ADVERTISEMENT

അബുദാബി ∙ തായ്​ലാൻഡിൽ നടന്ന എൻഡൂറൻസ് ഇന്റർനാഷനൽ ചാംപ്യൻഷിപ്പിലെ സ്കേറ്റിങിൽ യുഎഇയെ പ്രതിനിധീകരിച്ച് പങ്കെടുത്ത മലയാളി വിദ്യാർഥികൾ സ്വർണ, വെള്ളി, വെങ്കല മെഡലുകൾ വാരിക്കൂട്ടി. കണ്ണൂർ ഏച്ചൂർ സ്വദേശി ബിബിൻ-പ്രവിജ രാജ് ദമ്പതികളുടെ മകൻ ആദിദേവ്, എറണാകുളം നോർത്ത് പറവൂർ സ്വദേശി വിനു-ഹേമ ദമ്പതികളുടെ മകൾ റിതു വിനു, ആലപ്പുഴ കാലാവം സ്വദേശി സുനിൽ-സരിത ദമ്പതികളുടെ മകൻ കെ.എസ്.നകുലൻ എന്നിവരാണ് ഇന്ത്യയ്ക്കും യുഎഇയ്ക്കും അഭിമാന താരങ്ങളായത്. 3 മലയാളി കുട്ടികൾ യുഎഇയ്ക്ക് സമ്മാനിച്ചത് 11 സ്വർണവും ഒരു വെള്ളിയും 3 വെങ്കലവും അടക്കം 15 മെഡലുകൾ.

അണ്ടർ 8 വിഭാഗത്തിൽ മത്സരിച്ച 6 ഇനങ്ങളിലും 6 സ്വർണ മെഡൽ സ്വന്തമാക്കിയ ആദിദേവ് ആണ് ടൂർണമെന്റിലെ താരം.  5 മിനിറ്റ് എലിമിനേഷൻ, 2 മിനിറ്റ്, 20 സെക്കൻഡ് (സ്പീഡ് ഇൻ ലൈൻ സ്കേറ്റിങ്), റിക്രിയേഷനൽ ഇൻലൈൻ 84എംഎം ആൻഡ് ബിലോ 2 മിനറ്റ്, 1 മിനിറ്റ്, 20 സെക്കൻഡ് എന്നീ ഇനങ്ങളിലാണ് ലീഡേഴ്സ് പ്രൈവറ്റ് സ്കൂൾ ഷാർജയിലെ രണ്ടാം ക്ലാസ് വിദ്യാർഥിയായ ആദിദേവ് മെഡൽ വാരിക്കൂട്ടിയത്. ആദിയുടെ ആദ്യ രാജ്യാന്തര മത്സരമാണിത്. യുഎഇതല മത്സരങ്ങിലെ ജേതാവായിരുന്നു. എഫ്.വൈ.ബി സ്പോർട്സ് അക്കാദമിയിൽ ഒരു വർഷമായി സ്കേറ്റിങ് പരിശീലിക്കുന്നുണ്ട്. ഡിഐപിയിൽ എൻജിനീയറായ ബിബിന്റെയും ബിറ്റ്സ് പിലാനിയിൽ പിഎച്ച്ഡി സ്കോളറായ പ്രവിജ രാജിന്റെയും മകനാണ്.

യുഎഇ സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർഥിയായ റിതു 5 സ്വർണവും ഒരു വെള്ളിയും സ്വന്തമാക്കി. ദുബായ് ഇന്ത്യൻ ഇന്റർനാഷണൽ സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർഥിയായ റിതു 2 വർഷമായി എഫ്.വൈ.ബി സ്പോർട്സ് അക്കാദമിയിൽ സ്കേറ്റിങ് പരിശീലിച്ചുവരുന്നു. 5-7 വയസ്സ് വിഭാഗത്തിൽ 2 മിനിറ്റ് 1, മിനിറ്റ്, 20 സെക്കൻഡ് ഇനങ്ങളിലായി 5 സ്വർണവും ഒരു വെള്ളി മെഡലുമാണ് ഈ മിടുക്കി സ്വന്തമാക്കിയത്. യുഎഇയിലെ യങ്ങസ്റ്റ് ചാംപ്യനായ റിതുവിന്റെയും ആദ്യ രാജ്യാന്തര മത്സരമായിരുന്നു. 2 വർഷത്തിനിടെ 10 ട്രോഫിയും 35 മെഡലും സ്വന്തമാക്കിയിട്ടുണ്ട്.

അണ്ടർ 14ൽ മത്സരിച്ച നകുലൻ പങ്കെടുത്ത 3 ഇനങ്ങളിലും വെങ്കല മെഡലുകൾ നേടി. 20 സെക്കൻഡ്, 2 മിനിറ്റ്, 5 മിനിറ്റ് എലിമിനേഷൻ അബുദാബിയിൽ ടൈലർമാരായ സുനിലിന്റെയും സരിതയുടെയും മകനായ നകുലൻ ഓൺലൈനായാണ് പഠനം തുടരുന്നത്. അബുദാബിയിലെ മാഡ്റോളേഴ്സ് ആണ് നകുലനെ പരിശീലിപ്പിച്ചതും രാജ്യാന്തര മത്സരത്തിൽ പങ്കെടുപ്പിച്ചതും.  യുഎഇയെ പ്രതിനിധീകരിച്ച് പങ്കെടുത്ത മൊത്തം 14 പേരിൽ 12ഉം വിദേശികളാണ്. ഇതിൽ 4 പേരൊഴികെ മറ്റെല്ലാവരും ഇന്ത്യക്കാർ. ചാംപ്യൻഷിപ്പിലെ റണ്ണേഴ്സ് അപ് ട്രോഫിയും യുഎഇയ്ക്കാണ്.

English Summary:

Malayali Students in UAE Claim Medals at Endurance National Skating Championship

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com