വയനാട് പുനഃരധിവാസം: കേളിയുടെ രണ്ടാം ഗഡു ഇന്ന് കൈമാറും
Mail This Article
റിയാദ് ∙ വയനാട് ജില്ലയിലെ ചൂരൽമലയിലും, മുണ്ടക്കൈയിലും അട്ടമലയിലും ഉണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈതാങ്ങാവാൻ കേളി കലാസാംസ്കാരിക വേദി പ്രഖ്യാപിച്ച ഒരു കോടി രൂപയുടെ രണ്ടാം ഗഡു ഇന്ന് കൈമാറും. കേരള സർക്കാരിനൊപ്പം കൈകോർത്ത് സർക്കാരിന്റെ പുനഃരധിവാസ പദ്ധതിയുടെ ഭാഗമായാണ് കേളി ഒരു കോടി രൂപ സമാഹരിച്ചു നൽകുമെന്ന തീരുമാനം പ്രഖ്യാപിച്ചത്.
ദുരന്തം നടന്ന് രണ്ടാം ദിനം തന്നെ പ്രവാസ ലോകത്തുനിനുള്ള ആദ്യ സഹായമായി 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേളി കൈമാറിയിരുന്നു. തുടർന്നാണ് ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമായതും സർക്കാർ ടൗൺഷിപ്പ് പ്രഖ്യാപിച്ചതും. ഇതേ തുടർന്ന് കേളിയിലെയും കുടുംബവേദിയിലെയും എല്ലാ അംഗങ്ങളെയും പങ്കാളികളാക്കികൊണ്ട് ഒരു കോടി രൂപ നൽകാൻ കേളി രക്ഷാധികാരി തീരുമാനിച്ചത്. നാട്ടിൽ അവധിയിലുള്ള കേളി സെക്രട്ടറി സുരേഷ് കണ്ണപുരത്തിന്റെ നേതൃത്വത്തിൽ കേളിയുടെ മുൻകാല പ്രവർത്തകർ ചേർന്ന് മുഖ്യമന്ത്രിക്ക് ഫണ്ട് കൈമാറും.