'മഞ്ഞപ്പട ഒമാൻ' ഫുട്‌ബോൾ ടൂർണമെന്റും ഫാമിലി ഇവന്റും ഒക്ടോബര് 4ന്
Mail This Article
മസ്‌കത്ത് ∙ കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പട ഒമാൻ ഘടകം സംഘടിപ്പിക്കുന്ന ഫ്രെണ്ടി മൊബൈൽ മഞ്ഞപ്പട സൂപ്പർ കപ്പ് രണ്ടാം സീസണും ഫാമിലി ഇവന്റും മബേലയിലെ മാൾ ഓഫ് മസ്‌കത്തിന് പിൻ ഭാഗത്തുള്ള അൽ ഷാദി ടർഫിൽ ഒക്ടോബർ നാലാം തീയതി നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
വൈകുന്നേരം ആരംഭിക്കുന്ന ടൂർണമെന്റിൽ, ഒമാനിലെ സെവൻസ് ഫുട്‌ബോളിലെ താര രാജാക്കന്മാർ അണിനിരക്കും. 16 ടീമുകൾ പങ്കെടുക്കുന്ന മെഗാ ടൂർണമെന്റിൽ കാഴ്ചക്കാർക്കും മത്സരാർഥികൾക്കും ഒരുപോലെ ആവേശകരമായ അനുഭവമാകുമെന്നാണ് സംഘാടകാരുടെ പ്രതീക്ഷ. സെവൻസ് ഫുട്‌ബോൾ ആസ്വാദനത്തിനൊപ്പം സ്ത്രീകൾക്കും കുട്ടികൾക്കുമായി വിവിധ മത്സരങ്ങളും ആകർഷകമായ സമ്മാനങ്ങൾക്കും പുറമെ കാണികളിൽ നിന്ന് ഭാഗ്യശാലിയായ ഒരാൾക്ക് സർപ്രൈസ് സമ്മാനവും ഒരുക്കിയിട്ടുണ്ട്.
കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഔദ്യോഗിക ആരാധക കൂട്ടായ്മയായ മഞ്ഞപ്പട കൊച്ചിയിലെ ഗാലറിയിൽ വിരിയിക്കുന്ന ആവേശം ഇപ്പോൾ ഒമാനിലെ പ്രവാസികൾക്ക് വേണ്ടി പുനരാവിഷ്‌കരിക്കാനാണ് പദ്ധതിയിടുന്നത്. പ്രസിഡന്റ് സുജേഷ് ചേലോറ, സെക്രട്ടറി ആൽഡിറിൻ മെൻഡിസ് മുതലായവരുടെ നേതൃത്വത്തിൽ ചേർന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി ടൂർണമെന്റ് കമ്മിറ്റി ചെയർമാനായി ഡെന്നിസിനെയും കൺവീനറായി രജീഷ് കുന്നോനെയും തിരഞ്ഞെടുത്തു. ഒമാനിലെ പ്രമുഖ പ്രവാസി ക്ലബ്ബുകളായ മസ്‌കത്ത് ഹാമ്മേഴ്‌സ്, ഡൈനമോസ് എഫ്‌സി, ടോപ് ടെൻ ബർക, യുണൈറ്റഡ് കേരള എഫ്സി, നേതാജി എഫ്സി, ബ്ലാക്ക് യുണൈറ്റഡ് എഫ്സി, നെസ്‌റ്റോ എഫ്സി, ബ്രദേർസ് ബർക, എഫ്സി നിസ്‌വ, ലയൺസ് മസ്‌കത്ത്, ജിഫ്‌സി, പ്രോസോൺ സ്‌പോർട്‌സ് ക്ലബ്, യുണൈറ്റഡ് കാർഗോ, റിയൽ ഇബ്ര എഫ്സി, മഞ്ഞപ്പട ഒമാൻ എഫ്സി എന്നീ കരുത്തുറ്റ ടീമുകൾ മാറ്റുരയ്ക്കും.
ടൂർണമെന്റിൽ വിന്നേഴ്‌സ് റണ്ണേഴ്‌സ് ട്രോഫികൾക്കും ക്യാഷ് അവാർഡിനും പുറമെ വ്യക്തിഗത മികവ് പുലർത്തുന്ന കളിക്കാർക്കും ട്രോഫികളും സമ്മാനങ്ങളും നൽകും. മസ്‌കത്തിൽ പ്രവാസി ഫുട്‌ബോൾ ചരിത്രത്തിൽ പുതിയ അധ്യായം തുറക്കുന്ന ഈ ടൂർണമെന്റിലേക്ക് കാൽപന്തു പ്രേമികളെയും കുടുംബാംങ്ങളെയും ടൂർണമെന്റ് കമ്മിറ്റി ഊഷ്മളമായി സ്വാഗതം ചെയ്യുന്നതായും ബന്ധപ്പെട്ടവർ അറിയിച്ചു.