ഷാർജയിലെ സ്വകാര്യ സ്കൂളുകൾക്കും നിലവാര പരിശോധന
Mail This Article
ഷാർജ ∙ ഷാർജയിലെ സ്വകാര്യ സ്കൂളുകൾക്കും നിലവാര പരിശോധന വരുന്നു. എമിറേറ്റിലെ സ്വകാര്യ സ്കൂളുകൾക്കായി സ്റ്റാൻഡേർഡ് ടെസ്റ്റുകൾ വികസിപ്പിക്കാനും നടപ്പിലാക്കാനും ഒരുങ്ങുകയാണെന്നും അതിനായി അസസ്‌മെന്റ് സൊല്യൂഷൻ പ്രൊവൈഡറുമായി പങ്കാളിത്തത്തിൽ ഒപ്പുവച്ചതായും എമിറേറ്റിന്റെ വിദ്യാഭ്യാസ റെഗുലേറ്റർ പറഞ്ഞു. പദ്ധതിയുടെ ഭാഗമായി വൈദഗ്ധ്യം, വിവരങ്ങൾ, റിപ്പോർട്ടുകൾ എന്നിവ പങ്കുവയ്ക്കുന്നതിന് ഡിഗ്ലോസി കമ്പനിയുമായി ചേർന്ന് ഷാർജ പ്രൈവറ്റ് എജ്യുക്കേഷൻ അതോറിറ്റി പ്രവർത്തിക്കും.
എമിറേറ്റിന്റെ വിദ്യാഭ്യാസ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായ് പ്രവർത്തന പദ്ധതി വ്യക്തമാക്കുന്ന ധാരണാപത്രത്തിൽ ഇരു സ്ഥാപനങ്ങളും ഒപ്പുവച്ചു. ലൈസൻസുള്ള സ്‌കൂളുകളുമായി എസ്‍പിഇഎ ആശയവിനിമയം നടത്തി നിലവാര പരിശോധനകള്‍ക്ക് ആവശ്യമായ എല്ലാ വിവരങ്ങളും ഡിഗ്ലോസിയയുമായി പങ്കിടും. വിദ്യാഭ്യാസ നിലവാരം ഉയർത്താൻ സഹായിക്കുന്ന ഈ പരിശോധനകളിൽ പങ്കെടുക്കാൻ സ്കൂളുകളെ അതോറിറ്റി പ്രോത്സാഹിപ്പിക്കും.
പരീക്ഷാ ഫലങ്ങളുമായി ബന്ധപ്പെട്ട ഡാറ്റയും വിവരങ്ങളും കൂടാതെ സ്കൂളുകൾ നടത്തുന്ന സ്റ്റാൻഡേർഡ് ടെസ്റ്റുകളുടെ വിശകലനവും ഡിഗ്ലോസിയ എസ്‍പിഇഎയുമായി പങ്കിടും. ഇതിന്‍റെ വിശ്വാസ്യത ഉറപ്പാക്കുകയും പരിശോധന ഫലങ്ങളെ അടിസ്ഥാനമാക്കി സ്കൂൾ പ്രകടനം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികൾ വികസിപ്പിക്കുന്നതിന് സഹായം നൽകുകയും ചെയ്യും. എമിറേറ്റിലെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനും സ്വകാര്യ സ്‌കൂളുകളിലെ വിദ്യാർഥികളുടെ കഴിവുകൾ വികസിപ്പിക്കുന്നതിനുമുള്ള സുപ്രധാന ചുവടുവയ്പായിട്ടാണ് ഈ പദ്ധതി വിലയിരുത്തപ്പെടുന്നത്. ഇത്തരത്തിൽ സ്വകാര്യ സ്കൂളുകളുടെ നിലവാര പരിശോധന ദുബായിൽ നേരത്തെ നടന്നുവരുന്നു. ഷാർജയിൽ ഒട്ടേറെ സ്വകാര്യ സ്കൂളുകളിൽ ഭൂരിഭാഗവും ഇന്ത്യൻ സ്കൂളുകളാണ്.