3 വർഷമായി അന്തിയുറങ്ങിയത് അബുദാബിയിലെ പാർക്കിലും തെരുവിലും; ദുരിത ജീവിതം അവസാനിപ്പിച്ച് ഷാഫി നാട്ടിലേക്ക്
Mail This Article
അബുദാബി ∙ നിയമക്കുരുക്കു മൂലം നാട്ടിലേക്കു പോകാനാകാതെ അബുദാബിയുടെ തെരുവിൽ അലഞ്ഞ തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി ഷാഫി മുസ്തഫ സുമനസ്സുകളുടെ കാരുണ്യത്തിൽ നാട്ടിലേക്ക്. മനോരമ വാർത്തയെ തുടർന്ന് അബുദാബി കെഎംസിസിയും ആറ്റിങ്ങൽ അവനവഞ്ചേരി ഇടയ്ക്കോട് ജമാഅത്ത് കമ്മിറ്റിയും സാമൂഹിക പ്രവർത്തകരും സഹായത്തിന് എത്തിയതോടെയാണ് നിയമപ്രശ്നം തീർത്ത് പൊതുമാപ്പ് ഉപയോഗപ്പെടുത്തി നാട്ടിലേക്കു പോകുന്നത്.
സഹോദരൻ റഷീദുമായി ചേർന്ന് നടത്തിയ റസ്റ്ററന്റ് നഷ്ടത്തിലായതുമായി ബന്ധപ്പെട്ട ചെക്ക് കേസിലാണ് ഷാഫി കുടുങ്ങിയത്. ബിസിനസുമായി ബന്ധപ്പെട്ട് നൽകിയ ചെക്കുകളെല്ലാം ഷാഫിയുടെ പേരിലായിരുന്നു. ബാധ്യതകളെല്ലാം തന്റെ തലയിൽ കെട്ടിവച്ച് സഹോദരൻ മുങ്ങിയതോടെയാണ് ജീവിതം ദുരിതപൂർണമായെന്ന് ഷാഫി പറയുന്നു.
വിവരങ്ങൾ പറഞ്ഞപ്പോൾ പലരും കേസ് ഒഴിവാക്കിയെങ്കിലും 14,500 ദിർഹത്തിന്റെ വാടക കുടിശികയുടെ പേരിൽ കെട്ടിട ഉടമ കേസ് കൊടുത്തതോടെ യാത്രാവിലക്ക് വന്നു. വീസ കാലാവധി തീർന്നതിനാൽ ജോലി നൽകാൻ ആരും തയാറായില്ല. 3 വർഷമായി പാർക്കിലും തെരുവിലും നിർമാണത്തിലിരിക്കുന്ന കെട്ടിടങ്ങൾക്കു സമീപവുമാണ് അന്തിയുറങ്ങിയത്. ആരെങ്കിലും നൽകിയിരുന്ന ഭക്ഷണമായിരുന്നു ആശ്രയം. ഷാഫിയുടെ ദുരവസ്ഥയെക്കുറിച്ച് മനോരമയിൽ വന്ന വാർത്ത കെട്ടിട ഉടമയെ ധരിപ്പിച്ചതോടെ 5000 ദിർഹം അടച്ചാൽ കേസ് പിൻവലിക്കാമെന്ന് അറിയിച്ചു. മഹല്ല് കമ്മിറ്റി സ്വരൂപിച്ച് നൽകിയ തുക അടച്ചതോടെ കേസ് പിൻവലിച്ചു.
പൊതുമാപ്പിന് അപേക്ഷിച്ച് ഔട്പാസും ലഭിച്ചു. തിരുവനന്തപുരത്തേക്കുള്ള വിമാന ടിക്കറ്റ് അബുദാബി സുന്നി സെന്റർ വാഗ്ദാനം ചെയ്തിട്ടുണ്ട്. രോഗബാധിയായ ഉമ്മയെയും ഇതുവരെ നേരിൽ കാണാത്ത ഏക മകളെയും കാണാനുള്ള തിടുക്കത്തിലാണ് ഷാഫി. സഹായത്തിനെത്തിയ എല്ലാവർക്കും ഷാഫി നന്ദി പറഞ്ഞു.