ADVERTISEMENT

റിയാദ് ∙ റിയാദ് മെട്രോ സ്റ്റേഷൻ മാസ്റ്ററുടെ ജോലിയിൽ പ്രവേശിച്ച ശേഷം ഇന്ദിരാ ഈഗലപാട്ടി മനസ്സില്‍ ഉറക്കെ പറഞ്ഞു; ഒറ്റയ്ക്ക് വഴി വെട്ടി വന്നവനാടാ ഞാൻ. സിനിമയില്‍ നായകന്‍റെ ഈ വൈറൽ ഡയലോഗിന് പെൺമുഖമായാൽ അക്ഷരാർഥത്തിൽ അഭിമാനത്തോടെ ചേർത്തു വയ്ക്കാവുന്ന ജീവിതമാണ് റിയാദിന്‍റെ ഗതാഗത മേഖലയിൽ വിപ്ലവം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന മെട്രോ സ്റ്റേഷന്‍റെ ചുമതല നിർവഹിക്കുന്ന ആദ്യ ഇന്ത്യക്കാരിയായ ഇന്ദിരാ ഈഗലപാട്ടിയുടേത്.

ഗർഭസ്ഥ ശിശു പെണ്ണാണെന്നറിഞ്ഞപ്പോൾ മാതാപിതാക്കൾ കൊന്നുകളയാനോ ഉപേക്ഷിക്കാനോ തീരുമാനിച്ച പെൺകുട്ടി ഇന്ന് നാടിനും ഇന്ത്യക്കാർക്കും അഭിമാനതാരം. ഒരു ഇന്ത്യൻ വനിത സൗദി അറേബ്യയുടെ അഭിമാന ലോകോത്തര പദ്ധതിയുടെ ഭാഗമായി തുടക്കം മുതലിങ്ങോട്ട് ഏറെ ഉത്തരവാദിത്തമുള്ള ചുമതല നിർവഹിക്കുന്നു എന്ന അപൂർവ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ പോലെ ആത്മധൈര്യത്തിന്‍റെ പ്രതീകമായ ഈ യുവതി ഗൾഫ് രാജ്യത്ത് സേവനം തുടരുന്നു.

റിയാദിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ സ്ഥാനപതി ഡോ.അജാസ് സുഹൈൽ ഖാൻ ആദരിക്കുന്നു. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
റിയാദിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ സ്ഥാനപതി ഡോ.അജാസ് സുഹൈൽ ഖാൻ ആദരിക്കുന്നു. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

∙ വിജയത്തിന്‍റെ പഞ്ചവത്സരം; ഇന്ദിരയ്ക്കിനി വിശ്രമമില്ല
കഴിഞ്ഞ അഞ്ചു വർഷമായി മെട്രോ സ്റ്റേഷൻ മാസ്റ്ററുടെ ചുമതല വഹിക്കുന്ന  സന്തോഷത്തിലാണ്  ആന്ധ്രാ സ്വദേശിയായ ഇന്ദിരാ ഈഗലപാട്ടി. റിയാദ് മെട്രോ സ്റ്റേഷനിലെത്തുന്ന ഒരോ ഇന്ത്യക്കാർക്കും സ്വദേശി വനിതകൾക്കും ഇന്ദിരയെ കാണുമ്പോൾ ആദ്യം തോന്നുന്ന അതിശയം പിന്നീട് കൗതുകമായി മാറുന്നു.  വനിതാ ശാക്തീകരണത്തിന്‍റെ മകുടോദാഹരണമായി മാറുന്ന ഇവർ  അത്യാവശ്യ ഘട്ടങ്ങളിൽ ട്രെയിൻ ഓടിച്ചും ആളുകളെ വിസ്മയിപ്പിക്കുന്നുണ്ട്.

∙ ആന്ധ്രയിലെ കുഗ്രാമത്തിൽ നിന്ന് പൊരുതി നേടിയ ജീവിതം
ആന്ധ്രയിലെ കുഗ്രാമത്തിലെ സർക്കാർ സ്കൂളിൽ പഠിച്ച്, വിധിയോടും ജീവിത സാഹചര്യങ്ങളോടും പൊരുതി വിജയിച്ച വലിയ സമർപ്പണത്തിന്‍റെയും ലക്ഷ്യബോധത്തിന്‍റെയും സമാനതകളില്ലാത ജീവിതസമര പോരാട്ടങ്ങളുടെ ആകെ തുകയാണ് ഇന്ന് കാണുന്ന തരത്തിലേക്ക് ഇന്ദിരയെ വാർത്തെടുത്തത്.

ഏറെ ഭാരിച്ച ഈ ചുമതലയിലേക്ക് ഉയർന്നു വന്നതിന് പിന്നിൽ ഉറച്ച നിശ്ചയദാർഢ്യത്തിന്‍റെയും ആത്മ വിശ്വാസത്തിന്‍റെയും പൊരുതാനുള്ള പെൺകരുത്തിന്‍റെയും  തീയിൽ കുരുത്ത ജീവിതാനുഭവങ്ങളുടെയും വലിയ പാഠങ്ങളുടെ പിൻബലമുണ്ട്. വേദന നിറഞ്ഞ ഭൂതകാലത്തിന്‍റെയും ബാല്യകാല കഷ്ടപ്പാടിന്‍റെയും വെല്ലുവിളി ഉയർത്തിയ സാമൂഹിക പ്രതിസന്ധികളോടും സന്ധിയില്ലാതെ വീര്യത്തോടെ പൊരുതി തോൽപ്പിച്ച്  നേടിയ ജീവിതം ഇന്ന് ആന്ധ്ര ഗുണ്ടുരിലെ സ്വന്തം ഗ്രാമത്തിൽ നിന്നും പറക്കാനാഗ്രഹിക്കുന്ന ഒരോ പെൺകുട്ടിക്കും ഏറെ പ്രചോദിപ്പിക്കുന്ന വിധം മാതൃകയാകുന്നു.

∙ സൗദിയിൽ കാത്തിരുന്നത് ഉന്നത പദവി
സൗദിയിൽ ഇന്ദിരയെ കാത്തിരുന്നത് ട്രെയിൻ ഓടിക്കുന്ന, സ്റ്റേഷൻമാസ്റ്റർ ചുമതലയുള്ള ആദ്യ പ്രവാസി ഇന്ത്യൻ വനിത എന്ന അപൂർവ്വ നേട്ടം. ഹൈദരബാദ് മെട്രോയിൽ പ്രവർത്തിച്ച മുൻപരിചയവുമായി 2019 സെപ്റ്റംബറിലാണ് ഇന്ദിര റിയാദ് മെട്രോയുടെ ഭാഗമാകാൻ ആദ്യമായി സൗദിയിലേക്കെത്തുന്നത്. നിലവിൽ  റിയാദ് മെട്രോയിലെ സ്റ്റേഷൻ മാസ്റ്ററായും അത്യാവശ്യ സാഹചര്യങ്ങളിൽ ട്രെയിൻ പൈലറ്റായും ചുമതലയിലുമൊക്കെ ഇന്ദിരയെ കാണാൻ കഴിയും.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

സ്റ്റേഷനുകളുടേയും മറ്റും നിർമാണം തുടങ്ങുന്ന പ്രാരംഭ ഘട്ടത്തിലാണ് ഇന്ദിര റിയാദിലെത്തുന്നത്. മെട്രോ ടെയിനുകൾ കംപ്യൂട്ടർ നിയന്ത്രണത്തിൽ തനിയെ സഞ്ചരിക്കുന്നവയാണെങ്കിലും അടിയന്തര സാഹചര്യങ്ങളുടെ ഒരു മുൻകരുതൽ എന്ന നിലയ്ക്ക് ഡ്രൈവർമാരുടെ സാന്നിധ്യം അനിവാര്യമാണ്. അതുകൊണ്ട് തന്നെ ട്രാക്കുകളുടെ പരീക്ഷണ ഘട്ടത്തിലെ സുരക്ഷയുടെ പരിശോധനയുടെ ഭാഗമായി ട്രെയിൻ നിരന്തരം ഓടിച്ചു പരീക്ഷിക്കുകയും അടിയന്തര ഘട്ടങ്ങളിൽ ലെയ്നുകളിൽ തകരാറുകൾ ഉണ്ടാവുന്ന പക്ഷം ആളുകളെ ഒഴിപ്പിക്കുന്നത് അടക്കമുള്ള വിവിധ തരത്തിലും തലങ്ങളിലുമുള്ള പരിശോധനാ പരിശീലനങ്ങൾ മറ്റുള്ളവർക്ക് പകർന്നും പഠിപ്പിച്ചും കൊടുത്തുമായിരുന്നു തുടക്കമിട്ടത്.

നിലവിൽ സ്വദേശി വനിതകൾക്കടക്കമുള്ള ജീവനക്കാർക്ക് ആവശ്യമായ പരിശീലനങ്ങളും ചുമതലയുടെ ഭാഗമായി നൽകി വരുന്നു. കൂടാതെ ചുമതലയുളള സ്റ്റേഷന്‍റെ സർവ്വമാന ദൈനംദിന ഓപ്പറേഷനുകളുടെ പ്രവർത്തനങ്ങളും സംയോജിപ്പിക്കുന്നു. റിയാദ് മെട്രോയുടെ ഭാഗമാകാൻ എത്തുന്നതിന് മുൻപ്  നാല് വർഷത്തിലേറെ ഹൈദരാബാദ് മെട്രോയിലെ ജോലി ചെയ്തു. അവിടെ തുടക്ക കാലത്തിനു ശേഷം ക്രമേണ ട്രെയിൻ ഓപറേറ്റർ കം സ്റ്റേഷൻ മാസ്റ്റർ പദവിയിലേക്ക് എത്തി.

ഇതിനിടെയിൽ റിയാദ് മെട്രോയിലേക്ക് റിക്രൂട്ട്മെന്റ് നടക്കുന്നതായുള്ള വിവരം ലഭിച്ചപ്പോൾ ബന്ധപ്പെട്ടയിടത്ത് അപേക്ഷ നൽകുകയായിരുന്നു. ഒട്ടേറെ വ്യത്യസ്ത ട്രാക്കുകളും ലെയ്നുകളും സ്റ്റേഷനുകളുമടക്കം ലോകത്തിലെ ഏറ്റവും പുതിയ, അത്യാന്താധുനിക സാങ്കേതികവിദ്യകളോടെയും സംവിധാനങ്ങളോടെയും നടപ്പിലാക്കുന്ന സ്വപ്ന പദ്ധതിയെന്നതായിരുന്നു ഏറ്റവും വലിയ ആകർഷണമെന്ന് ഇന്ദിര പറയുന്നു.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

ഹൈദരാബാദ്, തെലുങ്കാന സ്വദേശികളായ പത്ത് യുവാക്കൾക്കൊപ്പം കൂട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഏക പെൺകൊടിയായിരുന്നു ഇന്ദിര. പലരും അന്ന് സൗദി അറേബ്യയിലേയ്ക്ക് പോകുന്നതിന് നിരുത്സാഹപ്പെടുത്തുന്നതിനും  വിമുഖത കാണിക്കുന്നതിനുമൊക്കെ ശ്രമിച്ചുവെങ്കിലും എറ്റവും അത്യാന്താധുനിക ലോകോത്തര സംവിധാനങ്ങളോടെ പ്രവർത്തനം തുടങ്ങാൻ പോകുന്ന റിയാദ് മെട്രോയുടെ ഭാഗമാകാൻ ആത്മധൈര്യത്തോടെ മുന്നിട്ടിറങ്ങുകയായിരുന്നു.

വനിതകൾക്കും സ്ത്രീകൾക്കും ഇവിടെ പല നിയന്ത്രണങ്ങളുണ്ടെന്നും മറ്റും പറഞ്ഞാണ് പലരും പിൻതിരിപ്പിക്കാൻ നോക്കിയത്. ആന്ധ്രയിൽ നിന്നും ഗാർഹികജോലിക്കെത്തിയിരുന്നവരുടെയും ഒട്ടകഫാമുകളുടെ കഥകൾവരെയും  ഉദാഹരണത്തിനായി ഗ്രാമത്തിലെ നിരുത്സാഹകമ്മറ്റിക്കാർ നിരത്തി ഭയപ്പെടുത്താൻ നോക്കിയെന്നും അവർ പറഞ്ഞു. എന്നാൽ സൗദിയിലെത്തിയ ശേഷമാണ് ഇവിടെ സ്ത്രീകൾക്കും പെൺകുട്ടികൾക്കും ലഭിക്കുന്ന മതിപ്പും ബഹുമാനവും സാമൂഹിക സുരക്ഷിതത്വവും പ്രവർത്തന സ്വാതന്ത്ര്യവും ഏറെ മുന്തിയ പരിഗണന നൽകുന്നതാണെന്ന് തിരിച്ചറിയുന്നത്.  

ഇവിടെ എനിക്ക് ജോലിയിൽ എല്ലാ ബഹുമാനവും ലഭിക്കുന്നുണ്ട്. ഒപ്പം സഹപ്രവർത്തകരായ സ്വദേശികൾ സ്ത്രീ, പുരുഷ ഭേദമന്യേ എന്തിനും ഏതിനും മികച്ച പിന്തുണയും സഹായ സഹകരണവും നൽകിവരുന്നു. സൗദിയിൽ ഏറ്റവും മികച്ച തൊഴിൽ അന്തരീക്ഷമാണ് നൽകുന്നത്.

∙ ഖത്തർ ഫിഫാ കപ്പ്; ദോഹ മെട്രോയ്ക്കും സേവനം നൽകി
പ്രവർത്തനങ്ങളുടെ മികവിന്‍റെ പശ്ചാത്തലത്തിൽ ഇന്ദിരയടക്കമുളളവർ ഇക്കഴിഞ്ഞ ഖത്തർ ഫിഫാ ലോകകപ്പിന് ദോഹ മെട്രോയിലും സേവനത്തിന് സൌദിയിൽ നിന്നും എത്തിയിരുന്നു. പ്രധാനമായും ആൾക്കൂട്ട തിരക്ക് നിയന്ത്രണം, അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുക തുടങ്ങി ഒട്ടേറെ സുപ്രധാന പ്രവർത്തനങ്ങളിൽ സജീവമായി  ചുമതല നിർവഹിക്കാനുമുള്ള  നിയോഗമാണുണ്ടായിരുന്നത്.

ഇന്ദിരാ ഈഗലപാട്ടി. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ഇന്ദിരാ ഈഗലപാട്ടി. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

∙ പുരുഷ മേൽക്കോയ്മയോ? ഏയ്, ഇല്ലേയില്ല
പുരുഷൻമാർക്ക് മേൽക്കോയ്മ  ഉളള ജോലി മേഖലയാണ് എന്നതായിരുന്നു അടുത്ത വെല്ലുവിളി. അത് എനിക്ക് കുഴപ്പമില്ല 15,000 കിലോമീറ്ററുകൾ സഞ്ചരിച്ചതിന്‍റെയും പ്രതിദിന വിഷയങ്ങളും സാങ്കേതികതകയുമെല്ലാം കൈകാര്യം ചെയ്ത പ്രവൃത്തി പരിചയവും കാര്യ പ്രാപ്തിയിലുള്ള ശുഭാപ്തിവിശ്വാസവും ധൈര്യവുമൊക്കെ കൈമുതലായുണ്ട്. ബാല്യം മുതൽ ജീവിതത്തിന്‍റെ ഒട്ടേറെ പരീക്ഷകളിൽ ഫുൾമാർക്കോടെ പൊരുതി ജയിച്ച  താൻ മുന്നോട്ട് വച്ച കാൽ പിന്നോട്ടെടുക്കില്ലെന്ന തീരുമാനത്തിൽ ഉറച്ചു നിന്നുവെന്ന് ഇന്ദിര പറഞ്ഞു.

കൂടാതെ ഇന്നലകളിൽ തനിക്ക് നേരിടേണ്ടി വന്ന അരക്ഷിതാവസ്ഥയിൽ നിന്ന് വ്യക്തിപരമായും കുടുംബത്തിനും താനുൾപ്പെടുന്ന ഗ്രാമീണജനതയ്ക്കും ഇതിലൂടെ തൊഴിൽ പരമായും സാമ്പത്തികമായും സാമൂഹികമായും ഉന്നമനത്തിനും പുരോഗതിക്കും സാമൂഹിക വ്യവസ്ഥിതിയുടെ ചിന്തകൾക്കും കാഴ്ചപ്പാടുകൾക്കും പുതിയ തുടക്കമിടാൻ ഒരുപക്ഷേ ഇതിലൂടെ കഴിയുമെന്നുമുള്ള ചിന്തയും തീരുമാനത്തിന് പിൻബലം നൽകി.

∙ ഗർഭസ്ഥശിശു പെണ്ണാണന്നറിഞ്ഞപ്പോൾ  കൊന്നുകളയാൻ തീരുമാനിച്ചു!
ചില നോവലുകളിലും സിനിമകളിലും നമ്മൾ കണ്ടറിഞ്ഞ കരുത്തുള്ള പല സ്ത്രീ കഥാപാത്രങ്ങളുടേയും  ജീവിത കഥനത്തിന്‍റെയും പച്ചയായ നേർപതിപ്പാണെന്ന് തോന്നിപ്പോകുന്ന ബാല്യ കൌമാര കാലമായിരുന്നു ഇന്ദിരയുടേത്. കന്മദം എന്ന സിനിമയിൽ മഞ്ജുവാര്യർ അവതരിപ്പിച്ച ഭാനു എന്ന കഥാപാത്രത്തിന്‍റെ കരുത്ത് പ്രകടമാവുന്ന ഗ്രാമജീവിതമാണ് ഇന്ദിരയ്ക്ക് പങ്കു വയ്ക്കാനുള്ളത്.

ആന്ധ്രയിലെ ഗൂണ്ടൂർ ജില്ലയിലെ ഇന്നും ബസ് സർവീസുകളൊന്നും എത്തിയിട്ടില്ലാത്ത  വികസനം തൊട്ടു തീണ്ടിയിട്ടില്ലാത്ത സത്യനപ്പള്ളിക്കു സമീപമുള്ള കുഗ്രാമം. നല്ല റോഡുകളില്ലാത്ത, കൃഷിയിടങ്ങളും സാധാരണക്കാരായ കർഷകരും  പാടത്തും വരമ്പത്തും പണിയെടുക്കുന്ന അരപ്പട്ടിണിക്കാരായ കർഷക തൊഴിലാളികളും പാവപ്പെട്ടവരും മെച്ചപ്പെട്ട ജീവിത സൌകര്യങ്ങളൊന്നുമില്ലാത്ത ഗ്രാമീണർ ജീവിക്കുന്ന പ്രദേശത്താണ് ഇന്ദിര ജനിച്ചത്.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

കൊടിയ ദാരിദ്ര്യത്തിനും സാമ്പത്തിക പ്രാരാബ്ദത്തിനുമിടയിൽ പിറക്കുന്നത് പെൺകുഞ്ഞാണന്നറിഞ്ഞാൽ ഗർഭഛിദ്രം നടത്തിയോ അതുമല്ലെങ്കിൽ പിറന്നു വീണാലുടൻ നാടൻ പ്രയോഗങ്ങളിലൂടെയോ  ജീവൻ അവസാനിപ്പിക്കുന്ന  ഉത്തരേന്ത്യയിലെ നിരക്ഷര ഉൾനാടൻ ഗ്രാമ രീതികളും സമ്പ്രദായവും പിന്തുടർന്നിരുന്നു ഇവിടെയും.

ഗ്രാമത്തിൽ കൃഷിക്ക് വെള്ളത്തിനുള്ള ഡീസൽ മോട്ടോർ പമ്പിന്‍റെയും എൻജിന്‍റെയുമൊക്കെ മെക്കാനിക്കായി ജോലി ചെയ്തിരുന്ന കോട്ടേശ്വര റാവുവിന്‍റെയും വീട്ടമ്മയായ ഭാര്യ നരസമ്മയുടെയും കുടുംബത്തിൽ സഹോദരങ്ങളുടേത് ഉൾപ്പടെ പത്തു പെൺമക്കളുണ്ടായിരുന്നു. ഇതിനിടയിൽ റാവു ദമ്പതികൾക്ക് രണ്ടാമത് ജനിച്ചതും ഒരു പെൺകുട്ടിയായിരുന്നു. നന്നായി  കറുത്ത് മെലിഞ്ഞിരുന്ന പിറവിയിലേ അനാരോഗ്യവതിയായ പെൺകുട്ടി വളർന്നു വരുമ്പോൾ വലിയ ബാധ്യതയായി മാറുമെന്നും കല്യാണം നടത്താനും സ്ത്രീധനമടക്കമുള്ളതിന് സാമ്പത്തികം കണ്ടെത്താൻ വഴി ഉണ്ടാവില്ലെന്നും അതിനാൽ  ഈ കുട്ടിയെ ഒഴിവാക്കാനും കൊണ്ടു കളയാനുമൊക്കെ റാവുവിനെ സഹോദരങ്ങളും മറ്റും ഉപദേശിച്ചു.

ദൈനംദിന ജീവിതചെലവുകൾ കണ്ടെത്താൻ ഏറെ ബുദ്ധിമുട്ടിയിരുന്ന ഗ്രാമത്തിൽ ലഭിക്കുന്ന പണികൾ കൊണ്ട് കിട്ടുന്ന തുച്ഛ വരുമാനത്തിൽ ജീവിതം വഴിമുട്ടുന്ന ഘട്ടത്തിൽ  റാവു മനസില്ലാ മനസോടെ ഏറെ സങ്കടത്തോടെ തനിക്ക് രണ്ടാമതും ജനിച്ച പെൺകുട്ടിയെ ഒഴിവാക്കാൻ ആഗ്രഹിച്ചു. ഇരുചെവിയറിയാതെ  ഒഴിവാക്കാനായി പിഞ്ചു പെൺകുഞ്ഞുങ്ങളുടെ  വായിൽ നെല്ലോ ധാന്യമോ ഇട്ടു കൊടുക്കുമ്പോഴേക്കും ശ്വാസം കിട്ടാതെ ആ കുഞ്ഞുജീവനെ  അവസാനിപ്പിക്കുന്ന ഗ്രാമ രീതിയോ അതല്ലങ്കിൽ എവിടെക്കെങ്കിലും കൊണ്ടുപോയി  ഉപേക്ഷിക്കുന്നതിനോ അവരും ആലോചിച്ചു.

ഒരു  പക്ഷേ അന്ന് അവസാനിക്കേണ്ടിയിരുന്ന സ്വന്തം ജീവന്‍റെവിധി  തന്‍റെ അമ്മയുടെയും മുത്തശ്ശിയുടേയും നിർബന്ധത്താൽ രക്ഷപ്പെടുകയായിരുന്നുവെന്ന് ഇന്ദിര പറഞ്ഞു. പത്ത് മാസം ചുമന്ന് താൻ നൊന്തുപെറ്റ കുഞ്ഞിനെ ഉപേക്ഷിക്കാനും അവസാനിപ്പിക്കാനുമൊന്നും വിട്ടുകൊടുക്കില്ലെന്ന മാതാവിന്‍റെ കടുത്ത വാശിക്ക് മുന്നിൽ പിതാവ് വഴങ്ങി, ആ ആലോചന ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് ഈ വിവരങ്ങളൊക്കെ ഏറെ മുതിർന്ന് കഴിഞ്ഞാണ് മാതാപിതാക്കളിൽ നിന്നും താൻ അറിഞ്ഞതെന്ന് ഇന്ദിര പറഞ്ഞു. തുടർന്ന് നാലാം ക്ലാസുവരെയുള്ള പ്രാഥമിക വിദ്യാഭ്യാസം  ഗ്രാമത്തിലെ സർക്കാർ സ്കൂളിൽ നടത്തി.

കഷ്ടപ്പാടും പ്രയാസവും നിറഞ്ഞകാലത്ത് സ്കൂളിൽ പോകുമ്പോൾ  ധരിക്കാൻ ആകെ ഉള്ളത് രണ്ടു ജോഡി ഉടുപ്പുകൾ മാത്രമായിരുന്നു. അപ്പോഴും വാശിയോടെ പഠനത്തിൽ ശ്രദ്ധ പുലർത്തി. കദനത്തിന്‍റെ കയ്പ്പു നീര് കുടിച്ച ദിവസങ്ങളെങ്കിലും ചെറിയ ക്ലാസു മുതൽ നന്നായി പഠിക്കുമായിരുന്ന ഇന്ദിര അധ്യാപകരുടേയും പ്രിയപ്പെട്ടവളായിരുന്നു. അഞ്ചാം ക്ലാസു മുതലങ്ങോട്ടുള്ള തുടർ പഠനത്തിന് അപ്പർപ്രൈമറി സ്കൂളിലേയ്ക്കു പോകണമെങ്കിൽ ഗ്രാമത്തിനു വെളിയിൽ പോകണമായിരുന്നു.

ബസ് സർവീസോ മറ്റു യാത്രാ സൗകര്യങ്ങളോ ഇല്ലാത്ത ഗ്രാമത്തിൽ നിന്നും ഏറെ കിലോമീറ്ററുകൾ ദൂരം നടന്ന് പോയി വന്നു വേണമായിരുന്നു പത്തുവയസുകാരിയായ ആ പെൺകുട്ടിക്ക് അഞ്ചാം ക്ലാസ് മുതലുള്ള വിദ്യാഭ്യാസം നേടാൻ. സാധാരണയായി തങ്ങളുടെ ഗ്രാമത്തിലെ പാവപ്പെട്ടവരുടെ വീടുകളിലെ ഒട്ടു മിക്ക പെൺകുട്ടികളേയും, എത്ര സമർത്ഥരായാലും  തുടർപഠനത്തിന് ആഗ്രഹിച്ചാലും പ്രാഥമിക വിദ്യാഭ്യാസമോ എൽപി അല്ലങ്കിൽ പരമാവധി യു പി വിദ്യാഭ്യാസം വരെ മാത്രമേ വിടാറുള്ളൂ.  അതിനു ശേഷം വീട്ടിലും അടുപ്പിൻമൂട്ടിലും പാടത്തും പറമ്പിലുമൊക്കെ പലതരം പണികൾ ചെയ്ത് ജീവിച്ചു തീരാനാണ് വിധിക്കുന്നത്. എന്നാൽ പഠനത്തിൽ മികവുണ്ടായിരുന്ന തനിക്ക് പ്രാരാബ്ദങ്ങൾക്കിടയിലും പിതാവിന്‍റെ ശക്തമായ പിന്തുണ ലഭിച്ചു.

∙ ഇന്ദിരാഗാന്ധിയുടെ ഓർമയ്ക്ക് മകൾക്ക് പേരിട്ട പിതാവ്
അയൺ ലേഡിയെന്ന് അറിയപ്പെട്ട മുൻപ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയോടുള്ള അതിശക്തമായ ആരാധനമൂലം റാവു തന്‍റെ മകളെ  ഇന്ദിരാ എന്നായിരുന്നു സ്കൂളിൽ പേരിട്ടത്. പിന്നീട് ആ പേര് അന്വർഥമായി മാറുന്ന വിധം ഗ്രാമത്തിലെ സ്ത്രീ ശക്തിയുടെ ധൈര്യത്തിന്‍റെയും കരുത്തിന്‍റെയും  പ്രതീകമായി മാറുന്ന വേറിട്ട ജീവിതമാണ് ബാല്യം മുതലിങ്ങോട്ട് കുഞ്ഞ് ഇന്ദിരക്കുണ്ടായത്.

ഇതിനിടെയിൽ റാവുവിന്  മൂന്നാമതും ഒരു പെൺകുട്ടി ജനിച്ചു. ഇന്ദിരയുടെ പഠനത്തിന് പിന്തുണ നൽകിയിരുന്നുവെങ്കിലും ജീവിത ചെലവുകൾ വർദ്ധിച്ചതോടെ തനിക്കൊരു ആൺകുട്ടിയാണ് ഉണ്ടായിരുന്നതെങ്കിൽ മെക്കാനിക്ക് പണികളിൽ എന്നെ സഹായിക്കുമായിരുന്നുവെന്നും വരുമാനം കണ്ടെത്താമായിരുന്നുവെന്നും അദ്ദേഹം പരാതി പറയുമായിരുന്നു. ഇത് ശ്രദ്ധിച്ചു തുടങ്ങിയ ഇന്ദിര  താൻ പിതാവിനെ സഹായിക്കാമെന്നും എന്തിലും ഒരു കൈ നോക്കാമെന്നും പറഞ്ഞു. ആൺകുട്ടികൾ ചെയ്യുന്ന പണി തനിക്കും ചെയ്യാനാവുമെന്നുള്ള വിശ്വാസത്തോടെ വളരെ ചെറുപ്രായത്തിൽ തന്നെ അച്ഛനെ സഹായിക്കാനിറങ്ങി. അങ്ങനെ നല്ല ഒരു മെക്കാനിക്കുമായി മാറി.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

അപ്പർപ്രൈമറി സ്കൂളിൽ പഠിക്കുമ്പോൾ തന്നെ പിതാവിനൊപ്പം  സ്വതന്ത്രമായി മെക്കാനിക്കൽ പണികളും പമ്പ് പണികളും എൻജിൻ പണികളും റിപ്പയിറിങ്ങും ശരിയാക്കുന്നതും കേടുപാടുകൾ നീക്കുന്നതുമൊക്കെ ആൺകുട്ടികളേക്കാൾ കരുത്തോടെ ചെയ്യുന്നതിന് വശപ്പെടുത്തിക്കഴിഞ്ഞിരുന്നു.

 ഇതിനിടയിൽ സ്വയം സ്കൂൾ പഠനത്തിൽ മിടുക്ക് കാട്ടിയതോടൊപ്പം മുതിർന്ന സഹോദരിയെയും ഇളയവളേയും  നന്നായി പഠിക്കാനും പ്രേരിപ്പിച്ചു. ഞായറാഴ്ചകളിൽ അടുത്തുളള ചന്തയിൽ പച്ചക്കറി കച്ചവടം നടത്തിയും ചെറുകുട്ടികൾക്ക് ട്യൂഷൻ എടുത്തുമൊക്കെ തങ്ങളാൽ ആവും വിധം ചെറുതെങ്കിലും വരുമാനം ഉണ്ടാക്കിയിരുന്നു. ഇതിനെല്ലാം പ്രേരകമായതും മുന്നിൽ നിന്നതും ഇന്ദിരയായിരുന്നു. പിറവിയിലെ അവസാനിപ്പിക്കാൻ പോയ ഇന്ദിരയും സഹോദരങ്ങളും സ്കൂൾ പഠനവും ഡിഗ്രിയുമൊക്കെ ഇതിനിടയിൽ നല്ല മാർക്കോടെ പാസായത് ഗ്രാമത്തിൽ ആദ്യ സംഭവമായി.

∙ ഉന്നതപഠനകാലത്ത് ഇംഗ്ലിഷറിയാത്തത് പ്രതിസന്ധിയായി
എം എസ് സി പഠനത്തിന് ചേരാൻ ആഗ്രഹിച്ചുവെങ്കിലും കുടുതൽ മെച്ചപ്പെട്ട ജോലിയും വരുമാനവും തോഴിൽ സാധ്യതയുമുണ്ടെന്ന ഉപദേശത്തിൽ നഗരത്തിൽ കംപ്യൂട്ടർ സയൻസ് പഠിക്കുവാനാണ് ചേർന്നത്. നാട്ടുമ്പുറത്തുകാരിയും തെലുങ്ക് സർക്കാർ സ്കൂളിൽ നിന്നും വന്ന പെൺകുട്ടി പിന്നീട്  കംപ്യൂട്ടർ സയൻസ് ഉന്നതപഠനത്തിന് ചെന്നപ്പോൾ ഇംഗ്ലിഷിൽ സംസാരിക്കാൻ അറിയാത്തത് ആകെ പ്രതിസന്ധയിലാക്കി.

ഇംഗ്ലിഷ് എഴുത്തും വായനയും നന്നായി അറിയാമെങ്കിലും സംസാരം പിടിപാടില്ലാത്തതിനാൽ ക്ലാസിലെ പെൺകുട്ടികളോടും പോലും മിണ്ടാതെ തനിച്ചിരിക്കേണ്ടി വന്നു. പലപ്പോഴും ക്ലാസിലുള്ള കുട്ടികൾ നിറത്തിന്‍റെയും ഗ്രാമീണതയുടേയും പേരിൽ കളിയാക്കിയും അക്ഷേപിച്ചും മാറ്റി നിർത്തപ്പെട്ടുമുള്ള ഒറ്റപ്പെടുത്തിയിരുന്ന നാളുകളായിരുന്നു. അത്തരം ആക്ഷേപങ്ങളും ഒറ്റപ്പെടുത്തലുകളും സ്വയം കരുത്താർജ്ജിക്കാൻ പ്രേരകമാവുകയായി. ക്രമേണ അകറ്റി നിർത്തിയിരുന്നവർ അടുത്തു കൂടി സൌഹൃദം പങ്കുവച്ചു തുടങ്ങി. പാർട്ടികളും പരിപാടികൾക്കുമൊക്കെ ഒപ്പംകൂട്ടി.

പക്ഷേ, മറ്റുള്ളവരെപ്പോലെ പാർട്ടിക്കും പരിപാടികൾക്കും പോകാൻ ഇന്ദിരക്ക് സമയമുണ്ടായിരുന്നില്ല. കാരണം രാവിലെയും വൈകിട്ടും കുട്ടികൾക്ക് ട്യൂഷൻ എടുത്തു കിട്ടുന്ന വരുമാനം കൊണ്ട് വേണമായിരുന്നു ജീവിത, പഠന ചെലവുകൾ കണ്ടെത്താൻ. നിശ്ചയദാർഢ്യം കൊണ്ട് താമസിയാതെ കോളജ് കാലത്ത് തന്നെ അതിമനോഹരമായി ഇംഗ്ലീഷിലും, ഹിന്ദിയിലും സംസാരിക്കാനുളള പ്രാവീണ്യം കൈവരിച്ചു. റിയാദിലെ ചുമതലകൾ നിർവ്വഹിക്കുമ്പോൾ അറബിക് അടക്കമുള്ളത് സ്വായത്തമാക്കി വിവിധ ഭാഷകളും കൈകാര്യം ചെയ്യുന്നു.

∙ റിയാദ് മെട്രോയിലെ ജോലി നാട്ടിൽ പാട്ടായി
പിന്നീട് റിയാദ് മെട്രോയിൽ മികച്ച ജോലി കിട്ടിയതും ചുറു  മറ്റും തെലുങ്ക്, അറബിക് മാധ്യമങ്ങളിലും ചാനലിലുകളിലും വാർത്തയായതോടെ ബാല്യത്തിൽ നിറത്തിന്‍റെയും സൌന്ദര്യമില്ലായ്മയുടേയും ദാരിദ്ര്യത്തിന്‍റെയും പേരിൽ അകറ്റി നിർത്തിയവരടക്കം അഭിമാനത്തോടേയും സ്നേഹത്തോടെയും ചേർത്തു പിടിക്കാൻ ഓടിയെത്തിയത് കാലത്തിന്‍റെ കാവ്യനീതിയെന്ന് പറയുകയാണ്  ഇന്ദിര. ചാനലുകൾ ഗ്രാമത്തിലെത്തി ഇന്ദിരയുടെ ജീവിത വഴികൾ പകർത്തിയതോടെ ആന്ധ്രയിലെ ജനപ്രതിനിധികളും പാർട്ടി നേതാക്കളു അടക്കം അഭിനന്ദനങ്ങളുമായെത്തിയിരുന്നു.

ഇന്ന് സത്യനപ്പള്ളിയുടെ പെൺകരുത്തിന്‍റെ മാതൃകയായി വാഴ്ത്തപ്പെടുകയാണ് ഇന്ദിരയുടെ ജീവിതം. ഒരു കാലത്ത് ഇതര സ്ഥലങ്ങളിൽ പോയി പഠിക്കാൻ അനുവദിക്കാതിരുന്ന ഗ്രാമത്തിലെ പെൺകുട്ടികളെ മികച്ച പഠനം തേടി പോകാൻ അനുവദിച്ചു തുടങ്ങിയതും ജോലിക്കായി രാജ്യത്തിന്രെ വിവിധ സ്ഥലങ്ങളിൽ പോകുന്നതും ഗ്രാമത്തിന്‍റെ സാമൂഹിക പരിവർത്തനത്തിന് ചെറുതെങ്കിലും കാരണവും പ്രചോദനവുമായത് തന്‍റെ ജീവിതമാണെന്ന അഭിമാനമാണ് ഇന്ദിരക്കുള്ളത്.

∙ ഗ്രാമത്തിലെ പെണ്‍പൂക്കളെ കൈവിടാതെ ഇന്ദിര
ഗ്രാമത്തിലെ പെൺകുട്ടികൾക്കായി പഠനത്തിനും മറ്റുമായി ഇതിനോടകം ഇന്ദിര ഒട്ടേറെ സേവനപ്രവർത്തനങ്ങളും സഹായങ്ങളും എത്തിക്കുന്നുണ്ട്. എന്നാൽ അതൊക്കെ കൊട്ടിഘോഷിക്കാൻ ഒരുക്കമല്ലതാനും. പെൺകുട്ടികൾ പരമാവധി പഠിക്കണമെന്നും സ്വന്തം കാലിൽ നിൽക്കണമെന്നും എവിടെ പോയാലും ധൈര്യത്തോടും ആത്മവിശ്വാസത്തോടും നല്ലവരുമായിരിക്കണമെന്നുമാണ് ഇന്ദിരയ്ക്ക് പെൺകുട്ടികളോട് പറയാനുളളത്.

ജീവിതത്തിൽ  മാതൃകാപരമായി വിജയം കണ്ടെത്തിയ ഇന്ദിരയെ റിയാദിലെ ഇന്ത്യൻ എംബസിയും ഒട്ടനവധി സംഘടനകളും ഇതിനോടകം വിവിധ ചടങ്ങുകളിൽ ആദരിക്കുന്നു. ഒട്ടേറെ അവാർഡുകളും തേടിയെത്തിയിട്ടുണ്ട്. ഇന്ദിരയുടെ സാമൂഹിക സ്വപ്നങ്ങളെ യാഥാർഥ്യമാക്കുന്നതിന് എല്ലാ പിന്തുണയുമായി ഖത്തർ മെട്രോ ട്രെയിൻ  പൈലറ്റായി മുൻപ് പ്രവർത്തിച്ചിരുന്ന ഭർത്താവ് ലോകേശ്വരസ്വാമി ഇപ്പോൾ റിയാദ് മെട്രോയിൽ ഇപ്പോൾ റിയാദ് മെട്രോയിൽ മെയിൻ്റനൻ്സ ഡിപ്പാർട്ട്മെൻ്റിൽ ജോലി ചെയ്യുന്നു.  മകൻ അഞ്ചുമാസം പ്രായമുള്ള നിതിക് സ്കന്ദ.

ഇളയ സഹോദരി സായി ഗംഗയും ഇന്ദിരയുടെ വഴി പിന്തുടർന്ന് ഹൈദരാബാദ് മെട്രോയിൽ ട്രെയിൻ പൈലറ്റായി പ്രവർത്തിക്കുന്നു.അധ്യാപികയായ മുതിർന്ന സഹോദരി ശ്രീലക്ഷി കുടുംബമായി സ്വദേശത്താണ്. എല്ലാ നേട്ടങ്ങളും സ്വന്തമാക്കുമ്പോഴും ഇന്ദിരയുടെ ഹൃദയത്തിലൂടെ ഒരു മെട്രോ ട്രെയിൻ കുതിച്ചുപായുന്നുന്നുണ്ട്, ഇനിയും ഉയരങ്ങൾ കീഴടക്കാനുള്ള ആവേശത്തോടെ.

English Summary:

Indian woman as Riyadh metro station master

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com