കുവൈത്തിൽ ഹൃദ്രോഗം മൂലം മരിക്കുന്നവരിൽ 71% പേരും പ്രവാസികൾ
Mail This Article
കുവൈത്ത് സിറ്റി ∙ കുവൈത്തിൽ ഹൃദ്രോഗം മൂലം മരിക്കുന്നവരിൽ 71% പേരും പ്രവാസികൾ. കുവൈത്തിലെ ഹൃദ്രോഗങ്ങൾ എന്ന പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ 15 മാസ കാലയളവില്‍ രാജ്യത്ത് 7602 പേർ ഹൃദ്രോഗം ബാധിച്ച് മരിച്ചു.
പുരുഷന്മാരിൽ ഹൃദ്രോഗ സാധ്യത സ്ത്രീകളെ അപേക്ഷിച്ച് കൂടുതലാണ്. 82% കേസുകളിലും പുരുഷന്മാരാണ് ഹൃദ്രോഗം മൂലം മരിച്ചത്. പ്രമേഹം, പുകവലി എന്നിവ ഹൃദ്രോഗത്തിന്റെ പ്രധാന സാധ്യത ഘടകങ്ങളാണെന്നും പഠനം കണ്ടെത്തിയിട്ടുണ്ട്. 5,396 പ്രവാസികളാണ് 2023 മേയ് 15 മുതല്‍ 2024 ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ ഹൃദ്രോഗം മൂലം മരിച്ചത്. കുവൈത്ത് സ്വദേശികളുടെ മരണസംഖ്യ 2,206 ആണ്. പഠനമനുസരിച്ച്, ഹൃദ്രോഗം മൂലം മരിച്ചവരുടെ ശരാശരി പ്രായം 56 വയസ്സായിരുന്നു.
ആരോഗ്യകരമായ ഭക്ഷണം, ശാരീരിക പ്രവർത്തനം, പുകയില ഉപയോഗം നിർത്തൽ എന്നിവ പ്രോത്സാഹിപ്പിക്കുന്ന പരിപാടികളിലൂടെ ഒരു പരിധിവരെ ഹൃദ്രോഗത്തെ തടയാൻ സാധിക്കുമെന്ന് വിദ്ഗധർ പറയുന്നു.