ലോകത്തിലെ ഏറ്റവും ഉയരമുള്ള ടവർ നിർമാണം ജിദ്ദയിൽ ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം പുനരാരംഭിച്ചു
Mail This Article
ജിദ്ദ ∙ ലോകത്തിലെ ഏറ്റവും ഉയരമുള്ള ടവർ നിർമാണം ജിദ്ദയിൽ ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം പുനരാരംഭിച്ചു. ഈ പദ്ധതി 2028 ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1000 മീറ്ററിൽ അധികം ഉയരത്തിൽ നിർമിക്കുന്ന ഈ അംബരചുംബി പണി പൂർത്തിയാകുന്നതോടെ ദുബായിലെ ബുർജ് ഖലീഫയെ പിന്തള്ളി ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായി മാറും.
ജിദ്ദ ടവറിൽ പഞ്ചനക്ഷത്ര ഹോട്ടലുകൾ, ടൂറിസ്റ്റ് റിസോർട്ടുകൾ, ഷോപ്പിങ് മാളുകൾ, വാണിജ്യ കേന്ദ്രങ്ങൾ, റസിഡൻഷ്യൽ യൂണിറ്റുകൾ, ഓഫിസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിനോദ മേഖലകൾ എന്നിവയെല്ലാം ഉൾപ്പെടുന്നു. 157 നിലകളിൽ 63 നിലകൾ ഇതിനോടകം പൂർത്തിയായിട്ടുണ്ട്. 59 എലിവേറ്ററുകൾ, 12 എസ്കലേറ്ററുകൾ, 80 ടൺ സ്റ്റീൽ, എനർജി ഇൻസുലേറ്റിങ് ഗ്ലാസ് എന്നിവയും ഈ ടവർ നിർമാണത്തെ വ്യത്യസ്തമാക്കുന്നു.
ജിദ്ദ ടവർ സൗദിയുടെ അഭിമാനമായി മാറും. ലോകത്തിലെ ഏറ്റവും ഉയരമുള്ള അഞ്ച് ടവറുകളിൽ രണ്ടെണ്ണം ഈ രാജ്യത്ത് സ്ഥിതി ചെയ്യുന്നതോടെ സൗദി അറേബ്യ ലോകത്ത് പ്രധാന ടൂറിസ്റ്റ് ആകർഷണ കേന്ദ്രമായി മാറും. റിയൽ എസ്റ്റേറ്റ് വികസനം, കെട്ടിട നിർമാണം, ആർക്കിടെക്ചർ എന്നീ മേഖലകളിൽ സൗദി നേടിയ വളർച്ചയുടെ തെളിവാണ് ഈ പദ്ധതി.
പ്രശസ്ത ആർക്കിടെക്റ്റ് അഡ്രിയാൻ സ്മിത്തിന്റെ നേതൃത്വത്തിൽ നിർമ്മിക്കപ്പെടുന്ന ഈ ടവർ ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടം മാത്രമല്ല, ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്ന കെട്ടിടങ്ങളിൽ ഒന്നാണ്.