ഷാർജ ഇന്ത്യൻ സ്കൂളിന് പൂർവവിദ്യാർഥി സംഘടന
Mail This Article
ഷാർജ ∙ നാലര പതിറ്റാണ്ട് പിന്നിടുന്ന ഷാർജ ഇന്ത്യൻ സ്കൂളിനു പൂർവവിദ്യാർഥി സംഘടന നിലവിൽ വന്നു. സിസാ എന്ന പേരിട്ടിരിക്കുന്ന പൂർവവിദ്യാർഥി സംഘടനയുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര നിർവഹിച്ചു. ഓച്ചഡ് ഗ്രൂപ്പ് സ്ഥാപക ഡോ. വന്ദന ഗാന്ധി മുഖ്യാതിഥിയായിരുന്നു.
ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി പി. ശ്രീപ്രകാശ്, പൂർവവിദ്യാർഥികളെ പ്രതിനിധീകരിച്ചു സിനിമാതാരവും എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമായ ഐമ റോസ്മി സെബാസ്റ്റ്യൻ, നർത്തകിയും സോഷ്യൽ മീഡിയ താരവുമായ ഐന എൽസ്മി ഡെൽസൺ, നടനും സോഷ്യൽ മീഡിയ താരവുമായ അഹമദ് സാല, കരൾരോഗ വിദഗ്ധൻ ഡോ. ബിജു ചന്ദ്രൻ എന്നിവർ അനുഭവങ്ങൾ പങ്കുവച്ചു.
വിരമിച്ച അദ്ധ്യാപകരായ കെ.എ. ഏബ്രഹാം, സയിദ് മുഹമ്മദ് ബാഷ, ശോഭന കുറുപ്പ്, മേരി ജോസ് തോമസ്, അന്നമ്മ ജേക്കബ്, സൂസൻ ഡേവിഡ് എന്നിവരെയും നിലവിലെ മുതിർന്ന അധ്യാപകരായ ശൈലജ രവി (ഹെഡ്മിസ്ട്രസ്), മംമ്ത ഗോജർ (കെജി ടു സൂപ്പർവൈസർ) എന്നിവരെയും ആദരിച്ചു. അസോസിയേഷൻ ഓഡിറ്റർ ഹരിലാൽ, ജിബി ബേബി, സ്കൂൾ പ്രിൻസിപ്പൽമാരായ പ്രമോദ് മഹാജൻ (ഗുബൈബ), മുഹമ്മദ് അമീൻ (ജുവൈസ) വൈസ് പ്രിൻസിപ്പൽ ഷിഫ്ന നസറുദ്ദീൻ (ഗേൾസ് വിങ്) മാത്യു മനപ്പാറ, കെ.കെ. താലിബ്, അബ്ദുമനാഫ്, അനീസ് റഹ്മാൻ, മുരളീധരൻ ഇടവന, എ.വി. മധു, യൂസഫ് സഗീർ എന്നിവർ രാജീവ് മാധവൻ, അന്ന ജോസ്‌ലിൻ എന്നിവർ പ്രസംഗിച്ചു.