ അടുക്കളയിൽ വെന്തു പൊങ്ങുന്ന ഒരു വിഭവം മാത്രമാണ് കേക്ക്. അതിന്റെ മധുരം ആരുടെയൊക്കെ മനസിനെ ഉലച്ചുവെന്നറിയണമെങ്കിൽ നയൻതാരയുടെ ഭർത്താവ് വിഘ്നേഷിന്റെ സമൂഹ മാധ്യമ പേജുകൾ നോക്കിയാൽ മതി. അതിൽ, ഒരു പോസ്റ്റിൽ, നന്ദി ആതിര ഒരായിരം നന്ദി എന്നെഴുതിയ ഒരു പോസ്റ്റു കാണാം. അതാണ്, ആതിര നായർ.
വിദ്യാഭ്യാസത്തിൽ എംബിഎക്കാരിയാണെങ്കിലും ദുബായ് ഡിസ്ക്കവറി ഗാർഡിനിലെ വീട്ടിൽ ആതിര ‘മാനേജ്’ ചെയ്യുന്നതു വിവിധ തരം രുചികളെയാണ്. പഠിച്ചതിനോടല്ല, പാഷനോടാണ് ആതിരയ്ക്കു കൂടുതൽ താൽപര്യം. ഭർത്താവ് ഹോസ്പ്പിറ്റാലിറ്റി രംഗത്തു പ്രവർത്തിക്കുന്ന പ്രമോദ് കുമാറിന്റെ പ്രോൽസാഹനം കൂടിയായപ്പോൾ, സുഹൃത്തുക്കളെ സൽക്കരിക്കാൻ തന്റെ പാചക വൈദഗ്ധ്യം ഉപയോഗിക്കാമെന്നു ആതിര തീരുമാനിച്ചു. അത്തരമൊരു സൽക്കാരത്തിനിടെയാണ് കേന്ദ്ര മന്ത്രിയും ബന്ധുവുമായ സുരേഷ് ഗോപി ആതിരയുടെ കൈപ്പുണ്യത്തിന്റെ ആരാധകനായത്.
കേക്ക് ഉൾപ്പടെ മധുര പലഹാരങ്ങളെ സുരേഷ് ഗോപി നെഞ്ചോടു ചേർത്തു. മകൾ ഭാഗ്യയുടെ വിവാഹത്തിനു കേക്ക് ഒരുക്കി നൽകണമെന്നായി അടുത്ത ഡിമാൻഡ്. സുരേഷ് ഗോപിയുടെ ആവശ്യപ്രകാരം വിവാഹ സൽക്കാരത്തിലേക്കു കേക്ക് എത്തിച്ചതിനെക്കുറിച്ച് ഓർക്കുമ്പോൾ ഇപ്പോഴും അമ്പരപ്പ് മാറിയിട്ടില്ല ആതിരയ്ക്കും പ്രമോദിനും. ദുബായിൽ കേക്കുണ്ടാക്കി, തിരുവനന്തപുരത്ത് മുറിക്കുക എന്ന അതിസാഹസമാണ് ആതിര ഏറ്റെടുത്തത്. എങ്ങനെ നടപ്പാക്കുമെന്നു നിശ്ചയമില്ല.
കേക്ക് പൂർണ രൂപത്തിലാക്കി തിരുവനന്തപുരത്തേക്കു കൊണ്ടുപോകുന്നത് ഹൈ റിസ്ക്കാണെന്നു മനസിലായി. വിമാനത്തിൽ കേക്ക് ഉടയാതെ, തകരാതെ കൊണ്ടു പോവുക എളുപ്പമല്ല. വിവാഹത്തിനു ക്ഷണമുണ്ടെങ്കിലും പോകുന്നതിനേക്കുറിച്ച് ആലോചിച്ചിട്ടില്ലാത്ത ആതിര തലേ രാത്രിയിൽ ഒരു തീരുമാനം എടുത്തു. നാട്ടിലേക്കു പോവുക തന്നെ. 3 കേക്കുകൾ ദുബായിൽ ഉണ്ടാക്കി. മൂന്നു പായ്ക്കറ്റിലാക്കി. ആതിരയും പ്രമോദും രണ്ടു സുഹൃത്തുക്കളും ഒപ്പം കൂടി. കേക്കുകൾ ഹാൻഡ് ബാഗേജായി കയ്യിൽ കരുതി.
വിമാനത്തിൽ കേക്ക് സീറ്റിനടിയിൽ വയ്ക്കാൻ അനുവാദം കിട്ടി. ഐസിങ് ഉൾപ്പടെയുള്ള മറ്റ് ഫിനീഷിങ് വർക്കുകൾക്ക് ആവശ്യമായ സാധനങ്ങളെല്ലാം കയ്യിൽ കരുതി. വിവാഹ സൽക്കാര ദിവസം പുലർച്ച 5ന് തിരുവനന്തപുരത്ത് എത്തി. ബന്ധുവിന്റെ വീട്ടിലേക്കു പോയി. അവിടെ, ബാക്കി നിർമാണ ജോലികൾ. ചുവപ്പും ഗോൾഡൻ നിറവും പച്ച കിരീടവുമായി മൂന്നു നില കേക്ക്. ഇന്ത്യൻ വിവാഹ നിറങ്ങളെ അനുസ്മരിപ്പിക്കുന്നതായിരുന്നു കേക്കിന്റെ കളർ പാറ്റേൺ. അതിൽ ഒരു മണവാട്ടിയുടെ രൂപം കൂടി ചേർത്തുവച്ചു.
വിവാഹ സൽക്കാര വേദിയിലേക്ക്. വിഐപികളും സെലിബ്രിറ്റികളുമായി ആയിരക്കണക്കിന് ആളുകൾ. കേക്കുമായി വരുന്ന ആതിരയെ നേരിട്ടു വിവാഹ വേദിയിൽ എത്തിക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ സുരേഷ് ഗോപി തന്നെ ചെയ്തിരുന്നു. വേദിയുടെ ഒരു വശത്തു വച്ച കേക്ക്, സുരേഷ് ഗോപി എത്തി വേദിയുടെ നടുവിലേക്കു മാറ്റി വച്ചു. ഭാഗ്യയ്ക്കായി ഒരുക്കിയ കേക്ക് മുറിച്ചത് മറ്റൊരു വിഐപി. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനായിരുന്നു ആ നിയോഗം. വേദിയിൽ വധുവരന്മാരെ ആശിർവദിക്കാൻ എത്തിയ ഗവർണറും ഭാഗ്യയും ചേർന്ന് ആ കേക്ക് മുറിച്ചു.
പിന്നീട്, സുരേഷ് ഗോപിയുടെ പിറന്നാൾ ഉൾപ്പടെ ഒരുപിടി വിശേഷ അവസരങ്ങളിലേക്ക് ആതിരയുടെ കേക്കും മറ്റു മധുര പലഹാരങ്ങളും കടൽ കടന്നെത്തി. ആ ഒരു കേക്കിന് എന്തു വിലയിടുമെന്നു ചോദിച്ചാൽ, ആതിരയ്ക്ക ഉത്തരമില്ല. കാരണം, ആ കേക്കിന്റെ വില തീരുമാനിക്കുന്നത് അതിലെ ചേരുവകൾ മാത്രമല്ല. അതിന്റെ പിന്നിലെ അധ്വാനവും വിമാന യാത്രയും അടക്കം എല്ലാം വരും. അതൊരു സ്നേഹ സമ്മാനമാണ്, ഭാഗ്യയ്ക്ക്. അതുകൊണ്ടു തന്നെ വിലയിടാനാവില്ല, ആതിര പറയുന്നു.
രണ്ടു വർഷം മുൻപാണ് നയൻ താരയ്ക്കു കേക്കു നൽകാൻ സാധിച്ചത്. കേക്ക് ആസ്വദിച്ചതിനു പിന്നാലെ, നയൻസിന്റെ അഭിനന്ദന സന്ദേശമെത്തി. കഴിഞ്ഞ ആഴ്ച സിനിമാ അവാർഡ് ചടങ്ങിനെത്തിയ നയൻ താര, ആദ്യം ഓർത്തത് പഴയ കേക്കിന്റെ രുചിയാണ്. അപ്പോൾ തന്നെ ആതിരയെ തേടി നയൻസിന്റെ വിളി എത്തി. അമ്മയുടെ പിറന്നാളിന് കേക്കു വേണമെന്നായിരുന്നു ആവശ്യം. പക്ഷേ, രണ്ടു മണിക്കൂറിനകം നൽകേണ്ടതിനാൽ ആ ഓർഡർ ഏറ്റെടുക്കാൻ ആതിരയ്ക്കു കഴിഞ്ഞില്ല.
കേക്കിന്റെ ബെയ്സ് ഉണ്ടാക്കി സെറ്റാക്കാൻ തന്നെ 3 മണിക്കൂർ വേണം. മനസില്ലാ മനസോടെ ആ ഓർഡർ ആതിര വേണ്ടെന്നു വച്ചു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ, ഓണ സദ്യ ആവശ്യപ്പെട്ടും നയൻസിന്റെ മാനേജർ വിളിച്ചു. അടുത്ത സുഹൃത്തുക്കൾക്കു വേണ്ടി ഒരുക്കിയ ഓണസദ്യയുടെ ഒരു പങ്ക് നയൻസിന്റെ ഹോട്ടൽ മുറിയിൽ എത്തിച്ചു. അതിനു ശേഷമാണ് വിഘ്നേഷിന്റെ പിറന്നാളിനു കേക്ക് ആവശ്യപ്പെട്ടു നയൻതാരയുടെ വിളി എത്തിയത്. രാത്രി എട്ടരയോടെ കേക്കു വേണം. ഫ്ലേവറൊക്കെ ആതിരയ്ക്കു വിട്ടു.
ബട്ടർ സ്കോച്ച് ഫ്ലേവറിലാണ് ‘വിക്കി’യുടെ പിറന്നാൾ കേക്ക് ഒരുക്കിയത്. നയൻതാരയുടെയും വിക്കിയുടെയും പടം കൂടി കേക്കിൽ ചേർത്തുവച്ചു. രാത്രി എട്ടരയോടെ കേക്ക് മുറിച്ചു. സംവിധായകൻ നെൽസൺ ഉൾപ്പടെ സെലിബ്രിറ്റികളുടെ സാന്നിധ്യത്തിലായിരുന്നു പിറന്നാൾ ആഘോഷം. ആതിരയും പ്രമോദും നേരിട്ട് ഹോട്ടൽ മുറിയിൽ എത്തിയാണ് നയൻതാരയ്ക്കു കേക്കു കൈമാറിയത്. വിക്കിയെ അറിയിക്കാതെ സർപ്രൈസായാണ് പരിപാടികൾ ആസൂത്രണം ചെയ്തതു. കേക്കു മുറിച്ച ശേഷം വിക്കി പ്രമോദിനു മെസേജ് അയച്ചു, കേക്ക് വളരെ അധികം ഇഷ്ടപ്പെട്ടു. പിന്നീട്, സമൂഹ മാധ്യമ പേജിലും വിക്കി പിറന്നാൾ സന്തോഷം പങ്കുവച്ചു.
സമയം കിട്ടുമ്പോഴെല്ലാം കേക്കുകളെ കുറിച്ച് പഠിക്കാനാണ് ആതിരയ്ക്ക് ഇഷ്ടം. ഇതിനായി ഹ്രസ്വകാല കോഴ്സുകളും ചെയ്തു. ഒരു ദിവസം ഇൻസ്റ്റയിൽ ഒരു റഷ്യൻ ഫോളോവർ നെപ്പോളിയൻ കേക്ക് ഉണ്ടാക്കുമോ എന്നു ചോദിച്ചത് ഒരു വെല്ലുവിളിയായിരുന്നു. വളരെ നേർത്ത പാളികളായി അടുക്കി അടുക്കി ഉണ്ടാക്കുന്ന കേക്ക് പലവട്ടം പരീക്ഷിച്ചു നോക്കി. ഒടുവിൽ വിജയിച്ചപ്പോൾ റഷ്യൻ ഫോളോവറെ വിളിച്ചു കേക്ക് കൈമാറി. കേക്ക് നിർമാണം ഒരു ബിസിനസ് ആക്കിയാലോ എന്ന ചിന്തയിലാണ് ആതിര. ഇപ്പോൾ, സുഹൃത്തുക്കൾക്കു മാത്രമാണ് നൽകുന്നത്.
വിൽപ്പനയിലേക്കു കടന്നിട്ടില്ല. കേക്ക് നിർമാണത്തിന്റെ ലൈസൻസ് നേടുന്നതിനു ദുബായിൽ വിവിധ കടമ്പകളുണ്ട്. അതിനുള്ള തയാറെടുപ്പിലാണ് ആതിരയും പ്രമോദും. മക്കളായ അർജുനും ഐശ്വര്യയയുമാണ് അമ്മയുടെ ആദ്യ േടസ്റ്റർമാർ. അവർക്ക് ഇഷ്ടപ്പെട്ടാൽ, അടുത്ത ഘട്ടം പ്രമോദിലാണ്. പ്രമോദും ഓക്കെ പറഞ്ഞാൽ, സൽക്കാര മേശയിലേക്കു കേക്ക് എത്തും.