ADVERTISEMENT

അബുദാബി ∙ പ്രസിഡൻഷ്യൽ പാലസിലെ ഖസർ അൽ വതൻ ലൈബ്രറിയിൽ സൗജന്യ അംഗത്വത്തിന് സുവർണാവസരം. സ്വദേശികൾക്കും യുഎഇയിലുള്ള വിദേശികൾക്കും അംഗത്വമെടുക്കാം. അറിവിന്റെ  ലോകം തുറന്നുനൽകി വായനാ സംസ്കാരം വളർത്തുകയാണ് ലക്ഷ്യം. സാംസ്കാരിക, ടൂറിസം വകുപ്പിന്റെ (ഡിസിടി അബുദാബി) വെബ്സൈറ്റിലൂടെ റജിസ്റ്റർ ചെയ്യുന്നവർക്ക് അംഗത്വം ലഭിക്കും. അവസരം പ്രയോജനപ്പെടുത്താൻ ജനങ്ങൾ മുന്നോട്ടുവരണമെന്ന് അറബിക് ലേണിങ് സെന്ററിലെ ലൈബ്രറി വിഭാഗം ഡയറക്ടർ ജുമ അൽ ദാഹിരി പറഞ്ഞു.

പൊതുജനങ്ങൾക്ക് പ്രവേശനമുള്ള ലോകത്തിലെ അപൂർവം രാജകൊട്ടാരങ്ങളിൽ ഒന്നാണ് പ്രസിഡൻഷ്യൽ പാലസ് (ഖസർ അൽ വതൻ). കൊട്ടാരത്തിനകത്തെ ലൈബ്രറി അമൂല്യ ഗ്രന്ഥങ്ങളുടെ കലവറയാണ്. 

35 വർഷംകൊണ്ട് ശേഖരിച്ച അര ലക്ഷത്തിലേറെ ശീർഷകത്തിലുള്ള പുസ്തകങ്ങളാണ് ഖസർ അൽ വതൻ ലൈബ്രറിയുടെ സവിശേഷത. വിവിധ മേഖലകളിലെ ശാസ്ത്ര പുസ്തകങ്ങൾക്കൊപ്പം യുഎഇയുടെ സാഹിത്യ കൃതികളുടെ വിശാല ശേഖരവുമുണ്ട്. യുഎഇ ഉൾപ്പെടെയുള്ള മേഖലയുടെ സാമൂഹിക, സാംസ്കാരിക, സാമ്പത്തിക, രാഷ്ട്രീയ ചരിത്രവും ഗ്രന്ഥങ്ങളിൽനിന്ന് വായിച്ചെടുക്കാം.  ചരിത്രം, പൈതൃകം, ജീവചരിത്രം, മനുഷ്യശാസ്ത്രം, സ്ഥിതിവിവരം, ഭരണനിർവഹണം, സാംസ്കാരികം, സാഹിത്യം, കല, തുടങ്ങി പൊതുജന താൽപര്യമുള്ള എല്ലാ വിഷയങ്ങളിലെ പുതിയതും പുരാതനവുമായ പുസ്തകങ്ങളുടെ ശേഖരമാണ് ലൈബ്രറിയെ സമ്പന്നമാക്കുന്നത്. സാംസ്കാരിക, ഗവേഷണ കേന്ദ്രങ്ങളിൽ നിന്നുള്ള പുസ്തകങ്ങളുമുണ്ട്. അറബിക്, ഇംഗ്ലിഷ് ഭാഷകളിലുള്ള പുസ്തകങ്ങളാണ് കൂടുതലും.  ഖുർആൻ, ബൈബിൾ എന്നിവയുടെ ഏറ്റവും പഴക്കമേറിയ കയ്യെഴുത്ത് പ്രതികളുമുണ്ട്.

ഡിജിറ്റൽ ലൈബ്രറിയിൽ അംഗമാകുന്നവർക്ക് ലോകത്തിൻറെ ഏതു ഭാഗത്തിരുന്നും ഖസർ അൽ വതൻ ലൈബ്രറിയിലെ പുസ്തകങ്ങൾ വായിക്കാം.  പ്രമുഖരുടെ പ്രഭാഷണങ്ങളും കേൾക്കാം. കൂടാതെ ഗവേഷണ പ്രബന്ധങ്ങളും പ്രധാന റിപ്പോർട്ടുകളും മാസികയും വിവർത്തന ഗ്രന്ഥങ്ങളുമെല്ലാം ലൈബ്രറിയെ മികച്ച ഗ്രന്ഥാലയമാക്കുന്നു. അത്യാധുനിക സംവിധാനത്തോടെ സജ്ജമാക്കിയ വായനാ മുറിയാണ് മറ്റൊരു പ്രത്യേകത. ഈ വർഷം ആദ്യപാദത്തിൽ 2.7 ലക്ഷം പേർ ലൈബ്രറി സന്ദർശിച്ചിരുന്നു.

English Summary:

Free membership for Qasr Al Watan library in Presidential Palace

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com