ഉപപ്രധാനമന്ത്രി പരിശോധനയുമായി തെരുവിലിറങ്ങി; കുവൈത്തിൽ 34 പിടികിട്ടാപ്പുളളികൾ അറസ്റ്റിൽ
Mail This Article
കുവൈത്ത് സിറ്റി ∙ കുവൈത്തിൽ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര- പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍-യൂസഫിന്റെ മേല്‍ നോട്ടത്തിൽ സുരക്ഷാ സംഘം പരിശോധനയുമായി രംഗത്ത് എത്തിയതോടെ പിടികിട്ടാപ്പുളളികളായ 34 പേർ പിടിയിലായി. ഖൈത്താന്‍ പ്രദേശത്ത് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. ഇതിനു പുറമെ ലഹരിമരുന്നുമായി 2 പേരും കസ്റ്റഡിയിലായി. 2,831 ഗതാഗത നിയമലംഘനങ്ങള്‍ പിടികൂടിയിട്ടുണ്ട്.
കൂടാതെ, താമസ - തൊഴില്‍ നിയമലംഘകരായ 17, മതിയായ രേഖകള്‍ ഇല്ലാത്ത 22 വാഹനങ്ങള്‍ പിടിച്ചെടുത്തു. കഴിഞ്ഞ വ്യാഴം, വെള്ളി ദിവസങ്ങളില്‍ ആഭ്യന്തരമന്ത്രിയുടെ നേത്യത്വത്തില്‍ ഹവാല്ലി, ജാബ്രിയ പ്രദേശങ്ങളിലും പരിശോധന നടത്തിയിരുന്നു. പ്രത്യേക സുരക്ഷാസേന വനിതാ പൊലീസിന്റെ പങ്കാളിത്തത്തോടെയാണ് പരിശോധനകള്‍ നടത്തുന്നത്.
∙ ആരും നിയമത്തിന് അതീതരല്ല: ആഭ്യന്തരമന്ത്രി
ആരും നിയമത്തിന് അതീതരല്ലന്നും രാജ്യത്തെ നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണന്ന് ആഭ്യന്തരമന്ത്രി ഷെയ്ഖ് ഫഹദ് അല്‍-യൂസഫ്. രണ്ട് ആഴ്ച മുൻപ് അമീര്‍ അമീര്‍ ഷെയ്ഖ് മെഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിഹ് അടക്കമുള്ള ഉന്നത ഭരണാധികാരികള്‍ ബയോമെട്രിക് വിരലടയാള നടപടികള്‍ പൂര്‍ത്തികരിച്ചിരുന്നു. ഇത് വ്യക്തമാക്കുന്നത് നിയമത്തിന്റെ മുന്നില്‍ എല്ലാവരും തുല്ല്യരാണ് എന്നാണ്.
ബയോമെട്രിക് വിരലടയാളം എടുക്കന്നതില്‍ വീഴ്ച വരുത്തിയവര്‍ക്ക് മന്ത്രി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒരു പൗരനേയും രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് വിലക്കിയിട്ടില്ല. കഴിഞ്ഞ ദിവസത്തെ മന്ത്രിയുടെ പ്രസ്താവനയില്‍ പൗരന്മാര്‍ക്ക് പ്രവേശനവിലക്കെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ തെറ്റായി വ്യാഖ്യാനിച്ച് പ്രചരിപ്പിച്ചിരുന്നു. ഇത് ആഭ്യന്തര മന്ത്രാലയം നിഷേധിച്ചിട്ടുണ്ട്.