'ജീവിതം നശിപ്പിക്കുമെന്ന് ഭീഷണി, 5 വർഷമായി നാട്ടിൽ പോയിട്ട്; എനിക്ക് അമ്മയെ കാണണം': നിറകണ്ണുകളോടെ മലയാളി വനിത
Mail This Article
ദുബായ് ∙ തുടർച്ചയായ അഞ്ച് വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷം പൊതുമാപ്പിലൂടെ നാട്ടിലേയ്ക്ക് പോകാനാകാനുള്ള ശ്രമം തൊഴിലുടമ കള്ളക്കേസ് നൽകിയതിനെ തുടർന്ന് നടക്കാത്തതിനാൽ മലയാളി സ്ത്രീ യുഎഇയിൽ ദുരിതത്തിൽ. കൊച്ചി കലൂർ സ്വദേശിയായ വരലക്ഷ്മി ജോലി ചെയ്തിരുന്ന കമ്പനിയുടെ ഉടമയായ കോഴിക്കോടുക്കാരനാണ് കള്ളക്കേസിൽ കുടുക്കിയിരിക്കുന്നത്. തന്നോട് മുൻകൂറായി വാങ്ങിയ 22,000 ദിർഹം തിരിച്ചുകിട്ടണമെന്നാണ് കമ്പനിയുടമയുടെ ആവശ്യം.
എന്നാൽ, അത്തരത്തിൽ നയാപ്പൈസ പോലും താൻ വാങ്ങിയിട്ടില്ലെന്നും ഒരു കാരണവുമില്ലാതെ തന്നെ കള്ളക്കേസിൽ കുടുക്കിയതാണെന്നും പറഞ്ഞ് വി.ജി. വരലക്ഷ്മി ദുബായ് കോടതിയെ സമീപിച്ചിരിക്കുകയാണ്. ഏതുവിധേനയും എനിക്ക് നാട്ടിലെത്തണം; രോഗക്കിടക്കയിലുള്ള അമ്മയെ എത്രയും പെട്ടെന്ന് കാണണം–നിറകണ്ണുകളോടെ വരലക്ഷ്മി മനോരമ ഒാൺലൈനോട് ദുരിത ജീവിതം പറയുന്നു:
∙ മികച്ച ജീവിതം തേടി യുഎഇയിലെത്തി; അനുഭവിച്ചത് മുഴുവൻ മാനസിക പീഡനം
ബെംഗളൂരു സ്വദേശിയായ പിതാവിൻ്റെയും കലൂർ സ്വദേശിയായ മാതാവിൻ്റെയും മകളായി ബെംഗളൂരുവിൽ ജനിച്ച വരലക്ഷ്മി എംബിഎ ബിരുദധാരിയാണ്. മാൻപവർ സപ്ലൈ മേഖലയിലാണ് ഉപജീവനം ആരംഭിച്ചത്. 2016ൽ മെച്ചപ്പെട്ട ജീവിതം തേടി യുഎഇയിലെത്തി. തുടർന്ന് വർഷങ്ങളോളം വിവിധ കമ്പനികളിൽ ജോലി ചെയ്തു. കോവിഡ് 19ന് തൊട്ടു മുൻപ് നാട്ടിലേക്ക് പോയി വന്ന ശേഷം 2021ൽ ദുബായില്‍ കോഴിക്കോട് സ്വദേശിയുടെ ലോജിസ്റ്റിക് കമ്പനിയിൽ മാർക്കറ്റിങ് മാനേജരായി ജോലിയിൽ പ്രവേശിച്ചു.
1500 ദിർഹം പ്രതിമാസ ശമ്പളവും കമ്മിഷനുമായിരുന്നു വേതനം. 300 ദിർഹം എല്ലാ മാസവും ഭക്ഷണ അലവലൻസായും വാഗ്ദാനം ചെയ്തു. പിന്നീട് വീസ നടപടികൾ പൂർത്തിയാക്കി. ലേബർ കാർഡ് നൽകിയില്ലെങ്കിലും എമിറേറ്റ്സ് ഐഡി കൈമാറി. രണ്ട് മാസം നന്നായി ജോലി ചെയ്തെങ്കിലും കമ്മിഷൻ നൽകാതെ 1500 ദിർഹം ശമ്പളം മാത്രം നൽകി. പിന്നീട്, വിപണിയിലേതിനേക്കാൾ കൂടുതൽ നിരക്ക് ആവശ്യപ്പെടാൻ തൊഴിലുടമ ആവശ്യപ്പെട്ടതിനാൽ ബിസിനസ് ലഭ്യമാകാതായി.
എന്നാൽ ബിസിനസ് കൊണ്ടുവരുന്നില്ലെന്ന് പറഞ്ഞ് അയാൾ അനുദിനം മാനസികമായി സമ്മർദത്തിലാക്കുകയും ചെയ്തുകൊണ്ടിരുന്നു. ഇതോടെ ഈ കമ്പനിയിൽ ജോലി തുടരുക പ്രയാസമായി. തുടർന്ന് ഒരു വർഷത്തിന് ശേഷം തൻ്റെ വീസ റദ്ദാക്കുകയും മറ്റിടങ്ങളിൽ ജോലി ചെയ്യുന്നതിനുള്ള നോ ഒബ് ജക് ഷൻ സർട്ടിഫിക്കറ്റ്(എൻഒസി) നൽകുകയും ചെയ്തതായി വരലക്ഷ്മി പറഞ്ഞു. എന്നാൽ, എവിടെയും ബിസിനസ് പച്ച പിടിക്കാതാവുകയും ആരോഗ്യപ്രശ്നങ്ങളുണ്ടാവുകയും ചെയ്തതിനാൽ ഇന്ത്യയിലേയ്ക്ക് മടങ്ങണമെന്ന ആവശ്യവുമായി തൊഴിലുടമയെ സമീപിച്ചെങ്കിലും പാസ്പോർട്ട് നൽകിയില്ല.
പിന്നീട് ഞാൻ തൊഴിൽ മന്ത്രാലയത്തെ സമീപിച്ച് പരാതി നൽകി. ഇതേത്തുടർന്ന് പാസ്പോർട് തിരികെ തരികയും ഓഫിസിലേയ്ക്ക് വിളിപ്പിച്ച് ഭാവിജീവിതം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ജോലിയോ വേതനമോ ഇല്ലാതെ കഴിയുക തന്നെ സംബന്ധിച്ചിടത്തോളം വളരെ വേദനാജനകമായിരുന്നു. ഇതിനിടെ, യാത്രയ്ക്കിടെ വരലക്ഷ്മിയുടെ പാസ്പോർട്ടും നഷ്ടമായി.
പല ജോലികൾ ചെയ്തും മറ്റുള്ളവരുടെ സഹായത്തോടെയും അഞ്ച് വർഷമായി ഇവിടെ ജീവിക്കുന്നു. നാട്ടിലുള്ള മകളെയോ രോഗിയായ അമ്മയെയോ കാണാനാകാത്തതിലുള്ള സങ്കടം ഏറെയാണ്. ഇതിനിടെയാണ് ഇൗ മാസം ആദ്യം യുഎഇ സർക്കാർ പൊതുമാപ്പ് പ്രഖ്യാപിച്ചത്. ഇതുവഴി നാട്ടിലേക്ക് പോകാൻ തീരുമാനിച്ചു. പക്ഷേ, കേസുള്ളതിനാൽ യാത്രാ വിലക്ക് നിലനിൽക്കുന്നത് കാരണം ആ വഴിയുമടഞ്ഞു. ഇതേത്തുടർന്ന് യുഎഇയിലെ പ്രമുഖ അഭിഭാഷക പ്രീത ശ്രീറാം മാധവിനോട് നിയമസഹായം തേടുകയായിരുന്നു.
∙ ഫോൺ നമ്പരിലും ഇ–മെയിലിലും ചതി
വരലക്ഷ്മിക്കെതിരെ 22,000 ദിർഹത്തിൻ്റെ ലേബർ കേസ് ആണ് തൊഴിലുടമ കൊടുത്തിട്ടുള്ളതെന്ന് അഡ്വ. പ്രീത ശ്രീറാം മാധവ് പറഞ്ഞു. എന്നാൽ കേസ് കൊടുക്കുന്ന സമയത്ത് വരലക്ഷ്മിയുടെ ഫോൺ നമ്പർ കൊടുക്കുന്നതിന് പകരം അയാൾ തന്റെ കമ്പനി ഫോൺ നമ്പരാണ് കൊടുത്തത്. മാത്രമല്ല, വരലക്ഷ്മിയുടെ ഇ–മെയിൽ അഡ്രസ്സും തെറ്റിച്ചു കൊടുത്തു. ഈ കാരണത്താൽ തനിക്ക് ഇങ്ങനെയൊരു കേസ് വന്നിട്ടുണ്ടെന്ന് വരലക്ഷ്മിക്ക് മനസ്സിലായില്ല.
പുതുതായി ഈ കമ്പനിയിൽ ജോലിക്ക് വന്ന സമയത്ത് വീസ നടപടികൾ പൂർത്തിയാക്കുമ്പോൾ മറ്റ് അപേക്ഷകൾക്കൊപ്പം ബ്ലാങ്ക് ലെറ്റർ ഹെഡിലും ഒപ്പിട്ടു വാങ്ങിയിരുന്നു. തൊഴിൽ, ഇമിഗ്രേഷൻ വിഭാഗത്തിലേക്ക് വീസ നടപടികളുടെ ഭാഗമായി കൊടുക്കാനാണ് ഇതെന്നായിരുന്നു പറഞ്ഞത്. എന്നാൽ കമ്പനിയുടമ വരലക്ഷ്മി ഒപ്പിട്ട ഈ ബ്ലാങ്ക് പേപ്പർ 22,000 ദിർഹം അഡ്വാൻസ് വാങ്ങി എന്ന് എഴുതിച്ചേർത്ത് കേസ് നൽകുകയായിരുന്നു.
2022 ൽ നൽകിയ കേസാണ് യാത്രാവിലക്കിലെത്തിയത്. അഞ്ചു വർഷത്തിന് ശേഷം പൊതുമാപ്പിലൂടെ നാട്ടിലേക്ക് പോകാമെന്ന ആഗ്രഹത്തോടെ ഇന്ത്യൻ കോൺസുലേറ്റിൽ നിന്ന് ഔട്ട് പാസി(എക്സിറ്റ് പെർമിറ്റ്)ന് അപേക്ഷിച്ച് അവീര്‍ പൊതുമാപ്പ് കേന്ദ്രത്തിലെത്തിയപ്പോൾ കേസുണ്ടെന്ന് തിരിച്ചറിയുകയായിരുന്നു. എന്നാൽ തൊഴിലുടമ എക്സിക്യൂഷൻ അപേക്ഷ കൊടുക്കാത്തതുകൊണ്ട് ഈ കേസിൽ വരലക്ഷ്മിക്ക് അറസ്റ്റ് ഉണ്ടായിരുന്നില്ല.
∙ തൊഴിലുടമ ചെയ്തത് രണ്ട് കുറ്റങ്ങൾ
രണ്ടു കുറ്റങ്ങളാണ് കമ്പനിയുടമ വരലക്ഷ്മി എന്ന പാവം സ്ത്രീയോട് ചെയ്തിട്ടുള്ളത്. ബ്ലാങ്ക് പേപ്പർ ഒപ്പിട്ട് വാങ്ങി അതിൽ തുക എഴുതിച്ചേർത്ത് വ്യാജ രേഖയുണ്ടാക്കിയതും ഇ–മെയിൽ വിലാസവും ഫോൺ നമ്പറും തെറ്റായി കൊടുത്തതും. വരലക്ഷ്മി കമ്പനിയിൽ നിന്ന് അഡ്വാൻസ് തുക വാങ്ങുകയോ പകരം തന്റെ ചെക്ക് നൽകുകയോ ചെയ്തിട്ടില്ല. അവർ കൊണ്ടുവന്ന ബിസിനസിന് നൽകാമെന്നേറ്റ ഇൻസെൻ്റീവ് പോലും കമ്പനി നൽകിയിരുന്നില്ല. അതുകൂടാതെ കമ്പനിയിൽ നിന്ന് ഒളിച്ചോടി(അബ് സ്കോണ്ടിങ്) എന്ന പരാതി നൽകിയതിനാൽ നാട്ടിൽ പോകാൻ കഴിയാതെ കഷ്ടപ്പെട്ട് ജീവിച്ചു വരികയായിരുന്നു.
മികച്ച പ്രവൃത്തി പരിചയമുമുള്ള ഇവർ കമ്പനിയെക്കുറിച്ച് പഠിക്കാതെ ജോലിയിൽ പ്രവേശിച്ചതാണ് ഇത്തരത്തിൽ ദുരിതത്തിലാകാനുള്ള കാരണമെന്ന് അഡ്വ.പ്രീത ശ്രീറാം മാധവ് പറയുന്നു. പുതുതായി ഒരാള്‍ ജോലിക്ക് ചേരുമ്പോൾ ഒരിക്കലും ബ്ലാങ്ക് പേപ്പറിലോ മറ്റോ ഒപ്പിടരുത്.
പല കമ്പനിക്കാരും ചെയ്യുന്നത് ഒരാൾ ജോയിൻ ചെയ്യുന്ന സമയത്ത് കമ്പനി റൂൾ ആൻഡ് റെഗുലേഷൻസ് സൈൻ ചെയ്യിപ്പിക്കാറുണ്ട്. അതിന്റെ കൂടെ ബ്ലാങ്ക് പേപ്പറിലും സൈൻ ചെയ്യിക്കുന്നു. എന്നാൽ ജോലി ലഭിച്ച ആവേശത്തിലും സന്തോഷത്തിലും ഇതൊന്നും കാര്യമാക്കാതെ പറഞ്ഞിടത്ത് ഒപ്പിട്ടുനൽകുന്നതാണ് പ്രശ്നം.
പ്രശ്നമുണ്ടായി കേസ് കൊടുക്കുമ്പോൾ തൊഴിലുടമ ജീവനക്കാരുടെ ഫോൺ നമ്പറും ഇ–മെയിൽ വിലാസവും തെറ്റിച്ച് കൊടുക്കുക എന്നത് പലരുടെയും ശീലമായി മാറിയിട്ടുണ്ട്. തന്നോട് ഇത്തരത്തിൽ വഞ്ചന കാണിച്ച കമ്പനി ഉടമയ്‌ക്കെതിരെ കേസ് ഫയൽ ചെയ്യാനള്ള നടപടിയുമായി വരലക്ഷ്മി മുന്നോട്ടുപോവുകയാണെന്ന് അഡ്വ. പ്രീത പറഞ്ഞു. ഫോൺ:+971 52 731 8377(അഡ്വ.പ്രീത ശ്രീറാം മാധവ്).