വ്യക്തിവിവരങ്ങൾ പങ്കിട്ടാൽ അപകടം: എഐ ആപ്പുകളെ വിശ്വസിക്കേണ്ട; മുന്നറിയിപ്പുമായ് ദുബായ് പൊലീസ്
Mail This Article
ദുബായ് ∙ നിർമിതബുദ്ധി ആപ്പുകൾക്ക് (ചാറ്റ്ബോട്ട്സ്, ചാറ്റ്ജിപിടി തുടങ്ങിയവ) വ്യക്തിവിവരങ്ങൾ കൈമാറുന്നത് അപകടകരമാണെന്ന് ദുബായ് പൊലീസിന്റെ മുന്നറിയിപ്പ്. ഉപഭോക്താക്കളുടെ സംശയങ്ങൾക്ക് നിമിഷങ്ങൾക്കകം ഉത്തരം നൽകുകയും ആവശ്യങ്ങൾ നിറവേറ്റി നൽകുകയും ചെയ്യുന്ന എഐ ആപ്പുകളെ നൂറുകണക്കിന് ആളുകളാണ് ആശ്രയിക്കുന്നത്.
ഗവേഷണം തയാറാക്കുക, ലേഖനങ്ങളും കത്തുകളും എഴുതുക, ഇ–മെയിലുകളോട് പ്രതികരിക്കുക തുടങ്ങിയ ആവശ്യങ്ങൾക്കായി എഐ ആപ്പുകൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്ന് ദുബായ് പൊലീസ് പറഞ്ഞു. വോയ്സ് ഫീച്ചർ അവതരിപ്പിച്ചതോടെ, പലരും വ്യക്തിവിവരങ്ങൾ പോലും എഐ ആപ്പിനോട് തുറന്നുപറയുന്നു. ഇത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നും പൊലീസ് ഓർമിപ്പിച്ചു.
ഗവേഷണത്തിനും അക്കാദമിക് ജോലികൾക്കും എഐ ആപ് ഉപയോഗിക്കുമ്പോൾ തെറ്റായ വിവരങ്ങൾ കടന്നുകൂടാൻ സാധ്യതയുണ്ട്. അതേസമയം, ഒന്നിലധികം ഉറവിടങ്ങളിൽനിന്നുള്ള വിവരങ്ങൾ പരിശോധിക്കുന്നതിന് ഇത് ഏറെ സഹായകമാണ്. എങ്കിലും, ഇത്തരം ആപ്പുകളുടെ അമിത ഉപയോഗം ക്രിയാത്മകത നഷ്ടപ്പെടാൻ ഇടയാക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഫോണിലെ ഡേറ്റയും ചിത്രങ്ങളും മെസേജുകളുമെല്ലാം ഉപയോഗിക്കാനുള്ള അനുമതി ആപ് ഇൻസ്റ്റാൾ ചെയ്യുന്ന സമയത്ത് ചോദിക്കാറുണ്ട്. പലരും തിടുക്കത്തിൽ, ഇവ വായിക്കാതെ അനുമതി നൽകും.
ഭാവിയിലെ അപകടങ്ങൾ
ഭാവിയിൽ ഡീപ്ഫേക്ക് വിഡിയോകൾ സൃഷ്ടിച്ച് അനധികൃത ഉൽപന്നങ്ങളോ നിക്ഷേപങ്ങളോ പ്രോത്സാഹിപ്പിക്കുന്നതിന് ഇവ ഉപയോഗിച്ചേക്കാം. സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകൾ ഹാക്ക് ചെയ്യുന്നതിനും സാധ്യതയുണ്ട്. നിർമിത ബുദ്ധി സാങ്കേതികവിദ്യ ഉപയോഗിച്ച് വിദേശ കമ്പനികളിൽ വരെ സൈബർ തട്ടിപ്പ് നടത്താനും കഴിഞ്ഞേക്കും. ഈ വർഷം ഇത്തരം 12 കേസുകളിലായി 43 പേരാണ് അറസ്റ്റിലായതെന്നും പൊലീസ് അറിയിച്ചു.