ഇന്ത്യൻ കോൺസുലേറ്റിന്റെ പേരിൽ വ്യാജ ഫോൺ വിളികൾ; ഇല്ലാത്ത പ്രശ്നങ്ങൾ പറഞ്ഞ് പേടിപ്പിക്കും, പണം കവരും
Mail This Article
ദുബായ് ∙ പ്രവാസി ഭാരതീയ സഹായകേന്ദ്രത്തിന്റെ പേരിൽ വരുന്ന വ്യാജ ഫോൺ കോളുകളിൽ വഞ്ചിതരാകരുതെന്നു ദുബായ് ഇന്ത്യൻ കോൺസുലേറ്റിന്റെ മുന്നറിയിപ്പ്. കുടിയേറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉന്നയിച്ചാണ് വിളിക്കുന്നത്. ഇല്ലാത്ത ഇമിഗ്രേഷൻ പ്രശ്നത്തിന്റെ പേരു പറഞ്ഞു പണം തട്ടുകയാണ് ഫോൺ വിളിക്കുന്നവരുടെ ലക്ഷ്യമെന്നു കോൺസുലേറ്റ് വ്യക്തമാക്കി.
സഹായ കേന്ദ്രത്തിന്റെ 80046342 എന്ന ഫോൺ നമ്പരുമായി സാമ്യമുള്ള നമ്പരിൽ നിന്നാണ് വിളികൾ എത്തുന്നത്. ഇമിഗ്രേഷനുമായി ബന്ധപ്പെട്ട ഒരു വിഷയത്തിലും കോൺസുലേറ്റിൽ നിന്ന് വിളിക്കില്ലെന്നും അധികൃതർ അറിയിച്ചു. ഇത്തരം ഫോൺ വിളിക്കുന്നവരുമായി പണം കൈമാറ്റം ചെയ്യരുതെന്നും മുന്നറിയിപ്പിൽ പറയുന്നു. കോൺസുലേറ്റിൽ നിന്നു വിളിച്ചു വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ആവശ്യപ്പെടില്ല. ഒടിപി, പിൻ നമ്പർ, ബാങ്ക് വിവരങ്ങൾ തുടങ്ങിയവയും ഫോൺ വഴി ആരോടും ചോദിക്കില്ല. യുഎഇ പൊതുമാപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് വിവിധ കാരണങ്ങൾ പറഞ്ഞ് വ്യാജ ഫോൺ വിളികൾ എത്തുന്നത്. സമാനമായ നമ്പർ ആയതിനാൽ, ആളുകൾ തട്ടിപ്പിനിരയാകുന്ന സാഹചര്യത്തിലാണ് ജാഗ്രതാ നിർദേശം നൽകിയത്. പാസ്പോർട്ട് കാലാവധി കഴിഞ്ഞു, വീസയിൽ പ്രശ്നങ്ങളുണ്ട്, റസിഡൻസി പ്രശ്നങ്ങളുണ്ട് തുടങ്ങിയ കാരണങ്ങൾ പറഞ്ഞാണ് വിളികൾ എത്തുന്നത്. കോൺസുലേറ്റിന്റെ ഫീസ് എന്ന നിലയിലാണ് പണം ആവശ്യപ്പെടുന്നത്.