ADVERTISEMENT

അബുദാബി/ദുബായ് ∙ 2030 ആകുമ്പോഴേക്കും 4 കോടി വിനോദ സഞ്ചാരികളെ ലക്ഷ്യമിടുന്ന യുഎഇ, ഹോട്ടൽ മുറികളുടെ എണ്ണം കൂട്ടുന്നു. 6 വർഷത്തിനകം 26,832 ഹോട്ടൽ മുറികൾ കൂടി സജ്ജമാകും. ഈ വർഷം മുറികളുടെ എണ്ണം 12.7 ശതമാനം (17,750) വർധിച്ച് മൊത്തം 2,38,412 ആയി. ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖല 26 ശതമാനം വളർച്ച രേഖപ്പെടുത്തി. മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ 11.7 ശതമാനം വരുമിത്. വർഷാവസാനത്തോടെ ടൂറിസം മേഖലയിലെ വരുമാനം 12300 കോടി ഡോളറായി ഉയർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

ജനുവരി മുതൽ ജൂലൈ വരെ ടൂറിസം രംഗത്ത് യുഎഇ മികച്ച പ്രകടനം കാഴ്ചവച്ചു. ശരാശരി ഹോട്ടൽ ഒക്യുപൻസി നിരക്ക് 76% ആയിരുന്നു. മേഖലയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. 2023ൽ ഇതേ കാലയളവിനെക്കാൾ 7.4% കൂടി. ശരാശരി മുറി വാടക 5% വർധിച്ച് 172 ഡോളറായി. 

64 വർഷം മുൻപ് മൺപാതയുമായി വിമാനങ്ങൾക്കായി കാത്തുകിടന്ന ദുബായ് വിമാനത്താവളത്തിന്റെ ചിത്രം.
64 വർഷം മുൻപ് മൺപാതയുമായി വിമാനങ്ങൾക്കായി കാത്തുകിടന്ന ദുബായ് വിമാനത്താവളത്തിന്റെ ചിത്രം.

യുഎഇ സമ്പദ് വ്യവസ്ഥയിലെ സുപ്രധാന ഘടകമായ ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലയിൽ 2023ലെ കണക്കുപ്രകാരം 8.09 ലക്ഷം പേർ ജോലി ചെയ്യുന്നുണ്ട്. വിനോദത്തിനും ബിസിനസിനുമുള്ള മികച്ച 3 ആഗോള കേന്ദ്രങ്ങളിൽ ഒന്നാകാൻ കുതിക്കുന്ന ദുബായ് ഈ രംഗത്ത് ബഹുദൂരം മുന്നിലാണ്. ദുബായിൽ 1.51 ലക്ഷം ഹോട്ടൽ മുറികളുണ്ട്. പാം ജബൽ അലി, ദുബായ് ഐലൻഡ് എന്നിവിടങ്ങളിലായി 160 ഹോട്ടലുകളും റിസോർട്ടുകളും നിർമിക്കാൻ പദ്ധതിയുണ്ട്. 

ദുബായിൽ നിലവിലെ ഹോട്ടലുകളിൽ 69 ശതമാനവും ഉർയന്ന സൗകര്യമുള്ളവയാണ്. എല്ലാ തലങ്ങളിലുമുള്ളവർക്ക് താങ്ങാവുന്ന വിധം ബജറ്റ് ഹോട്ടൽ വ്യാപകമാക്കാനും പദ്ധതിയുണ്ട്. നിലവിൽ ദുബായിൽ 52,995 പഞ്ചനക്ഷത്ര ഹോട്ടൽ മുറികളുണ്ട്. മൊത്തം ഹോട്ടൽ മുറികളുടെ എണ്ണത്തിൽ ലണ്ടൻ, ന്യൂയോർക്ക് നഗരത്തെക്കാൾ കൂടുതലാണിത്. ഹോട്ടൽ താമസ നിരക്കും ലോകത്തിലെ ഏറ്റവും ഉയർന്നതാണ്.

എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈ ദുബായ്, എയർ അറേബ്യ തുടങ്ങി ദേശീയ എയർലൈനുകളുടെ സേവനവും ആഗോള ടൂറിസ്റ്റ് കേന്ദ്രമായി ഉയർത്തുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. 2013 മുതൽ ലോകത്തിലെ ഏറ്റവും തിരക്കേറിയ ഗേറ്റ്‌വേയാണ് ദുബായ് എയർപോർട്ട്. 2023ൽ 8.69 കോടി യാത്രക്കാർക്ക് ആതിഥേയത്വം വഹിച്ചിരുന്നു.

English Summary:

UAE aims to attract 4 crore tourists by 2030

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com