ADVERTISEMENT

കേരളസ‍ർക്കാരിന്റെ ഭാഗമായി, ഫയലുകളില്‍ നിന്ന് ഫയലുകളിലേക്ക് ആരോഹണവരോഹണങ്ങള്‍ നടത്തിയിരിക്കേണ്ട സാധാരണ സർക്കാരുദ്യോഗസ്ഥന്‍, ആ ലേബലല്ലായിരുന്നു ഷെയ്ഖ് ഹസന്‍ ഖാന്റെ ലക്ഷ്യം. ലോകത്തെ ഉയരമുളള കൊടുമുടികളെല്ലാം കയറയണമെന്ന ഇച്ഛാശക്തിയില്‍ സർക്കാർ ജോലിയുടെ പ്രഭമങ്ങി. 

മൗണ്ട് എവറസ്റ്റിലെ ശ്വാസം നിലച്ചുപോയ തണുപ്പില്‍ നിന്ന് മനസിലടിയുറച്ച ലക്ഷ്യത്തിന്റെ ചൂടിലേക്ക് ഉയിരെടുത്ത് കയറിയിട്ടുണ്ട് ഷെയ്ഖ് ഹസന്‍. ആറ് ഭൂഖണ്ഡങ്ങളിലെ കൊടുമുടികള്‍ കീഴടക്കിയ അദ്ദേഹത്തിന് മുന്നില്‍ ഇനി കീഴടങ്ങാനുളളത് ഓസ്ട്രേലിയയിലെ മൗണ്ട് കോസിയോസ്കോ മാത്രം. അവിടേയ്ക്കുളള യാത്രയ്ക്ക് മുന്‍പ് പന്തളം പ്രവാസി അസോസിയേഷന്റെ ഓണാഘോഷത്തിന് അതിഥിയായി ദുബായിലെത്തിയതാണ് പന്തളത്തുകാരനായ ഷെയ്ഖ് ഹസന്‍. 

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്.
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്.

∙ സൗഹൃദം, യാത്ര, പ്രചോദനം
30-ാം വയസ്സിലാണ് കൊടുമുടികള്‍ കയറണമെന്ന മോഹം ആദ്യം മനസിലുടക്കുന്നത്. അതിന് പ്രചോദനമായത് ഒരു ഡാർജിലിങ്ങിലെ യാത്രയും. പന്തളത്തെ സാധാരണ സ്കൂളില്‍ പഠിച്ച് ബിരുദവും ബിരുദാനന്തര ബിരുദവും നേടിയാണ് സർക്കാർ സർവീസിലേക്ക് എത്തുന്നത്. സെക്രട്ടേറിയറ്റില്‍ ജോലി ചെയ്യുന്നതിനിടെ 2015-ല്‍ ഡല്‍ഹിയിലേക്ക് സ്ഥലം മാറ്റം കിട്ടി. കേരളാ ഹൗസില്‍ ജോലി, ഒഴിവുവേളകളില്‍ സുഹൃത്തുക്കളോടൊപ്പമായിരുന്നു യാത്രകള്‍ പലതും. അങ്ങനെയൊരുയാത്രയിലാണ് ഡാർജിലിങ്ങിലെ വാള്‍ ക്ലൈംബിങ് കേന്ദ്രം കാണുന്നത്. അവിടെ പോയി. ഒന്നുരണ്ടുതവണ കയറിയതോടെ ഹരമായി. അതായിരുന്നു തുടക്കം. പിന്നീട് ഉത്തരകാശിയിലെയും ഡാർജിലിങ്ങിലെയും കേന്ദ്രങ്ങളിലുളള മൗണ്ടനീയറിങ്ങിനുളള കോഴ്സ് പഠിച്ചു. മനസുകൊണ്ട് കൊടുമുടികള്‍ കീഴടക്കാന്‍ സന്നദ്ധനായി. 

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്.
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്.

∙ സ്വാതന്ത്ര്യത്തിന്റെ 75-ാമത് വർഷം, എവറസ്റ്റില്‍ പറന്നു, ഏറ്റവും വലിയ ഇന്ത്യന്‍ പതാക
2022 മേയ് മാസത്തിലാണ് എവറസ്റ്റ് കയറുന്നത്. ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ 75-ാമത് വർഷമായിരുന്നു 2022. ആഘോഷങ്ങളുടെ ഭാഗമായി വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്നുറച്ചു.  മൗണ്ട് എവറസ്റ്റിന് മുകളില്‍ ഏറ്റവും വലിയ ഇന്ത്യന്‍ പതാകയെത്തിക്കാമെന്നുളളതായിരുന്നു തീരുമാനം. 30 അടി നീളവും 20 അടി വീതീയുമുളള പതാകയാണ് എവറസ്റ്റിലെത്തിച്ചത്. അവിടെ തീർന്നില്ല, എവറസ്റ്റിലെ മൂന്ന് നാല് ക്യാമ്പുകളില്‍ നിന്ന് 100 കിലോയോളം പ്ലാസ്റ്റിക്കുകളും ഹസനും സംഘവും ശേഖരിച്ചു. പ്രകൃതിയെ സംരക്ഷിക്കുകയെന്നുളള ലക്ഷ്യം മുന്‍നിർത്തിയുളള യാത്രകള്‍ക്ക് അടിവരയിടുന്നതായിരുന്നു ആ പ്രവൃത്തി. 

എവറസ്റ്റിലേക്ക് കയറുമ്പോള്‍ ഹസന്‍ ഖാന് കൈമുതലായുളളത് കിളിമഞ്ചാരോ കയറിയ ധൈര്യം മാത്രമായിരുന്നു. പർവ്വതാരോഹണത്തിന്റെ പാഠങ്ങള്‍ പഠിപ്പിച്ചുതന്ന കോഴ്സുകളും ഇന്ത്യയിലെ 7084 മീറ്റർ ഉയരമുളള മൗണ്ട് സദോപന്ത് കയറിയതും ആത്മവിശ്വാസമേകി. എന്നാല്‍ ഖുംബു ഐസ് ഫാളിലെത്തിയപ്പോള്‍ അപ്രതീക്ഷിതമായി തണുപ്പെത്തി. കാലാവസ്ഥയും പ്രതികൂലമായി. ന്യൂമോണിയ ബാധിച്ച് അവശനായി. ദൗത്യം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്ത തരത്തില്‍ വീണുപോയി. പിന്തിരിയാന്‍ ഒരുക്കമായിരുന്നില്ല. കൊടുമുടി കീഴടക്കാന്‍ മുന്നിലുളളത് 450 മീറ്ററിന്റെ ഉയരം മാത്രം. എന്നാല്‍ കയ്യിലുളള ഓക്സിജന്‍ സിലിണ്ടർ തീർന്നു.15 മിനിറ്റോളം ഓക്സിജനില്ലാതെ ആ കൊടും തണുപ്പില്‍ മരവിച്ചുകിടന്നു. അതിതീവ്രമായി ആഗ്രഹിച്ചാല്‍ ആ ആഗ്രഹം നടക്കാന്‍ പ്രകൃതിപോലും കൂട്ടുനില്‍ക്കുമെന്നല്ലേ, ഇവിടെ രക്ഷകരായത് മുന്‍പേ കടന്നുപോയ യാത്രസംഘമാണ്. സംഘത്തിലുണ്ടായിരുന്ന സുഹൃത്ത് ഷെർപ്പ തിരിച്ചിറങ്ങി വന്ന്, കൈയ്യിലുളള ഓക്സിജന്‍ സിലിണ്ടർ നല്‍കി. ഇത് ഹസന്‍ ഖാന് മുന്നോട്ടുളള ജീവവായുവായി. 2022 മേയ് 15-ന് എവറസ്റ്റിന്റെ നെറുകയിലെത്തി, എവസ്റ്റ് അന്നോളം കണ്ടിട്ടില്ലാത്ത ഏറ്റവും വലിയ ഇന്ത്യന്‍ പതാകയുമായി. കേരളത്തില്‍ നിന്ന് എവറസ്റ്റ് കീഴടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന റെക്കോർഡും ഹസന്‍ ഖാന് സ്വന്തമായി. 

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്.
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്.

∙ ഡെനാലി അപകടകരം, വിന്‍സണിലെ കാലാവസ്ഥ പ്രവചനാതീതം
നോർത്ത് അമേരിക്കയിലെ ഡെനാലിയാണ് ഇതുവരെ കയറിയതില്‍ ഏറ്റവും പ്രയാസകരമായി അനുഭവപ്പെട്ടത്. മഞ്ഞുപാളികള്‍ക്കിടയിലുളള വലിയ വിളളലുകള്‍ താണ്ടിവേണം മുകളിലെത്താന്‍. യാത്രവഴിയില്‍ രണ്ട്  മഞ്ഞുവിളളലുകളില്‍ വീണുവെങ്കിലും ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടുവന്നതാണെന്ന് ഹസന്‍ ഖാന്‍ പറയുന്നു. യാത്രയില്‍ ഗൈഡോ സഹായികളോ ലഭ്യമാകില്ലെന്നുളളതാണ് മറ്റൊരു പ്രതിസന്ധി. വലിയ ഭാരമുളള സാധനങ്ങള്‍ സ്വന്തമായി ചുമന്ന് വേണം കൊടുമുടികയറാന്‍. അതിനേക്കാള്‍ പ്രയാസം, കൊടുമുടിയുടെ ഉയരത്തിലെത്താന്‍ കൊതിച്ച് പാതിവഴിയില്‍ വീണുപോയവരുടെ മൃതദേഹങ്ങളുടെ കാഴ്ചയാണ്. ഇതെല്ലാം മറികടക്കാന്‍ മനക്കരുത്ത് മാത്രമായിരുന്നു കൂട്ടിന്. 

അന്റാർട്ടിക്കയിലെ മൗണ്ട് വിന്‍സണ്‍ കയറുന്ന ആദ്യമലയാളിയാണ്. ഇവിടെ കാലാവസ്ഥ പ്രവചനാതീതമാണ്. മുകളിലെത്തി ഫോട്ടോയെടുക്കാനായി ഗ്ലൗസ് അഴിച്ചു. ഇതോടെ ശരീരഭാഗങ്ങള്‍ തണുത്തുറഞ്ഞ് വീങ്ങുന്ന ഫ്രോസ്റ്റ് ബൈറ്റ് എന്ന അവസ്ഥ വിരലുകളെ ബാധിച്ചു. വിരലുകള്‍ മുറിച്ചുകളയേണ്ട അവസ്ഥ. പിന്നീടുളള ദിവസങ്ങള്‍ ഗ്ലൗസ് അഴിക്കാതെയാണ് ഭക്ഷണം കഴിക്കുന്നതുള്‍പ്പടെയുളള പ്രാഥമിക കൃത്യങ്ങള്‍ നിർവഹിച്ചത്. സൗത്ത് അമേരിക്കയിലെ അക്കന്‍ഗാഗുവ, ചിലെയിലെ ഓഗോസ് ദെല്‍ സലാദോ എന്നീ മൂന്ന് ദൗത്യങ്ങള്‍ ഒരുമിച്ച് ചെയ്യുകയെന്നുളളതായിരുന്നു ലക്ഷ്യം. ലോകത്തെ ഏറ്റവും ഉയരമുളള അഗ്നിപർവ്വതമാണ് ചിലെയിലെ ഓഗോസ് ദെല്‍ സലാദോ. അനാരോഗ്യമായ സാഹചര്യങ്ങളിലും ദൗത്യം പൂർത്തിയാക്കിയാണ് ഹസന്‍ മടങ്ങിയത്. ആഫ്രിക്കയിലെ കിളിമഞ്ചാരോ, ഏഷ്യയിലെ മൗണ്ട് എവറസ്റ്റ്, നോർത്ത് അമേരിക്കയിലെ മൗണ്ട് ഡെനാലി, യൂറോപ്പിലെ മൗണ്ട് എല്‍ബ്രസ്, അന്റാർട്ടിക്കയിലെ മൗണ്ട് വില്‍സണ്‍, സൗത്ത് അമേരിക്കയിലെ മൗണ്ട് അക്കെന്‍ ഗാഗുവ എന്നിവയാണ് ഇതുവരെ കയറിയ കൊടുമുടികള്‍. ഓസ്ട്രേലിയയിലെ മൗണ്ട് കോസിയോസ്കോയാണ് ഇനി ലക്ഷ്യം.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്.
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്.

∙ കൊടുമുടികയറാം, പക്ഷെ പണം സമാഹരിക്കുക കഠിനം
എവറസ്റ്റ് കയറാന്‍ ഷെയ്ഖ് ഹസന് ചെലവായത് 45 ലക്ഷം രൂപയാണ്. ഭാര്യയുടെ സ്വർണം പണയം വച്ചും കൂട്ടുകാരുടെ സഹായത്താലും വായ്പയെടുത്തുമാണ് ലക്ഷ്യത്തിലേക്ക് അദ്ദേഹമെത്തിയത്. ഷെയ്ഖ് ഹസന്‍ ഖാന്റെ ഇഷ്ടങ്ങള്‍ക്ക് ഭാര്യ ഖദീജ ഒരിക്കലും എതിരു പറഞ്ഞില്ല, പിന്തുണ നല്‍കി കൂടെ നിന്നതേയുളളൂ. ഡെനാലിയിലേക്കുളള യാത്രയ്ക്ക് ചെലവായത് 12 ലക്ഷം. എവറസ്റ്റിന് ശേഷമുളള  ദൗത്യങ്ങളില്‍ സ്പോണ്‍സറുടെ സഹായം തുണയായി. നിലവില്‍ സർക്കാർ ജോലിയില്‍ നിന്നും അവധിയെടുത്തിരിക്കുകയാണ്. ലക്ഷ്യത്തിന്റെ കൊടുമുടികള്‍ ഉറക്കം കെടുത്തുമ്പോള്‍ സ്വസ്ഥമായിരുന്ന് ജോലി ചെയ്യുന്നതെങ്ങനെ.

∙ ലക്ഷ്യം, 195 രാജ്യങ്ങളിലെ കൊടുമുടികള്‍ 
5 വർഷത്തിനുളളില്‍ 195 രാജ്യങ്ങളിലെ കൊടുമുടികള്‍ കീഴടക്കുകയെന്നുളളതാണ് വലിയ ലക്ഷ്യം. ഇതില്‍ പത്തെണ്ണം പൂർത്തിയായി. ആ ലക്ഷ്യത്തിലേക്ക് നടന്നുകയറണമെങ്കില്‍ പണം വേണം, സ്പോണ്‍സറായി ആരെങ്കിലും എത്തുമെന്നുളളതുതന്നെയാണ് പ്രതീക്ഷ. ദുബായിലേക്കുളള യാത്രയ്ക്ക് പിന്നിലും ആ പ്രതീക്ഷയുണ്ട്. കാലാവസ്ഥ വ്യതിയാനത്തിന്റെ ബോധവല്‍ക്കരണവും ലോകസമാധാനവുമാണ് ഷെയ്ഖ് ഹസന്‍ ഖാന്‍ ഓരോ യാത്രയിലും മുന്നോട്ടുവയ്ക്കുന്ന സന്ദേശം.

English Summary:

Conquering Tallest Peaks inSix Continents: Here's How Sheikh Hassan Mountaineer Accomplished the Feat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com