ADVERTISEMENT

ഷാർജ∙ പുസ്തകരചനയ്ക്ക് ഏറെ പ്രചോദനമാകുകയാണ് എല്ലാ വർഷവും നവംബറിലെ ആദ്യ ബുധനാഴ്ച ആരംഭിക്കുന്ന ഷാർജ രാജ്യാന്തര പുസ്തകമേള. ജോലി ചെയ്യുന്നവർ ഒഴിവുവേളകളിലും വീട്ടമ്മമാർ വീട്ടുജോലികൾ കഴിഞ്ഞുള്ള സമയങ്ങളിലും രചനയിലേർപ്പെടുന്നു. എത്ര പെട്ടെന്നാണ് പലരും ഒരു പുസ്തകം പൂർത്തീകരിക്കുന്നത്!. ഇവയിൽ പലതും വളരെ മികച്ചതുമാണ്. ചിലർ ഒന്നിലേറെ പുസ്തകങ്ങളുമായി രംഗത്തെത്തുന്നു. അതും മലയാളത്തിലും ഇംഗ്ലിഷിലുമായി. ഇത്തരത്തിൽ ഇരുഭാഷകളിലുമായി പുസ്തകങ്ങളുമായ് നവംബർ ആറ് മുതൽ 17 വരെ ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന പുസ്തകമേളയിലെത്തുകയാണ് പേളി ജോസ്. 'ദെബോര- വേറിട്ട ഒരു ന്യായാധിപ' എന്ന നോവലും 'ആൻ ഒഡിസി ഓൺ സ്ട്രാറ്റജിക് ട്രംപ്' എന്ന പ്രചോദനാത്മക പുസ്തകവും പേളി ജോസ് പരിചയപ്പെടുത്തുന്നു. 

ദെബോര- വേറിട്ട ഒരു ന്യായാധിപ
ബിസി പന്ത്രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നു എന്ന് കരുതപ്പെടുന്ന ഇസ്രയേലിലെ ഒരു വനിതാ ന്യായാധിപയുടെ കഥയാണ് 'ദെബോര- വേറിട്ട ഒരു ന്യായാധിപ' എന്ന ചെറു നോവൽ. ബൈബിളിലെ ന്യായാധിപൻമാർ എന്ന പുസ്തകമാണ് ഇതിന് പ്രചോദനം. ധീരയും വിവേകമതിയും യോദ്ധാവുമായ ദെബോര ജനങ്ങളുടെ ദൈനംദിനപ്രശ്നങ്ങളിലും, സാമൂഹിക, രാജ്യസുരക്ഷിതത്വത്തിന്റെ മേഖലകളിലും, രാജ്യത്തിന് വേണ്ടിയും വ്യക്തികൾക്ക് വേണ്ടിയും ക്രിയാത്മകമായി ഇടപെട്ടിരുന്നു. സ്ത്രീകളെ ഒട്ടും വിലമതിക്കാത്ത ഒരു കാലം എന്ന് ബൈബിൾ വായിക്കുന്ന പലരും കരുതുന്ന പഴയനിയമ കാലഘട്ടത്തിലാണ് ദെബോര എന്ന ധിഷണാശാലിയായ ഉറച്ച തീരുമാനങ്ങളുള്ള ഒരു വനിത  ഈന്തപ്പനയുടെ തണൽ ആസ്ഥാനമാക്കി ഒരു തുറന്നിട്ട കോടതിയായി ജനപ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടുകൊണ്ടിരുന്നത്. ഈ അപൂർവ വ്യക്തിത്വത്തെ കാല്പനികതയുടെ ഭംഗിയും ചേർത്ത് അവതരിപ്പിക്കുകയാണ് ഈ ചെറുനോവലിൽ. ഇതിവൃത്തം ബൈബിളിൽ നിന്നാണെങ്കിലും ധീരയായ ഒരു വനിതയെ അവതരിപ്പിക്കാൻ മൂലഗ്രന്ഥത്തിലില്ലാത്ത ധാരാളം വഴിത്തിരിവുകൾ ഭാവനയിൽ കണ്ട് വരച്ച് ചേർത്തിട്ടുണ്ട്. 

pearly-jose-with-her-two-new-books-at-sharjah-international-book-fair

ചെറുപ്രായം മുതൽ ദബോര എന്ന ഈ അസാമാന്യ നേതൃത്വ പാടവങ്ങളുള്ള വനിത മനസ്സിൽ ഉടക്കിനിന്നിരുന്നു. മനശാസ്ത്രം പറയുന്നത് ഇൻറ്റ്യൂസിവ് (അന്തർജ്ഞാനം) ആയ കഴിവുകൾ പുരുഷനേക്കാൾ സ്ത്രീക്കാണ് എന്നതാണെങ്കിലും ആധുനിക സമൂഹം പോലും ഇതംഗീകരിക്കുന്നതായി തോന്നിയിട്ടില്ല. എന്നാൽ യുക്തിപരമായ തീരുമാനങ്ങൾ പുരുഷനാണ് മുന്നിലെന്ന് മനശാസ്ത്രവും അംഗീകരിക്കുന്നുണ്ട്. സഹസ്രാബ്ദങ്ങൾക്ക് മുന്നേ ജീവിച്ചിരുന്ന ഈ രണ്ടു സവിശേഷ കഴിവുകളും ഒത്തുചേർന്നതായിരുന്നു ദബോര എന്ന വ്യക്തിത്വം. സമൂഹത്തിന്റെ മുൻനിരയിൽ നിന്ന് നീതിയുടേയും ന്യായത്തിന്റേയും വാഴ്ചയ്ക്കായി നിലകൊള്ളുന്ന കാഴ്ച, കാലങ്ങൾക്ക് മുന്നേ സ്ത്രീകൾ അംഗീകരിക്കപ്പെട്ടിരുന്നു എന്നതിന് ദൃഷ്ടാന്തമാണ്. യോദ്ധാവായ ഒരു പുരുഷനെകൊണ്ട് "നീ യുദ്ധത്തിന് എന്നോടൊപ്പം ഉണ്ടെങ്കിൽ ഞാൻ തയാറാകാം" എന്ന് പറയിപ്പിക്കുന്ന തരത്തിലുള്ള ഔന്നത്യം ഈ സ്ത്രീക്ക് ഉണ്ടെന്നത് എടുത്തുപറയേണ്ടിയിരിക്കുന്നു. യുദ്ധതന്ത്രജ്ഞയും ന്യായാധിപയുമൊക്ക ആയിരിക്കുമ്പോഴും പ്രണയവും ആർദ്രതയും ഉള്ള, കുടുംബ ബന്ധങ്ങൾക്ക് വിലകല്പിച്ചിരുന്ന ഒരു സ്ത്രീയായിരുന്നു എന്നതും നോവൽ വരച്ചിടുന്നുണ്ട്. സ്ത്രീകൾക്ക് സൗന്ദര്യത്തേക്കാൾ അലങ്കാരമാകുന്നത് ധിഷണയും ധൈര്യവും ആർദ്രതയും ദീർഘവീക്ഷണവും ഒക്കെ ആണെന്നാണ് 'ദേബോര'യിലൂടെപേളി ജോസ് എന്ന കഥാകാരി പറയാൻ ശ്രമിക്കുന്നത്. 

ഈ നോവലിന് അവതാരിക എഴുതിയിരിക്കുന്നത് പഴയനിയമ പഠനത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുള്ള യൂഹാനോൻ മോർ മിലിതോസ് മെത്രാപ്പൊലീത്തയാണ്.  110 രൂപയാണ് പുസ്തകത്തിന്റെ വില. 

pearly-jose-with-her-two-new-books-at-sharjah-international-book-fair

ആൻ ഒഡിസി ഓൺ സ്ട്രാറ്റജിക് ട്രംപ് 
ഏറെ മത്സരാധിഷ്ഠിതമായ നമ്മുടെ സമൂഹത്തിൽ വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവർക്കും വിദ്യാർഥികൾക്കും സ്വയവളർച്ചക്ക് ഉതകുന്ന വിഷയങ്ങളായ ആത്മവിശ്വാസം വർധിപ്പിക്കാൻ, മൾടിപ്പിൾ ഇന്റലിജൻസ്, നേതാവ് എന്നാൽ എന്താണ്, വിവിധ നേതൃത്വ ശൈലികൾ, നിർമ്മിതബുദ്ധിയും മനുഷ്യബുദ്ധിയും കൂട്ടുകാരോ വൈരികളോ?, മനുഷ്യബന്ധങ്ങളുടെ ഗതിവിഗതികൾ, ക്രിയേറ്റിവിറ്റി തുടങ്ങി പ്രഫഷനലിസം, സംഘടനകളുടെ വളർച്ചയും തളർച്ചയും, മനുഷ്യവിഭവശേഷിയുടെ വികസനത്തിന് വേണ്ട കല്പനകൾ, സന്തോഷം എന്നാൽ എന്താണ്? അത് നേടാനുള്ള വഴികൾ തുടങ്ങി ഇരുപത് വിഷയങ്ങൾ ചേർത്ത് ലളിതമായും എന്നാൽ ഗഹനമായും ഇംഗ്ലിഷിൽ രചിച്ചിട്ടുള്ള 250 പേജുള്ള ഒരു സ്വയം സഹായക പുസ്തകമാണ് 'ആൻ ഒഡിസി ഒൺ സ്ട്രാറ്റജിക് ട്രംപ്.

ഒറ്റയിരുപ്പിൽ വായിച്ചു തീർക്കേണ്ട പുസ്തകമല്ല ഇത്. വീണ്ടും വീണ്ടും മറിച്ചുനോക്കി ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും കൂടെ കൊണ്ടുനടക്കേണ്ട ഒരു വഴികാട്ടി ആയാണ് പുസ്തകം രചിച്ചിട്ടുള്ളതെന്ന് പേളി ജോസ് പറയുന്നു. ഒരോ വ്യക്തികളും തന്റെ നൈസർഗികമായ കഴിവുകളെയും അഭിരുചികളേയും വാസനകളേയും രൂപപ്പെടുത്തി എടുക്കുകയും അവ വളർത്തിയെടുത്ത് തൊഴിൽ മേഖലയിലും വ്യക്തി എന്ന നിലയിലും വളർച്ചയുടെ ഔന്നത്യത്തിലേയ്ക്ക്  എത്താൻ സഹായിക്കുകയും ചെയ്യുക എന്നതാണ് ഈ പുസ്തകം കൊണ്ട് ഉദ്ദേശിക്കുന്നത്.  ഓരോ വ്യക്തികളുടെയും പ്രചോദനങ്ങൾക്ക് പിന്നിലെ മനശ്ശാസ്ത്രവും പലപ്പോഴും തളർത്തപ്പെടുന്ന വിമർശകരുടെ മനശ്ശാസ്ത്രവും, വിമർശനങ്ങളെ നേരിടേണ്ട വിധങ്ങളും പുസ്തകത്തിലൂടെ മനസ്സിലാക്കിക്കൊടുക്കാൻ ശ്രമിക്കുന്നുണ്ട്. 

ഇരുപത്തൊൻപത് വർഷങ്ങൾ ഒരു പരിശീലക എന്ന നിലയിൽ പല സ്ഥാപനങ്ങളിലും ഉദ്യോഗസ്ഥർക്കും വിദ്യാർഥികൾക്കും ക്ലാസുകൾ നയിച്ചിട്ടുള്ള അറിവും പരിചയവും അനുഭവവും ചേർത്താണ് പേളി പുസ്തകരചന നടത്തിയിട്ടുള്ളത്. എന്തുകൊണ്ട് ഒരു ഗൈഡ് ഈ വിഷയത്തിൽ രചിച്ച് സഹായകമായിക്കൂടാ എന്ന സ്വയം ചോദ്യത്തിൽ നിന്നു തന്നെയാണ് പുസ്തകരചനക്കുള്ള പ്രചോദനം ലഭിച്ചത്. പേളിയുടെ ആറാമത്തെ പുസ്തകത്തെ വായനക്കാർക്ക് പരിചയപ്പെടുത്തിയിരിക്കുന്നത് റിട്ടയേർഡ് ഡിജിപി ഡോ. അലക്സാണ്ടർ ജേക്കബ് ആണ്. മുന്നൂറ്റി എഴുപത്തഞ്ച് രൂപയാണ് പുസ്തകത്തിന്റെ വില. ഏതൊരു എഴുത്തുകാരന്റെയും പ്രചോദനവും ശക്തിയും വായനക്കാർ തന്നെയാണല്ലോ. ഷാർജ പുസ്തകമേള ഹാൾ നമ്പർ ഏഴിലെ ലിറ്ററേചർ ഫോറത്തിൽ നവംബർ 14ന് വൈകിട്ട് 3 നാണ് രണ്ട് പുസ്തകങ്ങളുടെയും പ്രകാശനം നടക്കുക.

English Summary:

Pearly Jose with her two new books at Sharjah International Book Fair.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com