സൗദി തദ്ദേശീയമായി നിർമിച്ച ഡ്രോൺ ഉദ്ഘാടനം ചെയ്തു
Mail This Article
റിയാദ്∙ സൗദിയിൽ തദ്ദേശീയമായി നിർമിച്ച ഡ്രോൺ ആകാശത്തിലൂടെ ഇതാദ്യമായി പറന്നു. ഖസീം പ്രവിശ്യ ഗവർണർ അമീർ ഫൈസൽ ബിൻ മിഷാലാണ് ബൂറൈദയിലെ യുണൈറ്റഡ് ഡിഫൻസ് കമ്പനി നിർമിച്ച ഡ്രോൺ അൽ അരീദിന്‍റെ ഉദ്ഘാടനം നിർവ്വഹിച്ചത്. കൂടാതെ ബുറൈദയിലെ സെക്കൻഡ് ഇൻഡസ്ട്രിയൽ സിറ്റിലയിലെ ഡ്രോൺ ഫാക്ടറി കേന്ദ്രത്തിന്റെ ഓഫിസ് ഉദ്ഘാടനവും ഗവർണർ നിർവഹിച്ചു. സൈനിക, പ്രതിരോധ, സുരക്ഷ വ്യവസായങ്ങളിൽ വൈദഗ്ധ്യമുള്ള ഖുദ്റ ഹോൾഡിങ് ഗ്രൂപ്പിന്‍റെ കീഴിലുള്ള കമ്പനികളിലൊന്നാണ് ഇത്.
പ്രദേശത്ത് ഡ്രോണുകൾ നിർമിക്കുന്ന ഫാക്ടറി സന്ദർശിക്കാനായതിലും വീക്ഷിക്കാനായതിലും അഭിമാനിക്കുന്നുവെന്ന് ഗവർണർ പറഞ്ഞു. രാജ്യത്ത് സൈനിക ഉപകരണ നിർമാണം സ്വദേശിവത്കരിക്കാനുള്ള കിരീടാവകാശിയുടെ നിർദേശങ്ങളുടെ ഫലമാണിത്. ഇത്തരത്തിലുള്ള വികസിത വ്യവസായങ്ങൾക്ക് അദ്ദേഹമാണ് മാർഗ്ഗരൂപം നിർമ്മിച്ചത്.
‘വിഷൻ 2030’ പ്രകാരം സൈനിക വ്യവസായവൽകരണത്തിന്‍റെ ശതമാന തോത് ഉയർത്തുക, സൈനിക വ്യവസായങ്ങൾ സ്വദേശിവത്കരിക്കുക, യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നിവയെക്കുറിച്ചുള്ള കിരീടാവകാശിയുടെ അഭിലാഷം ഉദ്ഘാടനത്തോടൊപ്പമുള്ള അവതരണത്തിൽ ഇടംപിടിച്ചിരുന്നു.രാജ്യത്തിന് ഡ്രോൺ നിർമാണത്തിൽ സ്വയംപര്യാപ്തതക്ക് മാത്രമല്ല, ഭാവിയിൽ അവ നിർമിച്ച് കയറ്റുമതി ചെയ്യാനും ആഗ്രഹിക്കുന്നതായി ഗവർണർ വ്യക്തമാക്കി.