'സ്പൈസു'മായി വിദേശത്ത് നിന്ന് യുഎഇയിലേക്ക്; നോട്ട്ബുക്കിലെ ലഹരികടത്ത് പിടികൂടി ഷാർജ പൊലീസ്
Mail This Article
ഷാർജ∙ വിദേശ രാജ്യത്തുനിന്ന് എത്തിയ പൊതിയിൽ ലഹരിമരുന്ന് കണ്ടെത്തിയതിനെ തുടർന്ന് ഷാർജ പൊലീസ് നടത്തിയ അന്വേഷണത്തെിൽ ആറംഗ സംഘത്തെ പിടികൂടി. വൻ ലഹരിമരുന്ന് മാഫിയയുടെ ഭാഗമായ ഏഷ്യൻ വംശജരായ ആറ് പേരാണ് അറസ്റ്റിലായത്.
ഇവർ ഒരു ഷിപ്പിങ് കമ്പനി വഴി പാക്കേജ് കയറ്റി അയക്കുകയായിരുന്നു. 'സ്‌പൈസ്' എന്നറിയപ്പെടുന്ന 4 കിലോഗ്രാം ലഹരിമരുന്ന് ചേർത്ത എ4 സൈസ് പേപ്പറാണ് അതോറിറ്റി കണ്ടെത്തിയത്. പൊതിയിൽ കവറുകളും വരയ്ക്കാനോ എഴുതാനോ ഉള്ള എ4 പേപ്പറുകളും നോട്ട്ബുക്കുകളും അടങ്ങിയിരുന്നു. കടലാസ് പരിശോധിച്ചപ്പോൾ അതിൽ ലഹരിമരുന്ന് കലർന്നതായി അതോറിറ്റി കണ്ടെത്തി. ഇതിനൊപ്പം വിൽപന നടത്താനായി സൂക്ഷിച്ചിരുന്ന കഞ്ചാവും പൊലീസ് പിടിച്ചെടുത്തു.
തുടർന്ന് പ്രതികളെ കണ്ടെത്തുന്നതിനും അവരെ തിരിച്ചറിയുന്നതിനും ഒരു പ്രത്യേക സംഘം രൂപീകരിച്ചു. ഒരാൾക്ക് വേണ്ടിയുള്ള അന്വേഷണം തുടങ്ങി കുറ്റകൃത്യത്തിൽ ഉൾപ്പെട്ട അഞ്ച് പേരെ കൂടി കണ്ടെത്താൻ സാധിച്ചു. ഇവരുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ സംശയാസ്പദമായ ഒരു മുറിയിൽ നിന്ന് വ്യത്യസ്ത അളവിലുള്ള കഞ്ചാവും ഒളിപ്പിച്ച ലഹരിമരുന്ന് 'സ്പൈസും' കണ്ടെത്തി. പൊലീസിൽ നിന്ന് ലഹരിമരുന്ന് മറയ്ക്കാൻ കുറ്റവാളികൾ ചില വിദ്യകൾ ഉപയോഗിച്ചിരുന്നെങ്കിലും അധികൃതർ അതെല്ലാം കണ്ടെത്തുകയായിരുന്നു.
'സ്‌പൈസ്' എന്ന പേരിൽ നിർമിക്കുന്ന ലഹരി മരുന്ന്, "ഒപിയോയിഡുകൾ, ഹെറോയിൻ തുടങ്ങിയ മറ്റ് ലഹരിമരുന്നുകളെ അപേക്ഷിച്ച് ഏറ്റവും അപകടകരമായ പദാർത്ഥങ്ങളിലൊന്നാണ് എന്ന് അധികൃതർ പറഞ്ഞു. എല്ലാ പ്രതികളെയും നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫിസിലേക്ക് മാറ്റി.
∙യുവാക്കളെ ആകർഷിക്കാൻ നൂതന ലഹരിമരുന്ന്
യുവാക്കളെ ആകർഷിച്ച് നൂതനമായ രീതിയിൽ ലഹരിമരുന്ന് അവതരിപ്പിക്കാൻ ക്രിമിനൽ ശൈലി വികസിച്ചതായി കേണൽ മജീദ് അൽ അസം പറഞ്ഞു. തുറമുഖങ്ങളിൽ നിന്ന് ഈ ലഹരിമരുന്ന് പിടികൂടുന്നതിനുള്ള മാർഗങ്ങൾ അധികൃതർ പരിശോധിച്ചുവരികയാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിപ്പിക്കുകയോ മറഞ്ഞിരിക്കുന്ന വഴികളിലൂടെ കടത്തുകയോ ചെയ്യുന്നതുൾപ്പെടെ ഈ ലഹരിമരുന്ന് വിൽക്കാൻ കുറ്റവാളികൾ ഒന്നിലധികം മാർഗങ്ങൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. 8004654 എന്ന നമ്പരിൽ വിളിച്ചോ dea@shjpolice.gov ae എന്ന വിലാസത്തിലേക്ക് ഇ മെയിൽ അയച്ചോ ഡീലർമാർ, പ്രൊമോട്ടർമാർ എന്നിവരെക്കുറിച്ചോ, അല്ലെങ്കിൽ ലഹരിമരുന്നുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രവർത്തനങ്ങളോ റിപ്പോർട്ട് ചെയ്യാൻ പൊതുജനങ്ങളോട് അധികൃതർ അഭ്യർഥിച്ചു.