തിയറ്ററിൽ സിനിമകൾ ആസ്വദിച്ച് യുഎഇ; നേട്ടം 51.7 കോടി ദിർഹം
Mail This Article
അബുദാബി ∙ സിനിമാ വ്യവസായത്തിൽ നേട്ടമുണ്ടാക്കി യുഎഇ. ഈ വർഷം ആദ്യ 8 മാസത്തിനിടെ 51.7 കോടി ദിർഹത്തിന്റെ വരുമാനമാണ് നേടിയത്. മധ്യപൂർവദേശത്തെ മൊത്തം സിനിമാ വിപണിയുടെ 30% വരുമിത്.
തിയറ്ററുകളിൽ എത്തി സിനിമ കാണുന്നതിലുള്ള ജനങ്ങളുടെ താൽപര്യത്തെയാണ് ഇതു സൂചിപ്പിക്കുന്നതെന്ന് യുഎഇ മീഡിയ കൗൺസിൽ സെക്രട്ടറി ജനറൽ മുഹമ്മദ് സയീദ് അൽ ഷെഹി പറഞ്ഞു. സിനിമാ മേഖലയുടെ അടിസ്ഥാന സൗകര്യവികസന രംഗത്ത് എത്തിയ നിക്ഷേപങ്ങളും ആഗോള ഫിലിം സ്റ്റുഡിയോകളുടെ ശക്തമായ പങ്കാളിത്തവും ഇതിനു ആക്കം കൂട്ടി.
ചലച്ചിത്ര പ്രവർത്തകർക്ക് നൂതനവും സമയബന്ധിതവുമായ സേവനങ്ങളാണ് യുഎഇ വാഗ്ദാനം ചെയ്യുന്നത്. ഇത് മാധ്യമ മേഖലയിലെ സുസ്ഥിര വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും മത്സരാധിഷ്ഠിത അന്തരീക്ഷം വളർത്തുകയും ചെയ്യുന്നു. രാജ്യാന്തര മാനദണ്ഡങ്ങൾ പാലിക്കുന്ന ഉള്ളടക്കം നൽകാൻ ശ്രമിക്കുന്നതായും പറഞ്ഞു.
വിവിധ രാജ്യക്കാർ വസിക്കുന്ന യുഎഇയിൽ സിനിമ വെറുമൊരു വിനോദം മാത്രമല്ല. ഭിന്നസംസ്കാരങ്ങൾ ഉൾക്കൊള്ളാനും ആശയവിനിമയത്തിനുമുള്ള വേദി കൂടിയാണ്. വിവിധ എമിറേറ്റുകളിൽ 72 സ്ഥലങ്ങളിലായി 702 സ്ക്രീനുകളിലാണ് യുഎഇയിൽ സിനിമ പ്രദർശിപ്പിച്ചുവരുന്നത്.