ADVERTISEMENT

അബുദാബി ∙ ഇന്ത്യയ്ക്കു ശേഷം രണ്ടാമത്തെ പ്രധാന പ്രതിരോധ പങ്കാളിയായി യുഎഇയെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അംഗീകരിച്ചു. ഹ്രസ്വസന്ദർശനത്തിനായി യുഎസിൽ എത്തിയ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി നടത്തിയ ചർച്ചയിലായിരുന്നു സുപ്രധാന പ്രഖ്യാപനം. സംയുക്ത പരിശീലനം, അഭ്യാസങ്ങൾ, മറ്റു സഹകരണം എന്നിവയിലൂടെ യുഎസ് അടുത്ത സൈനിക സഹകരണം അനുവദിക്കുന്ന ഏക രാജ്യമാണ് ഇന്ത്യ. ഇതിനു പുറമേ ജിസിസിയിലെ നിർണായക ശക്തിയായ യുഎഇയുമായുള്ള സൗഹൃദം ഇരുരാജ്യങ്ങൾക്കും ഗുണം ചെയ്യുമെന്നാണ് വിലയിരുത്തുന്നത്. ബഹിരാകാശ പര്യവേക്ഷണം, സംശുദ്ധ ഊർജം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) എന്നിവയിൽ സഹകരണം വർധിപ്പിക്കാനും ധാരണയായി.

ഗാസയിലെ യുദ്ധവും മധ്യപൂർവദേശത്ത് വർധിച്ചുവരുന്ന അസ്ഥിരതയും ചർച്ച ചെയ്ത ഇരുവരും ഗാസയിലേക്ക് തടസ്സമില്ലാത്ത അടിയന്തര സഹായം എത്തിക്കുന്നതിനും ഇസ്രയേൽ-ഹമാസ് വെടിനിർത്തൽ കരാർ നടപ്പാക്കാനും പ്രതിജ്ഞാബദ്ധമാണെന്നും പറഞ്ഞു. ഇസ്രയേൽ ലബനനിൽ നടത്തിയ വ്യോമാക്രമണത്തിൽ 492 പേർ കൊല്ലപ്പെട്ട കാര്യവും ഷെയ്ഖ് മുഹമ്മദ് ബൈഡന്റെ ശ്രദ്ധയിൽ പെടുത്തി. ജനങ്ങളെ സുരക്ഷിതമായി വീടുകളിലേക്കു മടങ്ങാൻ അനുവദിക്കുന്ന വിധത്തിൽ സംഘർഷം ലഘൂകരിക്കാൻ യുഎസ് ഇടപെടുന്നതായും ബൈഡൻ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കൽ പ്രതിസന്ധിക്ക് കാരണമായ സുഡാൻ യുദ്ധത്തിന് സൈനിക പരിഹാരമില്ലെന്നും സൂചിപ്പിച്ചു. 

വൈസ് പ്രസിഡന്റ് കമല ഹാരിസുമായും ഷെയ്ഖ് മുഹമ്മദ് ചർച്ച നടത്തി. യുഎഇ പ്രസിഡന്റിന്റെ ആദ്യ യുഎസ് സന്ദർശനത്തിന് വൻ വരവേൽപാണ് ജോ ബൈഡൻ ഭരണകൂടം നൽകിയത്.

English Summary:

US President Joe Biden designates UAE as a second major defense partner after India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com