ടെർമിനൽ 2ൽ ഭിന്നശേഷി സൗഹൃദ ലൗഞ്ച് തുറന്ന് ദുബായ് വിമാനത്താവളം
Mail This Article
ദുബായ് ∙ ഭിന്നശേഷിക്കാർക്കായി ദുബായ് വിമാനത്താവളത്തിൽ പ്രത്യേക ലൗഞ്ച് തുറന്നു. ടെർമിനൽ 2വിൽ തുറന്ന ലൗഞ്ച് ഭാവിയിൽ ദുബായിലെ മറ്റു വിമാനത്താവളങ്ങളിലും തുറന്നേക്കും. ഓട്ടിസം, കാഴ്ച, കേൾവി പരിമിതികൾ ഉൾപ്പെടെയുള്ള ഭിന്നശേഷിക്കാർക്കായി വീൽചെയറുകൾ ഉൾക്കൊള്ളും വിധമാണ് ലൗഞ്ച് സജ്ജമാക്കിയത്.
കാഴ്ച പരിമിതിയുള്ളവർക്ക് ചലനം സുഗമമാക്കുന്നതിനും കേൾവി പരിമിതിയുള്ളവർക്ക് ആശയവിനിമയം എളുപ്പമാക്കാനുമെല്ലാം പ്രത്യേക സൗകര്യമുണ്ട്. ഓട്ടിസം ബാധിച്ചവർക്ക് സ്ട്രെസ് റിലീഫ് ഏരിയയിൽ സ്വസ്ഥമായി വിശ്രമിക്കാം. പ്രായപൂർത്തിയാകാത്തവർക്കും തനിച്ചുവരുന്ന ഭിന്നശേഷിക്കാർക്കുമായി പ്രത്യേക ഇടങ്ങളുണ്ട്. ഡിനാറ്റയുമായി സഹകരിച്ചാണ് ദുബായ് വിമാനത്താവളം പുതിയ പദ്ധതി ആവിഷ്കരിച്ചത്. എല്ലാ വിഭാഗം യാത്രക്കാരെയും സ്വാഗതം ചെയ്യുന്നതിന്റെ ഭാഗമായാണ് പ്രത്യേക ലൗഞ്ച് ഒരുക്കിയതെന്ന് ദുബായ് എയർപോർട്ട് ചീഫ് ഓപ്പറേറ്റിങ് ഓഫിസർ മാജിദ് അൽ ജോക്കർ പറഞ്ഞു. തടസ്സമില്ലാത്ത സേവനം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഭിന്നശേഷിക്കാർക്ക് വിമാനത്താവളത്തിൽ പ്രവേശിക്കുന്നത് മുതൽ പുറത്തുകടക്കുന്നതുവരെ മുൻഗണന നൽകും. കൂടാതെ 2 മണിക്കൂർ സൗജന്യ പാർക്കിങ്, പ്രത്യേക ടാക്സി, വീൽചെയർ തുടങ്ങിയ സേവനങ്ങളും നൽകുന്നുണ്ട്.
എയർപോർട്ട് കൗൺസിൽ ഇന്റർനാഷനലിന്റെ അക്രഡിറ്റേഷനുള്ള ദുബായ് എയർപോർട്ടിന് ഓട്ടിസം സെന്ററിന്റെ ‘ഓട്ടിസം ഫ്രണ്ട്‌ലി’, ‘ഓട്ടിസം അക്രഡിറ്റഡ് സെന്റർ’ എന്നീ പദവികളും ലഭിച്ചിരുന്നു. ഈ അംഗീകാരമുള്ള രാജ്യത്തെ ആദ്യ വിമാനത്താവളമാണിത്.