‘ഫ്ലെക്സിബിൾ ഡ്യൂട്ടി’, നിശ്ചിത ദിവസം വർക്ക് അറ്റ് ഹോം; ആനുകൂല്യങ്ങളുമായി ഖത്തർ സർക്കാർ ഓഫിസുകൾ
Mail This Article
ദോഹ ∙ ഖത്തറിൽ സർക്കാർ ജീവനക്കാരുടെ ഓഫിസ് സമയത്തിലെ പുതിയ ക്രമീകരണം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. ഡ്യൂട്ടിക്ക് പ്രവേശിക്കേണ്ട സമയവും, വനിതാ ജീവനക്കാർക്കുള്ള ആനുകൂല്യങ്ങളും പുതിയ ക്രമീകരണത്തിലുണ്ട്. ഇതുവരെ രാവിലെ ഏഴ് മുതൽ ആരംഭിച്ചിരുന്ന സർക്കാർ ഓഫിസ് സമയവും ഇതോടെ മാറും. സർക്കാർ ജീവനക്കാർ രാവിലെ 6: 30 നും 8: 30നുമിടയിലുള്ള സമയത്ത് ഡ്യൂട്ടിയിൽ പ്രവേശിച്ചാൽ മതി. എന്നാൽ ഡ്യൂട്ടിയിൽ പ്രവേശിച്ചതുമുതൽ തുടർച്ചയായി ഏഴു മണിക്കൂർ ജോലി ചെയ്യണം.
നിലവിലുള്ള രീതി അനുസരിച്ചു രാവിലെ 7 മുതൽ രണ്ട് മണിവരെയായിരുന്നു സർക്കാർ ഓഫിസുകളുടെ പ്രവർത്തി സമയം. ഇനി ഈ സമയ ക്രമം ബാധകമല്ല. എന്നാൽ ഷിഫ്റ്റ് സമ്പ്രദായത്തിൽ ജോലി ചെയ്യുന്നവർക്ക് ഈ ആനുകൂല്യം ലഭിക്കില്ല. പുതിയ പരിഷ്‌ക്കാരത്തിൽ അംഗവൈകല്യമുള്ളവർ, മറ്റ് ആരോഗ്യപ്രശനമുള്ളവർ, മുലയൂട്ടുന്ന അമ്മമാർ എന്നിവർക്ക് ജോലി സമയത്തിൽ രണ്ട് മണിക്കൂർ അധിക ഇളവ് ലഭിക്കും.
അവർ അഞ്ചു മണിക്കൂർ ജോലി ചെയ്താൽ മതി. സർക്കാർ ജീവനക്കാർക്ക് അവരുടെ ജോലിയും കുടുംബങ്ങൾക്കൊപ്പമുള്ള ജീവിതവും ഒരുമിച്ച് കൊണ്ടുപോകാൻ സാധിക്കുന്നതോടൊപ്പം ജോലിക്കായുള്ള അമ്മമാർ, ഭിന്നശേഷിക്കാർ തുടങ്ങിയവരെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിഷ്‌ക്കാരം. ഇന്ന് മുതൽ നിലയിൽ വന്ന രീതി അനുസരിച്ച് ഓരോ സർക്കാർ സ്ഥാപനങ്ങളിലെ അഡ്മിനിസ്‌ട്രേറ്റീവ് യൂണിറ്റിലെ 30 ശതമാനം വരെ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാം.
ഒരാൾക്ക് വർഷത്തിൽ ഒരാഴ്ച മാത്രമായിരിക്കും വർക്ക് അറ്റ് ഹോം അനുവദിക്കുക. അതത് സ്ഥാപന മേലധികാരിയുടെ തീരുമാന പ്രകാരമാവും ഇത്. എന്നാൽ 12 വയസ്സിൽ താഴെയുള്ള കുട്ടികളുള്ള അമ്മമാർക്ക് വർഷത്തിൽ ഒരു മാസം വരെ വീട്ടിലിരുന്ന് ജോലി ചെയ്യാം. അതേ സമയം ഷിഫ്റ്റ് സംവിധാനത്തിൽ ജോലി ചെയ്യുന്നവർക്കും, ജോലി സാഹചര്യങ്ങളും ആവശ്യകതകളും വ്യത്യസ്തമായവർക്കും ഇത് ബാധകമല്ല.
ഈ മാസം ആദ്യവാരം പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗമാണ് സിവിൽ സർവീസ് ആൻഡ് ഗവ. ഡവലപ്മെന്‍റ് ബ്യൂറോയുടെ ഈ നിർദേശങ്ങൾക്ക് അംഗീകാരം നൽകിയത്.