ഡയസ്‌പോറ സമ്മിറ്റ് പ്രചാരണ കൺവൻഷൻ നടത്തി
Mail This Article
അബുദാബി ∙ വിമാനടിക്കറ്റ് നിരക്കിന്റെ പേരിൽ പ്രവാസികളെ പിഴിയുന്നത് നീതീകരിക്കാനാകില്ലെന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു.
ജനിച്ച നാടിനെയും കുടുംബത്തെയും നെഞ്ചിൽ പേറി വർഷത്തിൽ ഒരിക്കൽ നാടണയാനുള്ള പ്രവാസികളുടെ ആഗ്രഹത്തെ വിമാനക്കമ്പനികൾ ചൂഷണം ചെയ്യുന്നത് അന്യായമാണെന്നും അദ്ദേഹം പറഞ്ഞു. അബുദാബി കെഎംസിസിയുടെ നേതൃത്വത്തിൽ മുപ്പതിലേറെ സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഡയസ്‌പോറ സമ്മിറ്റ് ഇൻ ഡൽഹിയുടെ പ്രഖ്യാപന-പ്രചാരണ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം..
സമ്മിറ്റിന്റെ പ്രചാരണ പോസ്റ്റർ മുനവ്വറലി ശിഹാബ് തങ്ങളും കോവളം എംഎൽഎ എം.വിൻസന്റും ചേർന്ന് പുറത്തിറക്കി. പ്രവാസി വിമാന യാത്രാ നിരക്ക്, പ്രവാസി വോട്ടവകാശം തുടങ്ങിയ വിഷയങ്ങൾ ഉയർത്തി ഡിസംബർ 5ന് വൈകിട്ട് 6ന് ഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബ് ഹാളിൽ നടക്കുന്ന സമ്മിറ്റിൽ എംപിമാരും മന്ത്രിമാരും പങ്കെടുക്കും.
എം.വിൻസെന്റ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. അബുദാബി കെഎംസിസി പ്രസിഡന്റ് ഷുക്കൂറലി കല്ലുങ്ങൽ, ജനറൽ സെക്രട്ടറി സി.എച്ച് യൂസുഫ്, സെക്രട്ടറി ടി.കെ.സലാം, വി.പി.കെ, അബ്ദുല്ല (ഇസ്ലാമിക് സെന്റർ), ബി.യേശുശീലൻ, സലീം ചിറക്കൽ (ഇൻകാസ്) എന്നിവർ പ്രസംഗിച്ചു.