സൗദിയിൽ കൃഷിയിടത്തിൽ കാർഷികമാലിന്യങ്ങൾ കത്തിച്ചതിന് ഇന്ത്യൻ പ്രവാസി അറസ്റ്റിൽ
Mail This Article
ദമാം ∙ കൃഷിയിടത്തിൽ കാർഷികമാലിന്യങ്ങൾ കത്തിച്ചതിന് ഇന്ത്യൻ പ്രവാസി കിഴക്കൻ പ്രവിശ്യയിൽ അറസ്റ്റിലായി. പരിസ്ഥി സംരക്ഷണത്തിനുള്ള പ്രത്യേക വിഭാഗമാണ് ഇയാളെ പിടികൂടിയത്. കൃഷിമാലിന്യങ്ങൾ കൃഷിയിടത്തിൽ തന്നെ തീയിട്ടു കത്തിച്ചതുവഴി മണ്ണും അന്തരീക്ഷവുമൊക്കെ മലിനമായിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇയാൾക്കെതിരെ നടപടി സ്വീകരിച്ചത്.
മണ്ണിന്‍റെ പ്രകൃതിദത്ത ഘടനയെ ദോഷകരമായി ബാധിക്കും വിധത്തിലുള്ള പ്രവൃത്തിയിൽ ഏർപ്പെട്ടതാണ് ഇയാൾ ചെയ്ത കുറ്റം. ഇത്തരത്തിൽ പ്രവർത്തനത്തിൽ മനപ്പൂർവ്വം നേരിട്ടും പരോക്ഷമായും ഇടപെടുന്നവർക്ക് പരമാവധി 10 ദശലക്ഷം വരെ റിയാൽ പിഴ ലഭിച്ചേക്കുമെന്ന് പരിസ്ഥിതി സേന മുന്നറിയപ്പ് നൽകി.
അറസ്റ്റിലായ ഇന്ത്യാക്കാരനെതിരെ നിയമനടപടികൾ പൂർത്തിയാക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. കൃഷിഭൂമികളും വിളകളും സംരക്ഷിക്കുന്നതിൽ സൗദി ശ്രദ്ധ ചെലുത്തുന്നു. പ്രകൃതിയെയും ജീവജാലങ്ങളെയും ദ്രോഹിക്കുന്ന ഏതൊരു പ്രവൃത്തിക്കും എതിരെ കർശന നടപടി സ്വീകരിക്കും. ഓരോ മരവും ചെടിയും സൗദിയിൽ വളരെ വിലപ്പെട്ടതായി കണക്കാക്കപ്പെടുന്നു. പരിസ്ഥിതിയോ വന്യജീവികളോ നേരിടുന്ന ഏത് അപകടത്തെക്കുറിച്ചും ആക്രമണത്തെക്കുറിച്ചും 911 (മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ), 999 (രാജ്യത്തിന്റെ മറ്റ് ഭാഗങ്ങൾ) എന്നീ നമ്പറുകളിൽ വിവരം നൽകാം.