യുഎസിലെ കുട്ടികളുടെ ആശുപത്രിക്ക് യുഎഇയുടെ സംഭാവന
Mail This Article
അബുദാബി ∙ വാഷിങ്ടണിലെ കുട്ടികളുടെ ആശുപത്രിക്ക് യുഎഇ 3.5 കോടി ഡോളർ സംഭാവന നൽകി. നാഷനൽ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന ഇമറാത്തി കുട്ടികളുമായും കുടുംബങ്ങളുമായും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു പ്രഖ്യാപനം.
ജീവകാരുണ്യ മേഖലയിൽ യുഎഇ-യുഎസ് പങ്കാളിത്തത്തിന്റെ ഏറ്റവും പുതിയ അധ്യായമാണിത്. ഓരോ വർഷവും, നൂതന പീഡിയാട്രിക് പരിചരണത്തിനും ജീവൻ രക്ഷാ ചികിത്സകൾക്കുമായി നൂറിലേറെ യുഎഇ കുടുംബങ്ങൾ മികച്ച ചികിത്സ തേടി ഈ ആശുപത്രിയിൽ എത്താറുണ്ട്.
ഗർഭസ്ഥ ശിശു, നവജാത ശിശു, മാതൃ, ശിശുപരിചരണ വിഭാഗം ഉൾപ്പെടെ ആശുപത്രിയുടെ തന്ത്രപ്രധാന വിഭാഗങ്ങൾക്ക് കരുത്തേകുന്നതാണ് യുഎഇയുടെ സംഭാവനയെന്ന് യുഎസ് പറഞ്ഞു. കുട്ടികളുമായി ബന്ധപ്പെട്ട ഏറ്റവും നൂതന ചികിത്സ വാഗ്ദാനം ചെയ്യുന്നതാണ് ആശുപത്രി. യുഎഇയും യുഎസും തമ്മിലുള്ള പതിറ്റാണ്ടുകളുടെ ബന്ധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗം കൂടിയാണിത്.